സ്വന്തം ലേഖകൻ
കടുത്ത വർഗീയപ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ളയ‌്ക്കെതിരെ പൊലീസ‌് ജാമ്യമില്ലാവകുപ്പ‌് പ്രകാരം കേസെടുത്തു. മതസ‌്പർധ വളർത്തുക, വർഗീയചേരിതിരിവുണ്ടാക്കുക, ഭാഷ, ജാതി എന്നിവയിലൂടെ കലാപം സൃഷ്ടിക്കുക, രാജ്യത്തിന്റെ അഖണ്ഡത തകർക്കുക എന്നീ കുറ്റങ്ങൾക്കാണ‌് ഐപിസി 153, 153 എ , 153 ബി എന്നീ വകുപ്പുപ്രകാരം കേസെടുത്തിരിക്കുന്നത‌്. എൽഡിഎഫ‌് ആറ്റിങ്ങൽ പാർലമെന്റ‌് മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി വി ശിവൻകുട്ടിയുടെ പരാതിയിലാണ‌് ആറ്റിങ്ങൽ പൊലീസ‌് കേസെടുത്തത‌്. തെരഞ്ഞെടുപ്പ‌് കമീഷനും ശ്രീധരൻപിള്ളയ‌്ക്കെതിരെ കേസെടുത്തിട്ടുണ്ട‌്.
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പ്രകാശനം ചെയ‌്ത‌് ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ ശ്രീധരൻപിള്ള നടത്തിയ പ്രസംഗമാണ‌് വിവാദമായത‌്. കടുത്ത വർഗീയവും മുസ്ലിംസമുദായത്തെ അപമാനിക്കുന്നതുമായിരുന്നു പ്രസംഗം.
‘പാകിസ്ഥാനിലെ ബാലാകോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യെച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻ പറ്റൂ.’ ഇതായിരുന്നു പ്രസംഗത്തിലെ പ്രധാനഭാഗം. ഇതിനെതിരെ തെരഞ്ഞെടുപ്പ‌് കമീഷനും ജില്ലാ പൊലീസ‌് മേധാവിക്കും ശിവൻകുട്ടി പരാതി നൽകുകയായിരുന്നു. നടപടി വൈകിയതോടെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷനും ശിവൻകുട്ടി പരാതി നൽകി.
പീപ്പിൾ റസ‌്പോൺസിബിലിറ്റീസ‌് ആക്ട‌് അനുസരിച്ചാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ കേസ് എടുത്തത‌്. ആറ്റിങ്ങൽ പൊലീസ‌് കേസ് സംബന്ധിച്ച വിവരം 22ന‌് ഹൈക്കോടതിയെ അറിയിക്കും.
from Kerala || Deshabhimani Online News http://bit.ly/2Gw2P8B
via IFTTT
No comments:
Post a Comment