കൊച്ചി> സിനിമാമേഖലയിലെ തൊഴിലും സുരക്ഷയും സംബന്ധിച്ച‌് എഴുതി തയ്യാറാക്കിയ രൂപരേഖ പുറത്തിറക്കുമെന്ന‌് ഡബ്ല്യുസിസി. രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളും ചെന്നൈയിൽ അടുത്തമാസം നടക്കുന്ന ചർച്ചകളിൽ മുന്നോട്ടുവയ‌്ക്കുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയാകും രൂപരേഖ തയ്യാറാക്കുക. ഡിസംബറിൽ ഇവ ക്രോഡീകരിച്ച‌് രൂപരേഖ പുറത്തിറക്കും. ഇതിന്റെ പകർപ്പ‌് എല്ലാ സംസ്ഥാന സർക്കാരുകൾക്കും സമർപ്പിക്കും.
സിനിമാമേഖല നാട്ടിലെ നിയമങ്ങൾക്കുവിധേയമായി പ്രവർത്തിക്കുന്ന ഇടമായി മാറണം. മറ്റെല്ലാ സംഘടനകൾക്കും ബഹുമാനം നൽകിയാണ‌് ഡബ്ല്യുസിസി പ്രവർത്തിക്കുന്നത‌്. തൊഴിലിടങ്ങളിൽ തുല്യനീതിക്കുവേണ്ടിയാണ‌് സംഘടനയുടെ ശ്രമം. അത‌് ഒരു സുപ്രഭാതത്തിൽ ലഭിക്കുമെന്ന ചിന്ത അംഗങ്ങൾക്കില്ലെന്നും പ്രവർത്തകരായ അഞ‌്ജലി മേനോൻ, വിധു വിൻസെന്റ‌്, സജിതാ മഠത്തിൽ എന്നിവർ മാധ്യമങ്ങളോട‌് പറഞ്ഞു.
ഇപ്പോൾ മലയാളസിനിമയിൽ കരാറിൽ ഏർപ്പെട്ട‌് ജോലി ചെയ്യുന്നവർ ചുരുക്കമാണ‌്. പരാതി സ്വീകരിക്കാനോ പരിഹരിക്കാനോ ഉള്ള സംവിധാനവുമില്ല. ഡബ്ല്യുസിസി അംഗങ്ങൾ നയിക്കുന്ന സിനിമാസെറ്റുകളിൽ കോൺട്രാക‌്ടും പരാതിപരിഹാര സെല്ലും രൂപീകരിക്കാൻ ശ്രമിക്കും.
നടിക്കായി നടത്തുന്ന നിയമപോരാട്ടങ്ങൾ തുടരും. ജസ‌്റ്റിസ‌് ഹേമ കമീഷൻ റിപ്പോർട്ടും ഹൈക്കോടതിയിൽ നിലനിൽക്കുന്ന പൊതുതാൽപ്പര്യഹർജിയുടെ വിധിയും അനുസരിച്ചാകും മുന്നോട്ടുള്ള നീക്കമെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2VuRFcu
via IFTTT
No comments:
Post a Comment