മട്ടാഞ്ചേരി
3 നഗരത്തിന്റെ ചാരത്താണ് കുതിരക്കൂർകരി. ചെല്ലാനം പഞ്ചായത്തിലെ ഈ തുരുത്തിൽ ആകെയുള്ളത് 72 കുടുംബങ്ങൾ. എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് എത്തുന്ന വിവരമറിഞ്ഞ് ഇവിടെ താമസിക്കുന്നവർ കൂട്ടമായെത്തി. ഇടവഴിയിലേക്കു കയറിവന്ന സ്ഥാനാർഥിയെ വീട്ടമ്മമാരും കുട്ടികളും മാലയിട്ടു സ്വീകരിച്ചു. കൊച്ചിയുടെ തീരമേഖല ഒന്നാകെ ഹൃദയംകൊണ്ടാണ് ജനനേതാവിനെ വരവേറ്റത്. ഇന്നലെവരെ തങ്ങളുടെ ദുരിതത്തിലും സന്തോഷത്തിലും ഒപ്പമുണ്ടായിരുന്ന പ്രിയ നേതാവ് നാളെയും ഒപ്പമുണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിന്റെ പ്രതിഫലനമാണ് സ്വീകരണകേന്ദ്രങ്ങളിൽ കണ്ടത്.
പി രാജീവിന്റെ കൊച്ചി നിയോജക മണ്ഡലത്തിലെ രണ്ടാംഘട്ട പൊതു പര്യടനം കണ്ണമാലിയിലെ കുതിരക്കൂർകരിയിൽനിന്നാണ് ആരംഭിച്ചത്. കണ്ണമാലിയിലും ചെല്ലാനത്തുമായി കളത്തറ, കൈതവേലി, കാട്ടിപ്പറമ്പ്, വേളാങ്കണ്ണി ചാപ്പൽ, കെ പി സേവ്യർ ഗ്രന്ഥശാല, ചെറിയകടവ്, എടിഡി ബസ്സ്റ്റോപ്പ്, ലക്ഷംവീട്, കിഴക്കേ ബാലുങ്കൽ, റീത്താലയം, പുത്തൻതോട് എന്നിവിടങ്ങളിൽ വമ്പിച്ച സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കണ്ണമാലിയിലൂടെ കടന്നുപോകുമ്പോൾ കണ്ണമാലി ബെത്ലഹേം സെമിനാരിയിലേക്ക് ഫാ. സെബാസ്റ്റ്യൻ സ്ഥാനാർഥിയെ ക്ഷണിച്ചു. വിദ്യാർഥികൾ വിളയിച്ച പൂവൻപഴക്കുല സ്ഥാനാർഥിക്ക് സമ്മാനിച്ചു.ചെല്ലാനം കണ്ടക്കടവിലെത്തിയപ്പോൾ പൊരിവെയിലിലും കാവൽക്കാരന്റെ സുവിശേഷം പറഞ്ഞുകൊണ്ടുള്ള ചെറുപ്പക്കാരുടെ തെരുവുനാടകം കാഴ്ചക്കാരിൽ ചിന്തയുണർത്തി.
.jpg)
തൊഴിലില്ലായ്മയും ഭക്ഷണ സ്വാതന്ത്ര്യവും അസമത്വത്തെക്കുറിച്ചുമൊക്കെ പറഞ്ഞ നാടകം ആൾക്കൂട്ട കൊലപാതകങ്ങൾക്കും വർഗീയകലാപങ്ങൾക്കും ജനവിരുദ്ധമായ മോഡി ഭരണത്തിനെതിരെയുമുള്ള യുവതയുടെ സമരപ്രഖ്യാപനം കൂടിയായി. ഇത്തരം അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഇടതുപക്ഷവും രാജീവും വിജയിക്കേണ്ടതുണ്ടെന്ന സന്ദേശത്തോടുകൂടിയാണ് നാടകം അവസാനിച്ചത്. മെൽബിൻ, ടാക്സൺ, ജോൺ പോൾ, സജി, വില്ലി, ആഷ്വിൽ, അശ്വിൻ എന്നിവരാണ് നാടകത്തിന് നേതൃത്വം നൽകിയത്.
ഉച്ചയ്ക്കുശേഷം ആദ്യ സ്വീകരണകേന്ദ്രമായ ചെല്ലാനം കണ്ടക്കടവിലെ സ്വീകരണവേദിയിൽ ചെല്ലാനം മർച്ചന്റ്സ് യൂണിയൻ സെക്രട്ടറി കെ എം അഗസ്റ്റിൻ പൊന്നാടയണിയിച്ചു. ഗണപതിക്കാടിൽ ചെല്ലാനത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻനിര പോരാളിയും ആയിരുന്ന എ ജെ സേവ്യർ അമ്പലത്തുങ്കലിന്റെ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് സ്വീകരണയോഗം ആരംഭിച്ചത്.
കളത്ര സ്വീകരണകേന്ദ്രത്തിൽ ജോസഫ് ചാത്തനാട് എന്നയാൾ നടക്കാൻ സാധിക്കാതെ മറ്റുള്ളവരുടെ സഹായത്തോടെ പ്രിയനേതാവിനെ സ്വീകരിക്കാനെത്തി. ആൽബം സംവിധായകൻ ഡിക്സൺ കണ്ടക്കടവും രാജീവിനെ സ്വീകരിക്കാനെത്തി.
.jpg)
കണ്ടക്കടവ്, ചാളക്കടവ്, മറുവക്കാട്, ഗണപതികാട്, ഗോണ്ടുപറമ്പ്, കമ്പനിപ്പടി, തിയറ്റർ പരിസരം, മാളികപ്പറമ്പ്, ചെല്ലാനം സൗത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പ്രവർത്തകരും ജനങ്ങളും നൽകിയ പൊന്നാടകളും പനിനീർ പൂക്കളും ജൈവപച്ചക്കറികളും ഏറ്റുവാങ്ങി ചെല്ലാനത്തെ പര്യടനം പൂർത്തിയാക്കി.
കുമ്പളങ്ങി എസ്എൻഡിപി പരിസരത്ത് ദേശാഭിമാനി മുൻ ഏരിയ ലേഖകൻ പി ബി ചന്ദ്രബാബുവിന്റെ സ്മൃതിമണ്ഡപം പി രാജീവ് ഉദ്ഘാടനം ചെയ്തു.
രാജീവിനെ രാജ്യത്തിന് ആവശ്യം: യെച്ചൂരി
കൊച്ചി
പി രാജീവിനെ ജനങ്ങൾ സഭയിലെത്തിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾക്ക് താൻ നൽകിയ വാക്ക് പാലിക്കപ്പെടുന്ന സമയമെത്തിയതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എറണാകുളം രാജേന്ദ്ര മൈതാനിയിലും തൃപ്പൂണിത്തുറയിലും സംഘടിപ്പിച്ച യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭയിൽ പി രാജീവിന്റെ കാലാവധി പൂർത്തിയാകുമ്പോൾ ഭരണ പ്രതിപക്ഷ ഭേദമെന്യേ നേതാക്കൾ സിപിഐ എം ജനറൽ സെക്രട്ടറിയായ തന്നോട് രാജീവിനെ സഭയ്ക്കും രാജ്യത്തിനും ആവശ്യമുണ്ടെന്നും അതിനാൽ വീണ്ടും അവസരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്ന് താൻ അവരോട് പറഞ്ഞത്, രാജീവിന് ഇപ്പോൾ പാർടി മറ്റൊരു ചുമതല നൽകിയിട്ടുണ്ടെന്നും ഒരുനാൾ ജനങ്ങൾ അദ്ദേഹത്തെ സഭയിലെത്തിക്കുമെന്നുമാണ്. ആ നാളുകളാണ് ഇപ്പോൾ എത്തിയിട്ടുള്ളതെന്നും യച്ചൂരി പറഞ്ഞു.

അവശ്യഘട്ടങ്ങളിൽ ചരിത്രപരമായ കടമ നിർവഹിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. 2004ൽ വാജ്പേയി സർക്കാരിനെ അധികാരത്തിൽനിന്ന് ഇറക്കിവിടാൻ 20ൽ 18 ഇടതുപക്ഷ സ്ഥാനാർഥികളെയാണ് വിജയിപ്പിച്ചത്. അതുപോലെ, ഇപ്പോൾ 20 ഇടതു സ്ഥാനാർഥികളെയും വിജയിപ്പിച്ചു വിടുക എന്ന കടമ കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കും.
ഇപ്പോൾ രാജ്യത്തിന്റെ കാവൽക്കാരനാണെന്നാണ് നരേന്ദ്ര മോഡി അവകാശപ്പെടുന്നത്. ബാലഘോട്ടിൽ ആക്രമണം നടത്തിയപ്പോൾ താൻ ആകാശത്തിന്റെ കാവൽക്കാരനാണെന്ന് അവകാശപ്പെട്ടു. ഏഴുവർഷം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞന്മാർ നേടിയെടുത്ത മിസൈൽ വേധ സംവിധാനം പ്രയോഗിച്ചശേഷം താൻ ബഹിരാകാശത്തിന്റെയും കാവൽക്കാരനായി എന്നാണ് മോഡി അവകാശപ്പെടുന്നത്. മുമ്പ് ഒരു ഭരണാധികാരിക്കും അതിനുള്ള ധൈര്യം ഉണ്ടായില്ല എന്നും മോഡി പറയുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഉണ്ടായ ഈ ധൈര്യം എന്തുകൊണ്ടാണ് അഞ്ചുവർഷം മുമ്പ് ഉണ്ടാകാത്തതെന്നാണ് ചോദിക്കാനുള്ളത്. മാത്രമല്ല, ബഹിരാകാശത്തിന്റെ കാവൽക്കാരനായി താങ്കൾ അവിടെ തന്നെ തുടർന്നോളൂ, അതുവഴി ഇന്ത്യയെ രക്ഷിക്കൂ എന്നാണ് ജനങ്ങൾക്ക് പറയാനുള്ളതെന്നും യെച്ചൂരി പറഞ്ഞു.
രാജേന്ദ്രമൈതാനിയിൽ ചേർന്ന യോഗത്തിൽ എൽഡിഎഫ് എറണാകുളം മണ്ഡലം കമ്മിറ്റി ചെയർമാൻ ടി എസ് സഞ്ജിത് അധ്യക്ഷനായി. എം സ്വരാജ്, സി എൻ മോഹനൻ, പി രാജു, സി എം ദിനേശ്മണി, എം എം ലോറൻസ്, കെ ജെ ജേക്കബ്, ജോൺ ഫെർണാണ്ടസ് എംഎൽഎ, അഡ്വ. എം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പി എൻ സീനുലാൽ സ്വാഗതവും കുമ്പളം രവി നന്ദിയും പറഞ്ഞു.
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനു സമീപത്തെ ഗ്രൗണ്ടിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ് അധ്യക്ഷനായി. എം സ്വരാജ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു. സി എൻ സുന്ദരൻ സ്വാഗതവും വി ജി രവീന്ദ്രൻ നന്ദിയും പറഞ്ഞു. കൊച്ചിയിലെ പര്യടനശേഷം സ്ഥാനാർഥി പി രാജീവും തൃപ്പൂണിത്തുറയിലെ യോഗത്തിനെത്തി.
.jpg)
ഇന്ന് കളമശേരിയില്
കൊച്ചി
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് ബുധനാഴ്ച കളമശേരി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30ന് കളമശേരിയിലാണ് പര്യടനത്തിന്റെ തുടക്കം. തുടർന്ന് കടുങ്ങല്ലൂരിലെ വിവിധ കേന്ദ്രങ്ങളിലും ആലങ്ങാട്, കുന്നുകര, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങും.
from Kerala || Deshabhimani Online News https://ift.tt/2JXCeEX
via IFTTT
No comments:
Post a Comment