ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ വോട്ട് കച്ചവടം കൂടുതൽ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആർഎസ്എസ് കച്ചമുറുക്കുന്നു. ബിജെപി മത്സരിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, തൃശൂർ മണ്ഡലങ്ങളിൽ മാത്രമാണ് ആർഎസ്എസ് സ്വന്തം സ്ഥാനാർഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളത്.
ബിഡിജെഎസ് മത്സരിക്കുന്ന വയനാട് ഒഴികെയുള്ള മണ്ഡലങ്ങളിൽ ആർഎസ്എസ്‐ ബിജെപി നേതാക്കളുടെ സാന്നിധ്യം പോലുമില്ല. അതിനിടെ കൊല്ലത്ത് വോട്ട് മറിക്കാൻ ശ്രമം നടക്കുന്നുവെന്ന വിവരം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രശാന്ത് പരസ്യമാക്കി. ഇതേത്തുടർന്ന് സംസ്ഥാന നേതൃത്വം അടിയന്തരയോഗം വിളിച്ചിരിക്കുകയാണ്.
കണ്ണൂർ, വടകര, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിൽ വോട്ട് കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രചാരണത്തിെന്റ തുടക്കത്തിൽ തന്നെ ആരോപണം ഉണ്ടായിരുന്നു. കണ്ണൂർ മണ്ഡലത്തിലെ ധാരണ ശബരിമല കർമസമിതി നേതാവ് സ്വാമി ചിദാനന്ദപുരി തന്നെ കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർഥികൾക്കു പുറമെ കണ്ണൂരിൽ കെ സുധാകരന് വോട്ട് നൽകണമെന്നാണ് ചിദാനന്ദപുരി ചാനലിൽ പരസ്യമായി പറഞ്ഞത്.
ബിജെപി പ്രവർത്തനരംഗത്ത് ഇല്ലാത്തതിനെക്കുറിച്ച് ആലത്തൂർ, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാർഥികൾ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ആർഎസ്എസ്‐ ബിജെപി പ്രവർത്തകർ ഗ്രൂപ്പു തിരിഞ്ഞ് സ്വന്തം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലേക്ക് പോയിരിക്കുകയാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രവർത്തകരിലേറെയും മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. വി മുരളീധരനെ അനുകൂലിക്കുന്നവർ പാലക്കാട്ടും പത്തനംതിട്ടയിലും ചേക്കേറി.
മുരളീധര ഗ്രൂപ്പുകാരാണ് ഈ രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥികൾ. ആർഎസ്എസിന്റെ നോമിനി മത്സരിക്കുന്ന തിരുവനന്തപുരത്താണ് ആർഎസ്എസിന്റെ പ്രമുഖ പ്രവർത്തകരെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. തങ്ങളോടൊപ്പം കൂടുതൽ ജനങ്ങളുണ്ടെന്നു കാണിക്കാനുള്ള കുതന്ത്രവും ഇതിനു പിന്നിലുണ്ട്. മറ്റു മണ്ഡലങ്ങളിലെ പ്രവർത്തനം മന്ദീഭവിപ്പിച്ച് യുഡിഎഫിനെ സഹായിക്കുക എന്ന ആർഎസ്എസ് തന്ത്രത്തിന്റെയും ഭാഗമാണ് ചില മണ്ഡലങ്ങളിലെ പ്രവർത്തകരുടെ കേന്ദ്രീകരണം.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് മത്സരിക്കുന്ന കണ്ണൂരിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന ചിദാനന്ദപുരിയുടെ പരസ്യപ്രസ്താവന ബിജെപി നേതൃത്വത്തെ വെട്ടിലാക്കി. അതുപോലെ ബിഡിജെഎസ് നേതാക്കളുടെ പരാതിയും സംഘപരിവാർ– യുഡിഎഫ് ഒത്തുകളി വെളിവാക്കുന്നതാണ്. ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാർഥിക്കു തന്നെ ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ട് ഇത്തവണ ലഭിക്കുമോ എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തോട് ബിജെപി നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
from Kerala || Deshabhimani Online News http://bit.ly/2IH4b1N
via IFTTT
No comments:
Post a Comment