സ്വന്തം ലേഖിക
ഫോനി ചുഴലിക്കാറ്റ‌് മുന്നറിയിപ്പിനെ തുടർന്ന‌് എറണാകുളം ജില്ലയിൽനിന്ന് ആഴക്കടലിൽ മീൻപിടിക്കാൻ പോയ 13 ബോട്ടുകൾകൂടി തിരിച്ചെത്തി. 62 ബോട്ടുകളാണിനി തിരിച്ചെത്താനുള്ളത്. ഇവ ഉടൻ തിരിച്ചെത്തുമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
14 മുതൽ 34 ദിവസംവരെ ആഴക്കടലിൽ മീൻപിടിക്കാൻ പോയ ചൂണ്ടബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. സാധാരണ വടക്ക് ഒമാൻ വരെയും തെക്ക് ഡീഗോ ഗാർഷ്യവരെയും മീൻപിടിക്കാനായി ചൂണ്ടബോട്ടുകൾ പോകാറുണ്ട്. മുംബൈ, കാർവാർ എന്നിവിടങ്ങളിലേക്ക് പോയ ബോട്ടുകളാണ് തിരിച്ചെത്താനുള്ളത‌്. ഈ ബോട്ടുകളിലെ തൊഴിലാളികളേറെയും തമിഴ്‌നാട്ടുകാരാണ‌്. ലക്ഷദ്വീപിനടുത്ത് മീൻപിടിക്കുന്ന ഇൻബോർഡ് ബോട്ടുകൾ അവിടത്തെ അതോറിറ്റിയുടെ സഹായത്തോടെ തുറമുഖത്ത് അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട‌്.
എന്നാൽ, ജില്ലയിൽനിന്ന് ആഴക്കടലിൽ മത്സ്യബന്ധനത്തിനുപോയ ഇരുന്നൂറ്റമ്പതോളം ചൂണ്ട, ഗില്ലറ്റ് ബോട്ടുകൾ തിരിച്ചെത്താനുണ്ടെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ പറയുന്നു. ഇതിൽ 100 ബോട്ടുകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നും അവർ പറഞ്ഞു. ഇപ്പോഴും ബോട്ടുകളിൽ ആധുനിക വാർത്താവിനിമയ സംവിധാനങ്ങളില്ല. പരമ്പരാഗതമായ വിഎച്ച്എഫ് സംവിധാനമാണുള്ളത്. ഇതിന് 100 കിലോമീറ്റർ പരിധിയിൽ മാത്രമേ ആശയവിനിമയം നടത്താനാകൂ. ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളുടെ പുറംലോകവുമായുള്ള ബന്ധം ഒരു മണിക്കൂറിനുള്ളിൽ നഷ്ടമാകും. ഈ സാഹചര്യമാണ് ബോട്ടുകളെ കരയ്ക്കടുപ്പിക്കാൻ തടസ്സമാകുന്നതെന്നും സംഘടനകൾ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2GQbx1p
via IFTTT
No comments:
Post a Comment