തിരുവനന്തപുരം
കിഫ്ബിയുടെ മസാല ബോണ്ടുകളിൽ വിദേശത്തുനിന്ന് വൻനിക്ഷേപം ലഭിച്ചതിനുപിന്നാലെ ബോണ്ടുകള്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും. മെയ‌് 17ന‌് ലണ്ടനിൽ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചു. ലോകശ്രദ്ധ നേടുന്ന ചടങ്ങിൽ ബോണ്ട് പുറത്തിറക്കുന്നതിലൂടെ അപൂർവനേട്ടമാണ് സംസ്ഥാന സർക്കാരിന്റെ മസാല ബോണ്ട് കൈവരിക്കുന്നത‌്. ആദ്യമായാണ‌് ഏതെങ്കിലും ഒരുസംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ‌്ഘാടനച്ചടങ്ങ‌് നടത്തുന്നതും.
വൻവിജയമായ കിഫ‌്ബിയുടെ മസാല ബോണ്ട‌് വിൽപ്പനയ‌്ക്കെതിരെ പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല നുണപ്രചാരണം നടത്തുന്നതിനിടെയാണ‌് മുഖ്യമന്ത്രിക്കുള്ള ക്ഷണം. കിഫ‌്ബിക്കുള്ള അംഗീകാരത്തിനുപുറമേ കേരള വികസനത്തെ നുണപ്രചാരണങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണിത‌്. പ്രധാന ഓഹരികളുടെയും കടപ്പത്രങ്ങളുടെയും വിൽപ്പന മാത്രമാണ‌് സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകൾ ചടങ്ങായി നടത്താറ‌്. നേരത്തെ കേന്ദ്രമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി ലണ്ടൻ എക‌്സ‌്ചേഞ്ചിൽ ഉദ‌്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഒരുസംസ്ഥാന മുഖ്യമന്ത്രിക്ക‌് ക്ഷണം ലഭിക്കുന്നത‌് ആദ്യമായാണ‌്. ചടങ്ങിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കേന്ദ്രസർക്കാരിന്റെ അനുമതിതേടി.
കിഫ‌്ബി മസാലബോണ്ട‌് വിൽപ്പനയിലൂടെ ഇതുവരെ 2150 കോടിയാണ‌് സമാഹരിച്ചത‌്. ലണ്ടൻ, സിംഗപ്പൂർ സ‌്റ്റോക്ക‌് എക‌്സ‌്ചേഞ്ചുകൾ വഴിയായിരുന്നു വിൽപ്പന. മാർച്ച‌് 26നാണ‌് വിൽപ്പന തുടങ്ങിയത‌്. മൂന്നുദിവസംകൊണ്ടാണ‌് 2150 കോടിയുടെ ബോണ്ടുകൾ വിറ്റുപോയത‌്. ലോകത്തിൽ ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപ്പന നടക്കുന്നത‌് ലണ്ടൻ എക‌്സ‌്ചേഞ്ച‌് വഴിയാണ‌്.
കിഫ‌്ബിയുടേതുൾപ്പെടെ 51,000 കോടി രൂപയിലേറെ മൂല്യമുള്ള ബോണ്ടുകളാണ‌് ഇവിടെ ഇതുവരെ വിൽപ്പന നടന്നത‌്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏറ്റവുംവലിയ രണ്ടാമത്തെ മസാല ബോണ്ട‌് ഇടപാടായിരുന്നു കിഫ‌്ബിയുടേത‌്.
ഈ ഇടപാട‌് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കടമെടുത്തതിനേക്കാൾ കുറഞ്ഞ പലിശനിരക്കിലും. കിഫ‌്ബിയുടെ പ്രവർത്തന മികവിനും വിശ്വാസ്യതയ‌്ക്കുമുള്ള അംഗീകാരമായിരുന്നു ഈ ഇടപാട‌്. നിക്ഷേപകരുടെ ആവശ്യം പരിഗണിച്ച‌് വീണ്ടും മസാല ബോണ്ട‌് വിൽപ്പനയ‌്ക്ക‌് വയ‌്ക്കാൻ കിഫ‌്ബി തീരുമാനിച്ചിട്ടുണ്ട‌്. ഈയാഴ‌്ച 400 കോടിരൂപയുടെ ബോണ്ടുകളാണ‌് ലണ്ടൻ, സിംഗപ്പൂർ എക‌്സ‌്ചേഞ്ചുകൾ വഴി വിൽക്കുക. മൊത്തം 2672 കോടിയുടെ ബോണ്ടുകൾ വിൽക്കാനാണ‌് റിസർവ‌് ബാങ്കിന്റെ അനുമതി.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച‌്
ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഓഹരിവിപണികളിൽ ഒന്നാണ‌് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച‌്.
കഴിഞ്ഞ ഏപ്രിലിലെ കണക്ക‌് പ്രകാരം നാലരലക്ഷം കോടി ഡോളറാണ‌് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണനമൂല്യം. ലണ്ടനിലാണ‌് ആസ്ഥാനം. 1571 ലാണ് നിലവിൽ വന്നത്
കിഫ്ബി
കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. സംസ്ഥാന റവന്യു ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്റ‌് ഫണ്ട് ആക്റ്റ് പ്രകാരമാണ് കിഫ്ബിയ്ക്ക് രൂപംനൽകിയത‌്.
മസാല ബോണ്ട‌്
വിദേശ വിപണിയിൽ ഇന്ത്യൻ രൂപയിൽതന്നെ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. ഇന്ത്യൻ രൂപയിൽത്തന്നെ വിഭവസമാഹരണം നടത്തുന്നതിനാൽ വിദേശവിനിമയ നിരക്കുകള്‍ ഫണ്ടിനെ ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടവും കിഫ്ബി മസാല ബോണ്ടിനെ ബാധിക്കില്ല. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. മികച്ച റേറ്റിങ്ങുള്ള ഏജൻസികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കിൽ ലാഭസാധ്യത മുന്നിൽക്കണ്ട് കമ്പനികള്‍ ഇവയിൽ നിക്ഷേപം നടത്തും.
from Kerala || Deshabhimani Online News http://bit.ly/2G2Cz42
via IFTTT
No comments:
Post a Comment