എടുത്തെറിയുമ്പോൾ ആ കുഞ്ഞ്‌ പാതിമയക്കത്തിലായിരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

എടുത്തെറിയുമ്പോൾ ആ കുഞ്ഞ്‌ പാതിമയക്കത്തിലായിരുന്നു

എടുത്തെറിയുമ്പോൾ പാതിമയക്കത്തിലായിരുന്നു ആ കുഞ്ഞ‌്. അലമാരയിൽ തലയടിച്ച് ചോരയൊലിപ്പിച്ച് പാതിജീവനിൽ നിലത്തുകിടന്ന പിഞ്ചുബാലനെ അരുൺ ആനന്ദെന്ന ക്രൂരൻ വീണ്ടുംചവിട്ടിമെതിച്ചു. വേദനയിൽ പുളഞ്ഞ ഏഴുവയസ്സുകാരനെ ആശുപത്രിയിൽപോലും എത്തിക്കാൻ തോന്നാത്ത ക്രൂരമനസ്സ‌്. ഒടുവിൽ കരഞ്ഞുകാലുപിടിച്ച യുവതിയുടെ നിർബന്ധത്തിന് വഴങ്ങി ആശുപത്രിയിലേക്ക‌്. അത്യാഹിത വിഭാഗത്തിൽ ജീവനുവേണ്ടി കുരുന്നുപിടയുമ്പോഴും അവിടേക്ക‌് തിരിഞ്ഞുനോക്കാതെ നിസംഗഭാവത്തോടെയുള്ള നിൽപ‌്. അറസ്റ്റ് ചെയ്തശേഷവും കോടതിയിൽ ഹാജരാക്കുമ്പോഴും കുറ്റബോധമില്ലാത്ത മുഖം.

‘അച്ഛ’യെന്ന് വിളിച്ചിട്ടും...
മാർച്ച് 28 ന് പുലർച്ചെ 3.30 ഓടെയാണ് തൊടുപുഴയിൽനിന്നും അഞ്ചുകിലോമീറ്റർ അകലെ കുമാരമംഗലത്ത് ക്രൂരത അരങ്ങേറിയത്. ഓർമവയ‌്ക്കും മുമ്പേ അച്ഛനെ നഷ്ടമായ കുരുന്നുകൾ. 2018 മെയ് 23നായിരുന്നു അച്ഛന്റെ മരണം. ആറുമാസത്തിനു ശേഷം അമ്മയോടാപ്പം പുതിയ ഒരാളെത്തി. അരുൺ ആനന്ദ്. അയാൾ ആരെന്ന് അറിയില്ലെങ്കിലും അവർ ‘അച്ഛ’യെന്ന് വിളിച്ചു ശീലിച്ചു. പതുക്കെ അയാളുടെ യഥാർഥമുഖം അവർ അറിഞ്ഞു. എന്തിനുമേതിനും കണക്കില്ലാതെ ക്രൂരമർദനം.

യുവതിയും കാര്യങ്ങൾ തിരിച്ചറിയാൻ വൈകി. അവർക്ക് ദുരവസ്ഥ പുറംലോകത്തെ അറിയിക്കാൻ കഴിഞ്ഞില്ല. മക്കളോടൊപ്പം അവരും അരുൺ ആനന്ദിന്റെ ക്രൂരതയുടെ ഇരയായി. നടുറോഡിൽപോലും യുവതിയെ മർദിക്കുന്നതിനും ചിലർ സാക്ഷിയായി. കുട്ടികൾക്ക് ‘ശിക്ഷ’ നൽകുമ്പോൾ ആദ്യമൊക്കെ തക്കതായ കാരണം പറഞ്ഞ് യുവതിയെ ‘ബോധവൽക്കരിച്ച’ അരുൺ പിന്നീട് കൊടും പീഡനങ്ങളിലേക്ക‌് കടന്നു. ഇതോടെയാണ് യുവതിയുടെ ഇടപെടലുണ്ടായത്.
എന്നാൽ, അരുൺ യുവതിയെയും മർദിച്ചു. കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ക്രൂരതയ്ക്ക്‌  മുന്നിൽ എന്നും തനിച്ച‌്
കുട്ടികളെ കുമാരമംഗലത്തെ വാടകവീട്ടിൽ തനിച്ചാക്കി യുവതിയുമായി കാറിൽ രാത്രിയിലുള്ള കറക്കം പതിവായി. സംഭവദിവസവും പുലർച്ചെ ഒന്നരയോടെ  യുവതിയെയും കൂട്ടി തൊടുപുഴ നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോയി. പുലർച്ചെ മൂന്നരയോടെ വീട്ടിൽ മടങ്ങിയെത്തി. നാലുവയസ്സുകാരൻ ഉറക്കത്തിൽ സോഫയിൽ മൂത്രമൊഴിച്ചത് കണ്ട അരുൺ പ്രകോപിതനായി. ഈ കോപമത്രയും തീർത്തത് ഏഴുവയസ്സുകാരനിലാണ്. ഒന്നുമറിയാതെ കട്ടിലിൽ ഉറങ്ങുകയായിരുന്ന അവനെ കാലുയർത്തി ശക്തിയായി തൊഴിച്ചു. തെറിച്ച് ഭിത്തിയിലിടിച്ച് വീണു. അവിടെനിന്നും എഴുന്നേൽക്കാൻ ശ്രമിച്ച കുഞ്ഞിനെ വീണ്ടും ഭീകരമായി മർദിച്ചു.

ഇരുകൈകളിലും കൂട്ടിപ്പിടിച്ച് ഭിത്തിയുടെ മൂലയിലേക്ക‌് വലിച്ചെറിഞ്ഞു. ഷെൽഫിന്റെ മൂലയിലും ഭിത്തിയിലുമിടിച്ചാണ് നിലത്തുവീണത്. ഈ ഘട്ടത്തിലാണ് കുഞ്ഞിന്റെ തലയോട്ടിക്ക‌് ഗുരുതരമായ ക്ഷതമേറ്റത്. എന്നിട്ടും കലി തീർന്നില്ല. വീണുകിടന്ന കുട്ടിയെ ഭിത്തിയിൽ തലചേർത്ത് ഇടിച്ചു. അതിക്രമം തടയാൻ ശ്രമിച്ച യുവതിയെയും വെറുതെവിട്ടില്ല. ഇതിനകം കുഞ്ഞിന്റെ ബോധം നഷ്ടമായിരുന്നു. യുവതി കരഞ്ഞുപറഞ്ഞ് വാശിപിടിച്ചതോടെയാണ് കാറിൽ കുഞ്ഞിനെയുമായി തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെത്തിച്ചത്. മുറിയിൽ വീണ രക്തം കഴുകി വൃത്തിയാക്കിയശേഷമാണ് ഇവർ കുട്ടിയുമായി പോയത്. ഈസമയം നാലുവയസുകാരൻ വീട്ടിൽ തനിച്ചായിരുന്നു.

കുട്ടിയുടെ പരിക്ക് സംബന്ധിച്ച് അരുണും യുവതിയും വ്യത്യസ്തമായി പറഞ്ഞതോടെയാണ് ആശുപത്രി അധികൃതർക്ക് സംശയം മണത്തത്. അവർ പൊലീസിൽ അറിയിച്ചു. കട്ടിലിൽനിന്നും വീണ് പരുക്കേറ്റതാണെന്ന് പൊലീസിനോടും  ആവർത്തിച്ചു.

നില ഗുരുതരമായതോടെ പൊലീസ് സഹായത്തോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക‌്  മാറ്റി. തുടരന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ കഥ പുറത്തുവന്നത്.

22ൽ അധികം മുറിവ‌്; തലയോട്ടി പൊട്ടി
തലയോട്ടിയിൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ‌് മരണകാരണമെന്ന‌് കുട്ടിയെ ചികിത്സിച്ച കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം തലവൻ ഡോ. ജി ശ്രീകുമാർ പറഞ്ഞു. ഇവിടെ എത്തിയതു മുതൽ ഒരു നിമിഷംപോലും പാഴാക്കാതെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക‌്ടർമാർ കഠിനശ്രമം നടത്തിയതായും അദ്ദേഹം പറഞ്ഞു.

തലയോട്ടിയുടെ വലതുഭാഗത്ത‌് ആഴത്തിലുള്ള മുറിവ‌് ഉണ്ടായിരുന്നു. 10 സെന്റീമീറ്ററിൽ അധികം നീ‌ളത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തേക്ക‌് വന്നിരുന്നു. തലച്ചോറിന്റെ ഇടതുഭാഗത്ത‌് രക്തം കട്ടപിടിച്ച അവസ്ഥയിലുമായിരുന്നു. നേരെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റി അടിയന്തര ശസ‌്ത്രക്രിയയ‌്ക്ക‌് വിധേയനാക്കി. ശസ‌്ത്രക്രിയ നടത്തുമ്പോൾ നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷെ അത‌് താൽക്കാലികമായിരുന്നു. പിറ്റേ ദിവസംതന്നെ ഏതാണ്ട‌് മസ‌്തിഷ‌്ക മരണം സംഭവിച്ചു.

പിന്നീട‌് കുടലിൽ ചില അനക്കങ്ങൾ കണ്ടതിനെ തുടർന്നാണ‌് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയത‌്. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ അത‌ുംനിലച്ചു. അതോടെ ഭക്ഷണം നൽകുന്നത‌് നിർത്തി. ഏഴുവയസ്സുള്ള ഒരുകുട്ടിക്ക‌് നൽകാവുന്ന ഏറ്റവും കൂടിയ ഡോസ‌് മരുന്ന‌് നൽകിയാണ‌് ഈ ദിവസങ്ങളിൽ രക്തസമ്മർദം പിടിച്ചുനിർത്തിയത‌്. വെള്ളിയാഴ‌്ച കുട്ടിയുടെ നില പൂർണമായും മോശമായതിനെ തുടർന്ന‌് മെഡിക്കൽ ബോർഡിനെ വിവരം അറിയിച്ചു. ശനിയാഴ‌്ച രാവിലെ രക്തസമ്മർദം പൂർണമായും താഴ‌്ന്നു. ഹൃദയമിടിപ്പ‌് കുറഞ്ഞുവന്നു. 11.30ന‌് ഹൃദയം നിശ‌്ചലമായി. തുടർന്ന‌് വെന്റിലേറ്റർ മാറ്റി. 11.35ന‌് ഇസിജി എടുക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു–-ഡോ. ശ്രീകുമാർ പറഞ്ഞു.

കുട്ടിയുടെ ദേഹത്ത‌് ഏതാണ്ട‌് 22ൽ അധികം മുറിവുകൾ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

കണ്ണീര്‍ച്ചാലായി കുമാരമംഗലം
സ്വന്തം ലേഖകന്‍
പത്തുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ആ ദുഃഖവാർത്തയെത്തി... കേട്ടവരിലെല്ലാം കണ്ണീർച്ചാലുകൾ ഒഴുകി. പ്രതീക്ഷകൾ വിഫലമായി കുഞ്ഞനിയനെയും അമ്മയെയും വിട്ട‌് ആ ഏഴുവയസുകാരൻ പൊലിഞ്ഞു. 

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ പിടിച്ചുനിർത്താനുള്ള പോരാട്ടം അവസാനിച്ചത് ശനിയാഴ്ച പകൽ 11.35 ന്. അതിനു മുന്നോടിയായി ബന്ധുക്കളെ ആശുപത്രി അധികൃതർ വിവരം അറിയിച്ചു. ഹൃദയം നുറുങ്ങിയ വിയോഗവാർത്തയിൽ കേരളമൊന്നാകെ വിതുമ്പി.

ഫെബ്രുവരി 20 നാണ് കുമാരമംഗലം വില്ലേജ് ഓഫീസിന് പിൻഭാഗത്തുള്ള വാടകവീട്ടിൽ അരുൺ ആനന്ദ് യുവതിയും കുട്ടികളുമായി താമസത്തിനെത്തിയത്. സമീപവാസികളോട് ഇവർക്കു തീരെ ബന്ധമുണ്ടായിരുന്നില്ല. എങ്കിലും കുട്ടികളിരുവരും പുറത്തിരുന്ന് കളിക്കുന്നത് കാണാറുണ്ടായിരുന്നു. അതൊന്നും ഇപ്പോഴും കൺമുന്നിൽനിന്ന‌് മായുന്നില്ലെന്ന‌് അയൽവാസികൾ. ‘‘ആ കുഞ്ഞ്...ഇനിയില്ലെന്ന് ഓർക്കാനാവുന്നില്ലെന്ന‌്’’വിതുമ്പൽ.

വാടകവീടിന് എതിർഭാഗത്താണ് ഏഴുവയസ്സുകാരൻ പഠിച്ചിരുന്ന സർക്കാർ എൽപി സ്കൂൾ. വേനലവധിക്കായി സ്കൂൾ അടച്ചിരിക്കുകയാണ്. അധ്യാപകർ കഴിഞ്ഞദിവസം കോലഞ്ചേരി ആശുപത്രിയിൽ എത്തി കുഞ്ഞിന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നു. പിന്നാലെ മരണവാർത്തയുമെത്തിയത‌് അവർക്കും വേദനയായി. കേവലം 17 ദിവസം മാത്രമാണ് സ്കൂളിൽ എത്തിയതെങ്കിലും ഇതിനകം അവനെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഇടയ്ക്ക് ആരോടും ഒന്നുമുരിയാടാതെ ക്ലാസിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വീട്ടുകാരോട് കാര്യംതിരക്കിയിരുന്നു. പക്ഷെ, അവർ ഒന്നും വിട്ടുപറഞ്ഞില്ല. അരുൺ മർദിക്കുന്നതിന് തലേന്നും കുട്ടി പരീക്ഷയ്ക്ക് ഹാജരായി. എന്നാൽ, അവസാന ദിവസത്തെ പരീക്ഷയ‌്ക്ക‌് എത്തിയില്ല.

അധ്യാപകർ അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അൽപസമയം കഴിഞ്ഞ് മറ്റൊരു ഫോൺ നമ്പരിൽനിന്ന‌് വിളിച്ച് കുട്ടി ആശുപത്രിയിലാണെന്ന് യുവതി അറിയിക്കുകയായിരുന്നു–-അധ്യാപകർ പറഞ്ഞു.

അരുണിനെതിരെ കൊലക്കുറ്റവും;  അമ്മ പ്രധാന സാക്ഷി
ഏഴ‌് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി തിരുവനന്തപുരം നന്തൻകോട് ‘കടവത്തൂർ കാസിൽ’ അരുൺ ആനന്ദിനെ(36) തിരെ കൊലക്കുറ്റം ചുമത്തി. നിലവിൽ ഇയാൾക്കെതിരെ വധശ്രമത്തിനും ഇളയ കുട്ടിക്കുനേരെ ലൈംഗികാതിക്രമത്തിന് പോക്സോ കേസുമാണ് എടുത്തിരുന്നത്. കുട്ടിയുടെ മരണത്തോടെ കൊലപാതകക്കുറ്റവും ചുമത്തി. അടുത്തദിവസംതന്നെ ഐപിസി 302-ാം വകുപ്പുകൂടി ഉൾപ്പെടുത്തി കോടതിയിൽ സമർപ്പിക്കും. മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്ന അരുൺ ആനന്ദിനെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് കുട്ടിയുടെ മരണവാർത്ത എത്തിയത്.
 കുട്ടിയുടെ അമ്മ പ്രതിക്കെതിരെ ശക്തമായ മൊഴിയും നൽകിയിട്ടുണ്ട‌്. ഈ മൊഴിയാണ് പ്രതിക്ക‌് പരമാവധി ശിക്ഷ ലഭിക്കാനുള്ള സുപ്രധാന തെളിവ്. നാലുവയസ്സുള്ള ഇളയകുട്ടിയും സംഭവത്തിന് ദൃക‌്‌സാക്ഷിയാണ്. ഈ കുട്ടിയുടെയും മൊഴി അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട‌്.

അമ്മയ്ക്ക്‌ കൗൺസലിങ്‌
കുട്ടിയുടെ അമ്മ മാനസികമായി തകർന്ന അവസ്ഥയിലാ‌ണ‌്. അരുൺ  ക്രൂരമായി മർദിച്ചിരുന്നു. കോലഞ്ചേരി ആശുപത്രിയിൽതന്നെ ‘സ്നേഹിത’യുടെ പ്രവർത്തകർ ഇവരെ നിരന്തരം കൗൺസലിങ്ങിന് വിധേയമാക്കി വരികയാണ്. സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട‌്. യുവതി സാധാരണനില കൈവരിച്ചാൽ അന്വേഷണസംഘം കൂടുതൽ മൊഴി എടുത്തേക്കും. ഇവരെ കേസിൽ പ്രതിയാക്കിയിട്ടില്ല.

ഇളയകുട്ടിയുടെ സംരക്ഷണ ചുമതല യുവതിയുടെ അമ്മയെ താൽക്കാലികമായി ഏൽപ്പിച്ചിരുന്നു. ഇതിനുശേഷം ഇളയകുട്ടിയുടെ സംരക്ഷണ ചുമതല ആവശ്യപ്പെട്ട് യുവതിയുടെ ആദ്യ ഭർത്താവിന്റെ അച്ഛൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക‌് അപേക്ഷ നൽകി. ഈ ആവശ്യം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ റിപ്പോർട്ടിന് അയച്ചിരിക്കുകയാണെന്ന് ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റ്യൻ പറഞ്ഞു. കുട്ടിയുടെ അമ്മയുടെയും അമ്മൂമ്മയുടെയും വാദവും പരിഗണിക്കും. ഇതിനുശേഷമായിരിക്കും സംരക്ഷണ ചുമതല സംബന്ധിച്ച്  തീരുമാനം കൈക്കൊള്ളുക. പോക‌്സോ കേസിൽ പ്രതിക്കെതിരായ അറസ്റ്റും ഉടനുണ്ടാവും. കൊലപാതക കേസ് തൊടുപുഴ ഡിവൈഎസ‌്‌പി കെ പി ജോസും പോക‌്സോ കേസ് തൊടുപുഴ സിഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2FVk9Ci
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages