തിരുവനന്തപുരം> പരസ്യപ്രചാരണം ഞായറാഴ‌്ച സമാപിക്കാനിരിക്കെ തെരഞ്ഞെടുപ്പുരംഗം കത്തിക്കാളുകയാണ‌്. കേരളത്തിൽ ദൈവനാമം ഉച്ചരിച്ചാൽ കേസെടുക്കുകയാണെന്ന‌് ആരോപിച്ച പ്രധാനമന്ത്രി മോഡിക്കെതിരെ കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തിയതും രംഗം കൊഴുപ്പിച്ചു.
ഒരാളുടെ പേരിൽ കേസെടുത്തതായി തെളിയിക്കാൻ തയ്യാറുണ്ടോയെന്നാണ‌് മുഖ്യമന്ത്രി വെല്ലുവിളിച്ചത‌്. ദേശീയ രാഷ്ട്രീയ പ്രശ‌്നങ്ങളും ശബരിമലയുടെ പേരിലുള്ള വാദപ്രതിവാദവും അവസാന മണിക്കൂറുകളിൽ വല്ലാത്ത ചൂട‌് പകർന്നു. ശബരിമല പ്രധാനമായും പ്രചാരണായുധമാക്കിയത‌് ബിജെപിയാണെങ്കിലും സർക്കാരിനെതിരെ കുത്തുവാക്കുകളുമായി യുഡിഎഫും നേട്ടംകൊയ്യാൻ ഒളികണ്ണിടുന്നു.
ഇതിനിടെയാണ‌് അസത്യപ്രസ‌്താവനയുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയത‌്. മോഡി കേരളത്തെക്കുറിച്ച‌് അസത്യവും വസ‌്തുതാവിരുദ്ധവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന‌് മുഖ്യമന്ത്രി തിരിച്ചടിനൽകി. കള്ളം പറഞ്ഞ‌് പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും പറഞ്ഞു.
അടിക്കടി ആഘാതം, കോൺഗ്രസ‌് പ്രതിരോധത്തിൽ
ദേശീയ വക്താവ‌് പ്രിയങ്ക ചതുർവേദി കോൺഗ്രസ‌് വിട്ട‌് ശിവസേനയിൽ ചേർന്നതും മുൻ അംബാസഡർ ടി പി ശ്രീനിവാസൻ ബിജെപി വേദിയിലെത്തിയതും കോൺഗ്രസിന‌് വൻ ആഘാതമായി. ഇതുവരെ കോൺഗ്രസിനുവേണ്ടി വാദം ഉയർത്തിയ അദ്ദേഹം കഴിഞ്ഞദിവസം പ്രധാനമന്ത്രി പങ്കെടുത്ത വേദിയിൽ പ്രത്യക്ഷപ്പെട്ടായിരുന്നു മോഡിസ‌്തുതി നടത്തിയത‌്.
ടി പി ശ്രീനിവാസനുമായി അഞ്ചുവർഷമായി ബന്ധമില്ലെന്ന ശശി തരൂരിന്റെ പ്രതികരണം സ്വാഭാവികമെന്ന‌് കരുതാനേ നിർവാഹമുള്ളൂ. കോഴിക്കോട്ടെ സ്ഥാനാർഥി എം കെ രാഘവനെതിരായ കോഴവിവാദത്തിൽ കേസെടുക്കണമെന്ന ശുപാർശ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി. ഒളിക്യാമറ ദൃശ്യങ്ങൾ ശരിവച്ചുകൊണ്ടുള്ള കണ്ടെത്തലാണ‌് പൊലീസ‌് റിപ്പോർട്ടിലുള്ളത‌്. ദൃശ്യങ്ങളും മറ്റും എഡിറ്റ‌് ചെയ‌്ത‌് കയറ്റിയെന്ന രാഘവന്റെ ആരോപണവും തള്ളി. കൊല്ലത്തെ ബിജെപിയുടെ
വോട്ടുമറിക്കൽ യുഡിഎഫിനെയും പ്രതിരോധത്തിലാക്കി.
വോട്ടുമറിക്കൽ ഒടിവിദ്യയാക്കി ബിജെപി
തങ്ങളുടെ വോട്ട‌് തങ്ങളുടെ സ്ഥാനാർഥിക്കുതന്നെ കിട്ടണമെന്ന ആവശ്യമാണ‌് അവിടെ ബിജെപിയെ പുകയ‌്ക്കുന്നത‌്. ദുർബലനായ സ്ഥാനാർഥിയെ രംഗത്തിറക്കി വോട്ട‌് മറിക്കാനുള്ള യുഡിഎഫ‌്–-ബിജെപി നീക്കമാണ‌് കുരുക്കിലായിരിക്കുന്നത‌്. എന്നാൽ, എൻഡിഎ വോട്ട‌് തനിക്ക‌് വീഴുന്നതിനെ ന്യായീകരിക്കുകയാണ‌് എൻ കെ പ്രേമചന്ദ്രൻ.
from Kerala || Deshabhimani Online News http://bit.ly/2ZkFGgB
via IFTTT
No comments:
Post a Comment