തൊടുപുഴ
ഇടവെട്ടി പഞ്ചായത്തിലെ കല്ലാനിക്കലിൽ അഡ്വ. ജോയ്സ് ജോർജ് വന്നിറങ്ങുമ്പോൾ മുച്ചക്ര വാഹനത്തിൽ ലോട്ടറി തൊഴിലാളി കുഞ്ഞുമോൾ മോഹനൻ കാത്തുനിന്നു.
വികലാംഗർക്കും ഭിന്നശേഷിക്കാർക്കും താങ്ങായ എൽഡിഎഫ് സർക്കാരിന്റെ പ്രതിനിധിയെ സ്വീകരിച്ചിട്ടുവേണം ലോട്ടറി വിൽക്കാൻ പോകാൻ. മുച്ചക്ര സ്കൂട്ടറിൽനിന്നും ഇറങ്ങാനാവാതെ കൈയിൽ കൊന്നപ്പൂക്കളുമായി ഇരുന്ന കുഞ്ഞുമോളുടെ അടുത്തേക്ക‌് സ്ഥാനാർഥിയെത്തി.
അവശവിഭാഗത്തോടുള്ള ഇടതുപക്ഷത്തിന്റെ കരുതലിന് കുഞ്ഞുമോളുടെ സ്നേഹോപഹാരം. ‘‘വിജയിച്ചുവരണം...'' കുഞ്ഞുമോളുടെ അനുഗ്രഹം. ‘‘നിങ്ങളുടെയൊക്കെ ക്ഷേമം ഉറപ്പാക്കാൻ എന്നും ഉണ്ടാകു''മെന്ന് സ്ഥാനാർഥിയുടെ മറുപടി.
വരവേറ്റത‌് മേളപ്പെരുക്കത്തോടെ....
സ്വീകരണകേന്ദ്രങ്ങളിലെല്ലാം ഉത്സവത്തിന്റെ മേളപ്പെരുക്കം. ചെണ്ടമേളവും ശിങ്കാരിമേളവും നാസിക് ഡോലും മുറുകുന്നു. ജനം ആവേശത്തിമിർപ്പിൽ. തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തിലെ നെല്ലാപ്പാറയിൽ നിന്നായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനത്തിന്റെ തുടക്കം. എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ പര്യടനം ഉദ്ഘാടനം ചെയ്യുന്നതിനിടെ സ്ഥാനാർഥിയെത്തി. ജനക്കൂട്ടത്തെ ആവേശഭരിതരാക്കി സ്വീകരണത്തിന് നന്ദിപറഞ്ഞ് തുറന്ന വാഹനത്തിൽ കരുങ്കുന്നത്തേക്ക‌്.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥി എത്തുമ്പോൾ സ്വാഗതമോതി കരിമരുന്നുപ്രയോഗം. മുദ്രാവാക്യം വിളികൾക്കിടയിലൂടെ ജനങ്ങളെ അഭിവാദ്യം ചെയ‌്ത‌് ജോയ്സ്. തിരക്കിനിടയിലൂടെ രണ്ട് വൃദ്ധകൾ ബദ്ധപ്പെട്ട് കടന്നെത്തി. കൈയിൽ കരുതിയ പൂക്കൾ സമ്മാനിച്ച അവർ ജോയ്സിനെ ചേർത്തുപിടിച്ച് കവിളിൽ മുത്തമേകി. ഈ കരങ്ങളിലാണ് ഞങ്ങൾക്ക് വിശ്വാസമെന്ന് എൺപതുകാരിയായ കമലാക്ഷിയും എഴുപത്തിയെട്ടുകാരി തങ്കമ്മയും പ്രഖ്യാപിച്ചു. അമ്മമാരുടെ സ്നേഹത്തിൽ വികാരാധീനനായ സ്ഥാനാർഥി അവരെ ചേർത്തുപിടിച്ചു.
മ്രാല മേഖലയിലേക്ക‌് സ്വാഗതമോതി കരിങ്കുന്നം പുത്തൻപള്ളിക്ക‌് മുന്നിൽ ജനങ്ങൾ. ഇവിടെയും ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥന. പ്ലാന്റേഷൻ ലക്ഷംവീട് ഭാഗത്തെ ജനങ്ങളൊന്നാകെ സ്വീകരണകേന്ദ്രത്തിൽ എത്തി. ഒമ്പതുമാസം പ്രായമുള്ള ആഷ്മി നന്ദ മുതൽ എഴുപതുകാരി ഏലിക്കുട്ടി വരെ. ‘വർഗീയത വീഴും... വികസനം വാഴും... ഇത് കേരളമാണ്' എന്ന ബാനറിനുപിന്നിൽ അണിനിരന്നവരുടെ കൈകളിൽ ഒരു പൂക്കാലം തന്നെയുണ്ട്. മ്രാലയിലും പെരുമറ്റത്തും പഴയമറ്റത്തും ചള്ളാവയലിലുമെല്ലാം ഹൃദ്യമായ വരവേൽപ്. വർണക്കുടകളുടെ സ്നേഹത്തണലുമായി ജനങ്ങൾ.

മുട്ടം ടൗണിലേക്ക‌് ജോയ്സ് ജോർജ് എത്തുമ്പോൾ പ്രകടനമായി പ്രവർത്തകർ അണിചേർന്നു. പഞ്ചായത്ത് ബസ് സ‌്റ്റാൻഡിന് സമീപത്തുനിന്നും പ്രവർത്തകർക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് സ്ഥാനാർഥി നടന്നുനീങ്ങി. ഐക്യദാർഢ്യം ഊട്ടിയുറപ്പിച്ച് കാഞ്ഞിരമറ്റവും കാരിക്കോടും. ദിവസങ്ങളായി ഉണ്ടപ്ലാവുകാർ ഉറങ്ങിയിട്ടില്ല. പ്രദേശമാകെ ചുവപ്പിലലിഞ്ഞു. ജോയ്സിനെ വരവേൽക്കാൻ ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയ ഒരുക്കമാണ്. സ്വീകരിച്ച് ആനയിക്കാൻ കുതിരയുമുണ്ട്.
ജോയ്സിന്റെ വാഹനമെത്തുമ്പോൾ ആവേശം ഉച്ചസ്ഥായിയിൽ. ചെണ്ടമേളത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ഇടയിലൂടെ നടന്നെത്തിയ ജോയ്സ് ജോർജിനെ റെഡ് വളണ്ടിയറുടെ വേഷം ധരിച്ച നാലുവയസ്സുകാരി നെസ്മിയ നിഷാദ് കൊന്നപ്പൂക്കളേകി വരവേറ്റു. ജനദ്രോഹഭരണത്തിന് അറുതി വരുത്താനും മതനിരപേക്ഷത നിലനിർത്താനുമാണ് തന്റെ പോരാട്ടമാണ് ജനങ്ങളെ ഓർമിപ്പിക്കുമ്പോൾ നിറഞ്ഞ കൈയടി.
സ്വീകരിക്കാൻ രക്തസാക്ഷി ടി എ നസീറിന്റെ ബാപ്പയും
തൊടുപുഴ
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിനെ സ്വീകരിക്കാൻ കോൺഗ്രസുകാരുടെ കൊലക്കത്തിക്ക് ഇരയായ അനശ്വര രക്തസാക്ഷി ടി എ നസീറിന്റെ ബാപ്പ എത്തിയത് ആവേശമായി.
പ്രായാധിക്യം വകവയ്ക്കാതെയാണ് സ. ടി എ നസീറിന്റെ ബാപ്പ അലിയാർ മുഹമ്മദ് ഉണ്ടപ്ലാവിലെ സ്വീകരണകേന്ദ്രത്തിൽ എത്തിയത്. ആശയപോരാട്ടത്തിന്റെ പേരിലാണ് ഇരുപതു വർഷം മുമ്പ‌് കോൺഗ്രസുകാർ ടി എ നസീറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
മകന്റെ ജ്വലിക്കുന്ന ഓർമകളെ സാക്ഷിനിർത്തി അദ്ദേഹം ജോയ്സ് ജോർജിനെ ചുവപ്പ‌് ഷാളണിയിച്ച‌് വരവേറ്റപ്പോൾ അന്തരീക്ഷത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി.

from Kerala || Deshabhimani Online News http://bit.ly/2Uy5GWd
via IFTTT
No comments:
Post a Comment