പരസ‌്പരം പൊരുതി; തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ: ഐസക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 10, 2019

പരസ‌്പരം പൊരുതി; തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റോടെ: ഐസക്‌


മാണി സാറിനെക്കുറിച്ചോർക്കുമ്പോൾ എന്റെ ആദ്യ ബജറ്റിന്റെ മറുപടിയാണ് മനസിലെത്തുന്നത്. അവതരണവും ചർച്ചയും മറുപടിയുമൊക്കെ ഗംഭീരമായ സന്തോഷത്തിൽ ഞാനങ്ങനെ നിൽക്കുമ്പോഴാണ് മാണി സാറിന്റെ ഒരു കുസൃതിച്ചോദ്യം പാഞ്ഞുവന്നത്.

"ഡോക്ടറേ, ടൈ എത്രയാണ്?".

ഒരഞ്ചു മിനിട്ടു പരുങ്ങിപ്പോയി എന്നതാണ് സത്യം. മറുപടി പ്രസംഗത്തിൽ  ഒത്തിരി അധികച്ചെലവെല്ലാം പ്രഖ്യാപിച്ചു. അതിന്റെ ഫലമായി വരവിലും ചെലവിലും വരുന്ന മാറ്റങ്ങൾ കണക്കുകൂട്ടിയെടുത്ത് പെട്ടെന്ന് പറയാൻ കഴിഞ്ഞില്ല. ഒടുവിൽ മാണി സാറു തന്നെ രക്ഷാമാർഗവും നിർദ്ദേശിച്ചു.  "പിന്നെ പറഞ്ഞാൽ മതി". യഥാർത്ഥത്തിൽ അത്രയേ പറയേണ്ടിയിരുന്നുള്ളൂ. 

നിയമസഭയിൽ അദ്ദേഹവുമായി ധാരാളം തർക്കങ്ങളും വാഗ്വാദങ്ങളും നടത്തിയിട്ടുണ്ട്. പരസ്പരം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. രണ്ടു കാഴ്ചപ്പാടുകളുടെയും നയങ്ങളുടെയും നിലപാടുകളുടെയും ഭാഗമാണ് അത് എന്ന് അദ്ദേഹം എപ്പോഴും മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങളെ തുറന്ന മനസോടെ കാണാൻ മടി ഉണ്ടായിട്ടില്ല.  ഞാൻ അവതരിപ്പിച്ച എല്ലാ ബജറ്റുകളെക്കുറിച്ചുമുള്ള ചർച്ചയിലും മാണി സാറിന്റെ പ്രസംഗം ഉണ്ടായിരുന്നു. പ്രസംഗത്തിന്റെ പോയിന്റുകളെല്ലാം സ്വന്തം കൈപ്പടയിൽ കുറിച്ചുകൊണ്ടാവും അദ്ദേഹം വരിക. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞാൽ ഞാൻ അദ്ദേഹത്തിന്റെ സീറ്റിലെത്തും. ആ കുറിപ്പുകൾ ആവശ്യപ്പെടാനാണ് ചെല്ലുക. മറുപടി പ്രസംഗം അതനുസരിച്ചാണ് തയ്യാറാക്കുന്നത്. ഇപ്പോഴത്തെ മറുപടി പ്രസംഗത്തിലും മാണിസാറിന്റെ ചോദ്യങ്ങളോട് പ്രത്യേകമായിത്തന്നെ പ്രതികരിച്ചിരുന്നു. കുറിപ്പുകൾ കൈമാറാൻ ഒരു വൈമനസ്യവും അദ്ദേഹം കാണിച്ചിട്ടില്ല. ഇതെല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിലാണ്  കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ ഏറ്റവും നിശിതമായ വിമർശകനും ഞാനായിരുന്നു. അദ്ദേഹം അതേ നാണയത്തിൽ മറുപടി പറയുമ്പോഴും വ്യക്തിപരമായ അകൽച്ചയോ കാലുഷ്യമോ ഉണ്ടായിട്ടില്ല എന്നും ഓർമ്മിക്കുന്നു.

ഇടതുപക്ഷവുമായി ഒരിക്കൽ അദ്ദേഹം സഹകരിച്ചിരുന്നു. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്നു. ആ ഇടവേള ഒഴിച്ചാൽ മുഴുവൻ സമയവും വലതുപക്ഷത്തായിരുന്നു.  വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖ്യ ധനകാര്യമാനേജ്മെന്റ് അദ്ദേഹമായിരുന്നു എന്നുതന്നെ പറയാം. വലതുപക്ഷത്തുറച്ചു നിൽക്കുമ്പോഴും കൃഷിക്കാരോട് അദ്ദേഹം പ്രകടിപ്പിച്ച പ്രതിബദ്ധതയെ ആർക്കും ചോദ്യം ചെയ്യാനാവില്ല. ഇക്കാര്യത്തിൽ യുഡിഎഫിൽ നിൽക്കുമ്പോഴും കോൺഗ്രസിന്റെ നിലപാടുകളെ തുറന്നെതിർക്കാൻ അദ്ദേഹം തയ്യാറായിട്ടുണ്ട്. ആസിയാൻ കരാറിന്റെ കാര്യത്തിൽ ഇതു വെളിപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഉറച്ച നിലപാടിനെയും മുന്നറിയിപ്പുകളെയും വിലവെയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല.  അതിന്റെ ദുര്യോഗം ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റബ്ബറിന്റെ വിലത്തകർച്ച ഉദാഹരണം. റബ്ബറിന് തറവില പ്രഖ്യാപിച്ചപ്പോൾ ആ ഭാരത്തിൽ ഒരു പങ്ക് കേന്ദ്രസർക്കാരും വഹിക്കും എന്നാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേരളത്തോടുള്ള കേന്ദ്ര അവഗണന ഇക്കാര്യത്തിലും തുടർന്നു. 

കെ എം മാണിയെന്ന അതികായന്റെ വിയോഗം  യുഡിഎഫ് രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. വലതുരാഷ്ട്രീയത്തിന്റെ എല്ലാ അടവുകളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ ആ അടവുകളെടുത്ത് അദ്ദേഹം പൊരുതുന്നത് കേരളം കൗതുകത്തോടെ കണ്ടുനിന്നിട്ടുണ്ട്. ആത്മവിശ്വാസവും തന്ത്രജ്ഞതയും കുശാഗ്രബുദ്ധിയും കൊണ്ട് സ്വന്തമായൊരു സാമ്രാജ്യം തന്നെ അദ്ദേഹം സൃഷ്ടിച്ചു. അമ്പതുവർഷം തുടർച്ചയായി ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധിയാവുക  എന്നത് ചെറിയകാര്യമല്ല. പാലായോടുള്ള അദ്ദേഹത്തിന്റെ വൈകാരികബന്ധവും പ്രസിദ്ധമാണ്. ഒടുങ്ങാത്ത വിസ്മയത്തോടെ ഭാവി തലമുറ മറിച്ചു നോക്കുന്ന ജീവചരിത്രം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. ആദരാഞ്ജലികൾ.



from Kerala || Deshabhimani ​Online ​News http://bit.ly/2KloFQ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages