സ്വന്തം ലേഖകൻ> വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്നത‌് തുടരുന്നതിലൂടെ പ്രധാനമന്ത്രി മോഡിയുടെ ഗൂഢഹിന്ദുത്വ അജൻഡ തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എൽഡിഎഫ് ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്സിലിരിപ്പാണ് മോഡിക്കും സംഘപരിവാറിനുമുള്ളത‌്. ആ ഗൂഢലക്ഷ്യം നേടാൻ ദേശീയതലത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങൾ മോഡി ഉൾപ്പെടെയുള്ളവർ തുടരുന്നത്.
അതുകൊണ്ടാണ് വാരാണസിയിൽ പത്രിക സമർപ്പിക്കുന്നതിനുമുമ്പ‌് കേരളത്തെ താഴ്‌ത്തിക്കെട്ടുന്ന പ്രസംഗം നടത്തിയത‌്. വീട്ടിൽനിന്ന‌് പുറത്തുപോകുന്ന ബിജെപിക്കാർ കേരളത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും ജീവൻ പണയംവച്ചാണ് പ്രവർത്തിക്കുന്നതെന്നുമുള്ള അഭിപ്രായം അപകടകരമായ നുണബോംബാണ്. ഇത്തരം വ്യാജപ്രസ്‌താവന നടത്തി പ്രധാനമന്ത്രി ക്കസേരയുടെ മഹത്വം കളങ്കപ്പെടുത്തുകയാണ് മോഡി.
ഇന്ത്യയിൽ ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണിത‌്. തെരഞ്ഞെടുപ്പ് കമീഷൻതന്നെ ഇക്കാര്യത്തിൽ കേരളത്തെ പ്രശംസിച്ചു. വോട്ടെടുപ്പ് ദിവസം ഏതെങ്കിലും ബിജെപി പ്രവർത്തകൻ ആക്രമിക്കപ്പെട്ടതായി ഒരുകേസുപോലുമില്ല. വോട്ടുചെയ്യാനെത്തിയ സംഘപരിവാറുകാരെ തടഞ്ഞ സംഭവങ്ങളുമില്ല. എന്നിട്ടാണ് സംസ്ഥാനത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയത്. ഇതുവഴി ആർഎസ്‌എസ് പ്രചാരകന്റെ നിലവാരത്തിലേക്ക് പ്രധാനമന്ത്രി തരംതാണു.
അതുകൊണ്ടുതന്നെ ഇത്തരം ജൽപ്പനങ്ങൾ പ്രബുദ്ധകേരളം ഒന്നായി അവഗണിക്കും. മുമ്പൊരിക്കൽ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ദൈവനാമം ഉച്ചരിച്ചാൽ അറസ്റ്റുണ്ടാകുന്ന സംസ്ഥാനമാണെന്ന് പ്രസംഗിക്കാനും മടികാട്ടിയില്ല. മാന്യതയുള്ള ഒരുനേതാവും ഇത്തരം അസത്യം വിതറില്ല.
അക്രമരാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം ആർഎസ‌്എസ‌്
വോട്ടെടുപ്പിനുശേഷവും കേരളത്തിനെതിരെ വ്യാജപ്രചാരണം തുടരുന്നത് എൽഡിഎഫ‌് ദേശീയമായി ഹിന്ദുത്വശക്തികൾക്ക് സഹിക്കാനാകാത്ത രാഷ്ട്രീയ ബദലായതിനാലാണ‌്. അക്രമ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രവും കിരാതശക്തിയും ആർഎസ്‌എസ് ആണെന്ന് അരനൂറ്റാണ്ടിലെ സംഘപരിവാറിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ വിളിച്ചറിയിക്കുന്നു. 236 സിപിഐ എം പ്രവർത്തകരാണ് സംസ്ഥാനത്ത് ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടത‌്.
എട്ടുവയസ്സുള്ള കാഞ്ഞങ്ങാട്ടെ ഫഹദ്, ചേർത്തലയിലെ അനന്തു, എരുവട്ടിയിലെ 68 വയസ്സുള്ള സരോജിനിയമ്മ ഇങ്ങനെ പ്രായ-ലിംഗ വ്യത്യാസങ്ങളൊന്നുമില്ലാതെ ആളുകളെ കൊല്ലുകയായിരുന്നു ആർഎസ്‌എസ്. ഇതുചെയ്‌ത പാർടിയുടെ നേതാവാണ‌് സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ് കേരളത്തെ അപമാനിക്കാൻ നോക്കുന്നത‌്–- കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Vte2ix
via IFTTT
No comments:
Post a Comment