കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ കാവിനെ പ്രകമ്പനം കൊള്ളിച്ച് ആയിരക്കണക്കിന് കോമരങ്ങളും ഭക്തരും ഉറഞ്ഞ്തുള്ളി കാവുതീണ്ടി. തീരദേശത്തുനിന്നുള്ള താലിവരവോടെയും കൂശ്‍മാണ്ഡ ബലിയോടെയും തിങ്കളാഴ്‍ച കൊടുങ്ങല്ലൂർ ഭരണി മഹോത്സവം സമാപിക്കും. അശ്വതിനാളായ ഞായറാഴ്‍ച കാവിലും കൊടുങ്ങല്ലൂർ പട്ടണത്തിലും കോമരങ്ങളും വിശ്വാസികളും നിറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ തറകളിൽനിന്ന് പള്ളി വാളേന്തി ചെമ്പട്ടുടുത്ത് അരമണിയും കാൽച്ചിലമ്പുമായി കാവാകെ തുള്ളിയുറയുമ്പോൾ, അവകാശത്തറകളിലും നഗരവീഥികളിലും ക്ഷേത്രാങ്കണത്തിലും കോലിൽ കോലാഞ്ഞടിച്ച് ഭരണിപ്പാട്ടുകൾ പാടി വിശ്വാസികൾ നൃത്തം ചവിട്ടി. മീനമാസത്തിലെ സൂര്യൻ ഉച്ചിയിൽ കത്തിനിന്ന പകൽ 12ന് ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ വാതിലുകളെല്ലാം അടച്ച് ശാക്തേയ പൂജയെന്ന് വിളിക്കുന്ന തൃച്ചന്ദനച്ചാർത്ത് പൂജയ‌്ക്ക് നീലത്ത്, കുന്നത്ത്, മഠത്തിൽ എന്നീ മഠങ്ങളിൽനിന്നുള്ള അടികൾമാർ തുടക്കമിട്ടു. കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ ആയുധധാരിയായി പരിവാരസമേതം ക്ഷേത്രത്തിന് കാവലിരുന്നു. ഈ സമയമെല്ലാം വലിയ സംഘങ്ങൾ വടക്കേനട വഴി ക്ഷേത്രത്തിലേക്ക് വന്നുകൊണ്ടിരുന്നു.
കാളി–-ദാരികയുദ്ധത്തിൽ മുറിവേറ്റ കാളിയെ ചികിത്സിച്ചിരുന്ന വൈദ്യരെന്ന് പറയുന്ന പാലക്ക വേലൻ കൂർമ്പൻ പാളത്തൊപ്പിയും ധരിച്ച് കാവിലെത്തി. തുള്ളിയുറഞ്ഞ് പള്ളിവാളാൽ തല വെട്ടി ചോരയൊലിച്ച് നിന്ന കോമരങ്ങൾ പാലക്കവേലനരികിലെത്തി. ഏഴരയാമം നീണ്ടുനിന്ന തൃച്ചന്ദനച്ചാർത്ത് പൂജ കഴിഞ്ഞ് അടികൾമാർ രഹസ്യവഴിയിലൂടെ പുറത്തു കടന്നതോടെ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ പരിവാരസമേതം കിഴക്കേനടയിലെ നിലപാട് തറയിലേക്ക് എഴുന്നള്ളിയെത്തി. ഇതോടെ അവകാശത്തറകളിൽനിന്ന് ആർപ്പുവിളികൾ ഉയർന്നു. ഈ സമയം അശ്വതി കാവുതീണ്ടലിന് അനുമതി നൽകുന്നതിനുള്ള അടയാളമായി തമ്പുരാന്റെ കൽപ്പന അനുസരിച്ച് കോയ്മ ചുവന്ന പട്ടുകുട ഉയർത്തി. ഇതോടെ പാലക്കവേലൻ കാവുതീണ്ടലിന് തുടക്കം കുറിച്ചു. കാവിൽ കാത്തുനിന്നിരുന്ന ആയിരക്കണക്കിനാളുകൾ ആർപ്പുവിളികളോടെ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ കോലുകൊണ്ട് ആഞ്ഞടിച്ച് ക്ഷേത്രത്തിനു ചുറ്റും മൂന്നുവട്ടം കുതിച്ചു പാഞ്ഞ് അശ്വതി കാവുതീണ്ടി. തുടർന്ന് തെയ്യം അടക്കമുള്ള ക്ഷേത്രകലകൾ അരങ്ങേറി.
from Kerala || Deshabhimani Online News http://bit.ly/2G2CwVU
via IFTTT
No comments:
Post a Comment