കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്കെതിരെ സുഹൃത്തിന്റെ നിർണായക മൊഴി. കെവിൻ കൊല്ലപ്പെട്ടെന്നു മുഖ്യ പ്രതി ഷാനു ചാക്കോ പറഞ്ഞതായി ഷാനുവിന്റെ അയൽക്കാരനും കേസിൽ 26 -ാം സാക്ഷിയുമായ ലിജോയാണ‌് മൊഴി നൽകിയത‌്. ഇക്കാര്യം വ്യക്തമാക്കി ഷാനു തന്റെ മൊബൈൽ ഫോണിലേക്ക‌് അയച്ച വാട‌്സ‌് ആപ്പ‌് സന്ദേശവും കോടതിയിൽ നൽകി.
അതിനിടെ കേസിന്റെ വിചാരണ വേളയിൽ നാലാം പ്രതി റിയാസിനെ തിരിച്ചറിയുന്നതിനായി പ്രതിക്കൂട്ടിനടുത്തെത്തിയ ലിജോയെ കോടതിയിൽ വച്ചു പ്രതി ഭീഷണിപ്പെടുത്തി. ലിജോയുടെ പരാതിയിൽ കേസെടുക്കാനും സാക്ഷികൾക്ക‌് ആവശ്യമായ സുരക്ഷ ഒരുക്കാനും കോടതി നിർദേശം നൽകി.
കെവിന്റെ മരണം പ്രതികൾ ഉറപ്പാക്കിയിരുന്നു എന്ന നിർണായക വിവരമാണ‌് സാക്ഷിമൊഴിയിലൂടെ പുറത്തുവന്നത‌്. ‘കെവിൻ തീർന്നു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ്’ എന്ന് ഷാനു പറഞ്ഞതായാണ് ലിജോ മൊഴി നൽകിയിരിക്കുന്നത്. സംഭവ ദിവസം രാവിലെ ഏഴോടെയാണ‌് ഷാനു തന്നെ വിളിച്ചതെന്നും മൊഴിയിലുണ്ട‌്. അതോടൊപ്പം ഷാനു തനിക്ക‌് അയച്ച വാട‌്സ‌് ആപ്പ‌് സന്ദേശവും ലിജോ തിരിച്ചറിഞ്ഞു. ‘അവൻ തീർന്നു; ഡോണ്ട‌് വറി, മറ്റവനെ വിട്ടയക്കുന്നു’ എന്നായിരുന്നു സന്ദേശം. കെവിൻ അവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ടു പോയതായാണ് ഷാനു ചാക്കോ ഉൾപ്പെടെയുള്ള പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ കെവിൻ മരിച്ചതായി ഷാനു ചാക്കോ നേരിട്ട് വിളിച്ചു പറഞ്ഞതായാണ് ലിജോ നൽകിയ മൊഴി. പാലാ മജിസ്‌ട്രേറ്റ് കോടതിയിലും ലിജോ നേരത്തെ ഇക്കാര്യം രഹസ്യമൊഴിയായി നൽകിയിരുന്നു.
കെവിനെ കൊലപ്പെടുത്തിയിട്ടില്ലെന്നും വെള്ളത്തിൽ വീണു മരിച്ചതാകാമെന്നുമായിരുന്നു പ്രതികളുടെ വാദം. കെവിനെ തട്ടിക്കൊണ്ടു പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നുമായിരുന്നു പ്രതികൾ പറഞ്ഞിരുന്നത‌്. ഈ വാദം തള്ളിക്കളയുന്ന മൊഴിയാണ് ലിജോയുടേത‌്. ഷാനു ചാക്കോയുടെ കൂട്ടുകാരനാണ് ലിജോ. ചാക്കോയുൾപ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ടുവന്നതും പൊലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളുമാണ്. ലിജോയുടെ മൊഴി കേസിൽ അതീവ നിർണായകമാണ്. കെവിൻ കൊല്ലപ്പെട്ടശേഷം ഷാനു ഫോണിൽ വിളിച്ചാണു വിവരം അറിയിച്ചതെന്നും ഷാനുവിനോട്കീഴടങ്ങാൻ നിർദേശിച്ചതായും ലിജോ കോടതിയിൽ പറഞ്ഞു.
കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണയ‌്ക്കിടെയാണ‌് സാക്ഷി ലിജോയ‌്ക്കുനേരെ ഭീഷണി ഉയർന്നത‌്. പ്രതിക്കൂട്ടിൽ നിന്ന എട്ടാം പ്രതി നൗഷാദാണ‌് ലിജോയെ കഴുത്തറക്കുമെന്നു കൈകൊണ്ടു കാണിച്ചത‌്. ഉച്ചയ‌്ക്കുശേഷം കോടതി ചേർന്നപ്പോൾ ലിജോ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് കോടതി പ്രതിഭാഗത്തിന് കർശന താക്കീത് നൽകി. സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കാനും ഉചിതമായ നടപടികളുമായി മുന്നോട്ടു പോകാനും കോടതി പ്രോസിക്യൂഷന് നിർദേശം നൽകി.
കെവിൻ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് ചാക്കോ കോട്ടയത്തെത്തിയത‌് ലിജോയോടൊപ്പമാണ്. കേസിലെ മുഖ്യപ്രതി ഷാനു, രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് എന്നിവരെ ലിജോ തിരിച്ചറിഞ്ഞു. കേസിലെ മുഖ്യസാക്ഷി അനീഷിന്റെ വിസ്താരം പൂർത്തിയായി. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച മൂന്ന് വാഹനങ്ങളും അനീഷ് തിരിച്ചറിഞ്ഞു. കെവിൻ കൊല്ലപ്പെടുന്നതിനു മുമ്പ‌് 26 ന‌് രണ്ടാം പ്രതി നിയാസും നീനുവിന്റെ അമ്മയും അടക്കം തന്റെ വീട്ടിൽ എത്തിയതായും വീടിനുള്ളിൽ അതിക്രമിച്ചു കയറി പരിശോധന നടത്തിയതായും അനീഷ‌് കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം.
കോട്ടയം നട്ടാശേരി സ്വദേശി കെവിനെ(23) 2018 മേയ‌് 27 ന‌് പുലർച്ചെ മാന്നാനത്തെ ബന്ധുവീട്ടിൽ നിന്ന‌് തട്ടിക്കൊണ്ടുപോയി. 28- ന് പകൽ 11 -ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റിൽ കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.
ഇതുപ്രകാരം ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണം. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വെള്ളിയാഴ‌്ചയും വിചാരണയ്ക്ക് എത്തിയത്.
from Kerala || Deshabhimani Online News http://bit.ly/2voljBp
via IFTTT
No comments:
Post a Comment