കൊച്ചി
തെരഞ്ഞെടുപ്പിനിടയിലും സ്വകാര്യവൽക്കരണ നടപടികൾ ത്വരിതപ്പെടുത്തി റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ‌് ആൻഡ‌് ടൂറിസം കോർപറേഷൻ (ഐആർസിടിസി) രാജ്യത്തെ റെയിൽവേ സ‌്റ്റേഷനുകളിൽ നടത്തുന്ന ഭക്ഷണശാലകൾ ഇന്ത്യൻ റെയിൽവേ സ‌്റ്റേഷൻസ‌് ഡവലപ‌്മെന്റ‌് കോർപറേഷന‌് (ഐആർഎസ‌്ഡിസി) കൈമാറാനുള്ള നടപടി ഏറക്കുറെ പൂർത്തിയായി. സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ‌് നടപടി.
സ‌്റ്റേഷനുകൾ അന്താരാഷ‌്ട്ര നിലവാരത്തിൽ വികസിപ്പിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ‌് ഐആർഎസ‌്ഡിസി. റെയിൽവേയുടെയും വ്യവസായികളുടെയും പ്രതിനിധികൾ ചേർന്ന സംഘമാണ‌് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത‌്. തദ്ദേശ സ്ഥാപനങ്ങളുടെയോ മറ്റ‌് പ്രാദേശിക അധികൃതരുടെയോ അനുമതി സ‌്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങൾ നടത്താൻ ഐആർഎസ‌്ഡിസിക്ക‌് ആവശ്യമില്ല. അന്താരാഷ‌്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ‌് ഉൾപ്പെടെ സ‌്റ്റേഷനുകളോടു ചേർന്ന‌് നിർമിക്കാനാണ‌് പദ്ധതി. രാജ്യത്താകെ 400 സ‌്റ്റേഷനുകൾ സ്വകാര്യവൽക്കരിക്കാനാണ‌് പദ്ധതി തയ്യാറാക്കിയത‌്.
കേരളത്തിൽ കോഴിക്കോട‌്, എറണാകുളം ജങ‌്ഷൻ, തിരുവനന്തപുരം സ‌്റ്റേഷനുകൾ ഇതിലുൾപ്പെടും. കോഴിക്കോട്ടും എറണാകുളത്തും സ‌്റ്റേഷനുകളിൽ പരിശോധന നടന്നു. എറണാകുളത്ത‌് 70 ഏക്കറിലേറെ സ്ഥലം വേണം. എറണാകുളം ജങ‌്ഷൻ സ‌്റ്റേഷൻ മുതൽ മാർഷലിങ് യാർഡ‌് വരെ ഇവർ നടന്ന‌് സ്ഥലം പരിശോധിക്കുകയും ചെയ‌്തു. സ്വകാര്യവൽക്കരണത്തിനെതിരെ റെയിൽവേ ജീവനക്കാരുടെ സംഘടനയായ ഡിആർഇയു, എഐഎൽആർഎസ‌്എ, എഐഎസ‌്എംഎ തുടങ്ങിയവയും പൊതുജനങ്ങളും വൻപ്രതിഷേധമാണ‌് ഉയർത്തിയത‌്.
റെയിൽവേയുടെ കൈവശമുള്ള ഭൂമി കോർപറേറ്റുകൾക്ക‌് കൈമാറാനാണ‌് ഐആർഎസ‌്ഡിസി രൂപീകരിച്ചതെന്ന‌് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. റെയിൽവേയുടെ വസ‌്തുവകകളുടെ വിവരം ശേഖരിക്കാനുള്ള അനുമതിയും ഐആർഎസ‌്ഡിസിക്ക‌് നൽകിയിട്ടുണ്ട‌്.
ഭക്ഷണശാലകൾ കൈമാറിയതോടെ പുതിയ പ്രശ‌്നവും ഉയർന്നിട്ടുണ്ട‌്. നേരത്തേ, റെയിൽവേയുടെ ഭക്ഷണശാലകളിൽ അതത‌് പ്രദേശങ്ങളിലെ വിഭവങ്ങൾ ലഭിക്കുമായിരുന്നു. ഇപ്പോൾ പലേടത്തും ഉത്തരേന്ത്യൻ വിഭവങ്ങൾ മാത്രമാണ‌് നൽകുന്നത‌്. ഇതിന്റെ പേരിൽ റെയിൽവേ ജീവനക്കാരും ഭക്ഷണശാലാ നടത്തിപ്പുകാരുമായി തർക്കമുണ്ടാകുന്നതും പതിവാണ‌്.
from Kerala || Deshabhimani Online News http://bit.ly/2YPoz6p
via IFTTT
No comments:
Post a Comment