കോൺഗ്രസ‌് വോട്ട‌് ബിജെപിക്ക‌് മറിക്കാൻ അണിയറയിൽ നീക്കം നടക്കുന്നൂവെന്ന പരാതി അന്വേഷണത്തിന‌് നിരീക്ഷകനായി ബിജെപി വിട്ട‌് അടുത്തിടെ കോൺഗ്രസിൽ എത്തിയയാൾ. തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം മോശമാണെന്നും നേതാക്കൾ സഹകരിക്കുന്നില്ലെന്നുമുള്ള ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഐസിസി കേന്ദ്ര നിരീക്ഷകനായി മുൻ ബിജെപി നേതാവ‌് നാനാ പട്ടോളയെ നിയോഗിച്ചത്.
തരൂരിന്റെ പ്രചാരണത്തിൽ തൃപ‌്തനല്ലെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം തള്ളി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയും രംഗത്ത‌് എത്തിയിട്ടുണ്ട്.തിരുവനന്തപുരം അടക്കം ഒരു മണ്ഡലത്തിലും പ്രചാരണത്തിൽ ഒരു പ്രശ‌്നവുമില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട‌്. പ്രവർത്തനം പോരെന്ന പ്രചാരണത്തിനു പിന്നിൽ രാഷ‌്ട്രീയ ഗൂഢാലോചനയെന്നായിരുന്നു ചെന്നിത്തലയുടെ വാദം.
ഇതോടെ അതൃപ‌്തി പരസ്യമായി പ്രകടമാക്കിയ മുല്ലപ്പള്ളി ചെന്നിത്തലയ‌്ക്കൊപ്പം ചേർന്ന‌് ഗൂഢലോചനാ വാദവുമായി വീണ്ടും രംഗത്ത‌് വന്നു.
ബിജെപിയുമായി ചേർന്നുള്ള വോട്ടുകച്ചവടത്തിനുള്ള രഹസ്യനീക്കം മറനീക്കിയതിലുള്ള അങ്കലാപ്പിലാണ‌് കോൺഗ്രസ‌് നേതൃത്വം. ഞായറാഴ‌്ച പട്ടോള കെപിസിസി ആസ്ഥാനത്ത‌് അവലോകനയോഗം വിളിച്ചു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ‌്നിക്കും മുല്ലപ്പള്ളി രാമചന്ദ്രനും കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരം ഉൾപ്പെടെ അഞ്ച‌് മണ്ഡലത്തിൽ ബിജെപിയുമായി ചേർന്ന‌് കോൺഗ്രസ‌് വോട്ടുമറിക്കലിന‌് ധാരണയുണ്ടെന്ന‌് ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ‌് പ്രചാരണത്തിൽ പാർടിയുടെ ഭാഗത്തുനിന്ന‌് വേണ്ടത്ര സഹകരണമില്ലെന്ന‌് ശശി തരൂർ കോൺഗ്രസ‌് നേതൃത്വത്തിന‌് പരാതി നൽകിയത‌്. എന്നാൽ, പ്രവർത്തകരിൽ തനിക്ക‌് വിശ്വാസമുണ്ടെന്നും പരാതി നൽകിയിട്ടില്ലെന്നുമായിരുന്നു തരൂരിന്റെ വാദം. എഐസിസി നിരീക്ഷകനെ നിയമിച്ചതോടെ തരൂരിന്റെ വാദം പൊളിഞ്ഞു.
തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട‌്, വടകര, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലെ യുഡിഎഫ‌് സ്ഥാനാർഥികളും കോൺഗ്രസ‌് നേതൃത്വത്തിന‌് പരാതി നൽകിയിട്ടുണ്ടെന്നാണ‌് വിവരം. എഐസിസി നിരീക്ഷകനെ നിയമിച്ചതറിഞ്ഞപ്പോഴാണ‌് ശശി തരൂരിന്റെ പ്രചാരണത്തിൽ തൃപ‌്തി പോരെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചത‌്.
അഭിപ്രായ സർവേ ഫലത്തിലും രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിലും മേൽക്കൈ പ്രതീക്ഷിച്ച കോൺഗ്രസ‌് നേതൃത്വത്തിന്റെ ആത്മവിശ്വാസം ചോരുന്നതിന്റെ സൂചനയാണ‌് നേതാക്കളുടെ പരസ‌്പരവിരുദ്ധമായ വെളിപ്പെടുത്തൽ. നേതാക്കളും പ്രവർത്തകരും പരസ‌്പരം വിശ്വാസം നഷ്ടപ്പെട്ട നിലയിലാണ‌്.
പട്ടോള ഉടൻ തിരുവനന്തപുരത്ത‌് എത്തി പ്രചാരണ നിയന്ത്രണം ഏറ്റെടുക്കുമെന്ന‌് എഐസിസി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മുൻ ബിജെപിക്കാരനെ നിരീക്ഷകനായി നിയമിച്ചതിൽ കോൺഗ്രസിൽ ഒരു വിഭാഗം അസ്വസ്ഥരാണ‌്. കേരളത്തിൽ ഉടനീളം കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവർത്തനം മന്ദഗതിയിലാണെന്ന വിലയിരുത്തലിലാണ‌് എഐസിസി.
ആരാണീ പട്ടോള
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന നാഗ്പൂരിലെ കോൺഗ്രസ‌് സ്ഥാനാർഥിയാണ‌് നാന പട്ടോള. 54 കാരനായ പട്ടോള 2017 ലാണ‌് ബിജെപി വിട്ട‌് കോൺഗ്രസിൽ ചേർന്നത‌്. 2014 തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ‌് പ്രഫുൽ പട്ടേലിനെ ഭണ്ഡാര ഗോണ്ഡിയ മണ്ഡലത്തിൽ 1.49 ലക്ഷം വോട്ടിന‌് പഠോളെ തോൽപ്പിച്ചിരുന്നു.
പിന്നീട‌് കേന്ദ്ര നേതൃത്വം അവഗണിച്ചുവെന്ന‌് ആരോപിച്ച‌് 2017 ൽ ബിജെപി വിട്ടു. പല മുതിർന്ന ബിജെപി നേതാക്കളുമായും പട്ടോളെയ‌്ക്ക‌് അടുത്ത ബന്ധമുണ്ട‌്. 2019 തെരഞ്ഞെടുപ്പിൽ നാഗ‌്പ്പുരിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ‌്ക്കരിയ‌്ക്കെതിരായി മൽസരിച്ചു. രണ്ടുവട്ടം കോൺഗ്രസ‌് ടിക്കറ്റില്‍ എംഎൽഎയായിരുന്നു.
കോൺഗ്രസ‌് വിട്ട് പട്ടോള 2009 ൽ ഭണ്ഡാര ഗോണ്ഡിയയിൽ സ്വതന്ത്രനായി മൽസരിച്ചെങ്കിലും പ്രഫുൽ പട്ടേലിനോട‌് തോറ്റു. തുടർന്നാണ‌് വീണ്ടും ബിജെപി പാളയത്തിൽ എത്തിയത‌്.
from Kerala || Deshabhimani Online News http://bit.ly/2v22uDR
via IFTTT
No comments:
Post a Comment