സംസ്ഥാനത്ത‌് ഓപ്പൺ സർവകലാശാല രൂപീകരിക്കുന്നതിനായി സർക്കാർ നിയോഗിച്ച സ‌്പെഷ്യൽ ഓഫീസർ റിപ്പോർട്ട‌് മെയ‌് മൂന്നാംവാരം സമർപ്പിക്കും. റിപ്പോർട്ട‌് തയ്യാറാക്കുന്നതിന്റെ ദൗത്യം അവസാനഘട്ടത്തിലാണെന്ന‌് സ‌്പെഷ്യൽ ഓഫീസർ ഡോ. ജെ പ്രഭാഷ് പറഞ്ഞു. പുതിയ അക്കാദമിക‌് വർഷംതന്നെ സർവകലാശാല ആരംഭിക്കും. സർവകലാശാലയുടെ ലക്ഷ്യം, മോഡൽ ബിൽ, പ്രാരംഭഘട്ടത്തിലെ കോഴ‌്സുകൾ, മറ്റു സർവകലാശാലകൾ നടത്തുന്ന വിദൂര കോഴ‌്സുകളുടെ ഘടന, വിദേശത്ത‌് ജോലിചെയ്യുന്ന മലയാളികൾക്കുള്ള കോഴ‌്സുകൾ എന്നിവയുടെ വിശദ റിപ്പോർട്ടാണ‌് തയ്യാറാക്കുന്നത‌്. സർവകലാശാലാ ആസ്ഥാനം സംബന്ധിച്ച‌് സർക്കാർ തീരുമാനമെടുക്കും.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ സർവകലാശാലകൾ സന്ദർശിച്ച‌് വിസി, പിവിസി, രജിസ‌്ട്രാർ, വിദൂരവിദ്യാഭ്യാസ വിഭാഗം തലവന്മാർ എന്നിവരുമായി സ‌്പെഷ്യൽ ഓഫീസർ കൂടിക്കാഴ‌്ച നടത്തിയിരുന്നു. ഓരോ സർവകലാശാലയിലെയും വിഷയങ്ങൾ തിരിച്ച‌് ഫാക്കൽറ്റികളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചു. സർവകലാശാലകൾക്ക‌് കീഴിൽ വിദൂര, പ്രൈവറ്റ‌് പഠനവിഭാഗങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ‌്സുകളിൽ ചേർന്ന വിദ്യാർഥികളുടെയും അവർ പഠിക്കുന്ന വിഷയങ്ങളുടെയും കണക്കുകൾ ശേഖരിച്ചു. മുൻ വിസിമാർ, പിവിസിമാർ എന്നിവരുമായും കൂടിക്കാഴ‌്ച നടത്തി.
പുതിയ സർവകലാശാലയ്‌ക്കായി നിലവിലെ സർവകലാശാലകളിലെ ജീവനക്കാരുടെയും വിദ്യാർഥികളുടെയും അഭിപ്രായങ്ങളും ശേഖരിച്ചിട്ടുണ്ട‌്.
നിശ്ചിത നാക‌് ഗ്രേഡില്ലാത്ത സർവകലാശാലകൾക്ക‌് വിദൂരപഠനകേന്ദ്രങ്ങൾ നടത്താനുള്ള അനുമതി യുജിസി നിഷേധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത‌് ഓപ്പൺ സർവകലാശാല ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലാണ‌് സർക്കാരിന‌് ശുപാർശ നൽകിയത‌്. തുടർന്നാണ‌് പ്രാരംഭ പ്രവർത്തനങ്ങൾക്കായി സർക്കാർ സ‌്പെഷ്യൽ ഓഫീസറെ നിയോഗിച്ചത‌്.
ഓപ്പൺ സർവകലാശാല ആരംഭിക്കുമ്പോൾ ആദ്യവർഷം ഉണ്ടായേക്കാവുന്ന വിദ്യാർഥികളുടെ എണ്ണം, ആരംഭിക്കേണ്ട കോഴ്സ‌്, ഫാക്കൽറ്റികൾ, തൊഴിലധിഷ്ഠിത കോഴ്സ‌് ഡിപ്ലോമ കോഴ്സ‌് എന്നിവയെല്ലാം സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ശുപാർശചെയ‌്ത സർവകലാശാലയുടെ ലക്ഷ്യങ്ങളാണ‌്. ഓപ്പൺ സർവകലാശാലയുടെ ഘടന പൂർണമായും ഓൺലൈൻ പ്ലാറ്റ‌് ഫോമിലാണ‌്.
from Kerala || Deshabhimani Online News http://bit.ly/2XT8sne
via IFTTT
No comments:
Post a Comment