കൽപ്പറ്റ
സിവിൽ സർവീസ‌് നേട്ടവുമായി വയനാടിന‌് അഭിമാനമായ ശ്രീധന്യ സുരേഷിനെ നേരിട്ടഭിനന്ദിക്കാൻ ഗവർണറെത്തി. ജനങ്ങളോടൊപ്പം നിൽക്കണമെന്നായിരുന്നു ഈ വയനാട‌് പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലിയിലെ ശ്രീധന്യയോട‌് ഗവർണർ ജസ‌്റ്റിസ‌് പി സദാശിവത്തിന്റെ ഉപദേശം.
ഐഎഎസ‌് തന്നെ ലഭിക്കും. ജനങ്ങളുടെ സേവക ആയിരിക്കണം. രാജ്യത്തിന‌് ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമുണ്ട‌്. പൊതുജനത്തിന‌് ഇവയെക്കുറിച്ച‌് വ്യക്തമായ അറിവ‌് ഉണ്ടാകണമെന്നില്ല. ഈ ഘട്ടങ്ങളിൽ നിയമാനുസൃതമായി ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. സർക്കാരുകൾ ആദിവാസികൾക്കായി നിരവധി പദ്ധതികൾ കൊണ്ടുവരുന്നുണ്ട‌്. എന്നാൽ ചില ഉദ്യോഗസ്ഥർ ഇവ കാര്യക്ഷമമായി നടപ്പാക്കുന്നില്ല. അങ്ങനെ ഉണ്ടാകരുത‌്. എവിടെപ്പോയാലും ഇന്ത്യക്കാരിയെന്ന‌് അഭിമാനിക്കണമെന്നും ഗവർണർ പറഞ്ഞു.
വയനാട്ടിൽ വിവിധ പരിപാടികൾക്കെത്തിയതായിരുന്നു ഗവർണർ. പരിപാടികൾ കഴിഞ്ഞ് ശനിയാഴ്ച മടങ്ങേണ്ടതായിരുന്നു. സിവിൽ സർവീസ‌് പരീക്ഷയിൽ 410–ാം റാങ്ക് നേടിയ ശ്രീധന്യ തിരുവനന്തപുരത്തുനിന്ന് നാട്ടിലെത്തുന്നുണ്ടെന്നറിഞ്ഞ‌് മടക്കം ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ശ്രീധന്യക്ക് രാവിലെ പത്തോടെ കൽപ്പറ്റ ഗസ്റ്റ് ഹൗസിലാണ‌് സ്വീകരണമൊരുക്കിയത്. അച്ഛൻ സുരേഷ‌്, അമ്മ കമല, സഹോദരൻ ശ്രീരാഗ‌് എന്നിവരോടൊപ്പമാണ‌് ശ്രീധന്യ ഗവർണറെ കാണാനെത്തിയത‌്. വിദ്യാഭ്യാസം, വീട്ടിലെ സാഹചര്യങ്ങൾ, പഠനത്തിൽ നേരിട്ട വെല്ലുവിളികൾ എന്നിവയെല്ലാം ഗവർണർ ചോദിച്ച‌് മനസ്സിലാക്കി.
വീടിന്റെ ശോച്യാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഹരിച്ചു നൽകാൻ ഒപ്പമുണ്ടായിരുന്ന വയനാട‌് കലക്ടർ എ അജയകുമാറിനോട‌് നിർദേശിച്ചു. അടിയന്തര പരിഹാരം കാണുമെന്ന‌് കലക്ടർ അറിയിച്ചു. സമരം ചെയ‌്ത‌് ലഭിച്ച ഭൂമിക്ക‌് രേഖ ലഭിക്കാത്ത പ്രശ‌്നവും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആദിവാസികൾക്ക‌് വനഭൂമി നൽകുന്നതിന‌് തടസ്സമായി വന്ന സുപ്രീം കോടതി വിധി ഗവർണർ ഓർമപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ശ്രീധന്യയുടെ മാതാപിതാക്കളെയും അഭിനന്ദിച്ചാണ‌് ഗവർണർ മടങ്ങിയത‌്. ഭാര്യ സരസ്വതിയും സദാശിവത്തോടൊപ്പം ഉണ്ടായിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2Uosk42
via IFTTT
No comments:
Post a Comment