കുട്ടികൾ ‘നന്നാകാൻ’ക്രൂരമർദനം; സാക്ഷിയായി അമ്മ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

കുട്ടികൾ ‘നന്നാകാൻ’ക്രൂരമർദനം; സാക്ഷിയായി അമ്മ

തൊടുപുഴ > ‘‘കുട്ടികളെ മർദിച്ചാലേ നന്നായി വളരൂ...’’ ഒന്നുമറിയാത്ത പ്രായത്തിലുള്ള പിഞ്ചുമക്കളെ കൊടിയ മർദനങ്ങൾക്ക‌് വിധേയരാക്കുമ്പോൾ തടസ്സം പിടിക്കാനെത്തുന്ന യുവതിയോട‌് ഇതായിരുന്നു അരുൺ ആനന്ദിന്റെ മറുപടി. മനുഷ്യജീവന‌് തെല്ലും വിലകൽപിക്കാത്ത അരുണിന്റെ മർദനമുറകൾക്കു മുമ്പിൽ പലപ്പോഴും യുവതി മൂകസാക്ഷിയായി.

ആദ്യമൊക്കെ തടയാൻ ശ്രമിക്കുമായിരുന്നു. എന്നാൽ, കുട്ടികൾ നന്നായി വളരാനാണെന്ന‌് പറഞ്ഞ‌് ഇയാൾ ‘ബോധവൽക്കരിച്ചു’. മർദനത്തെക്കുറിച്ച‌് മക്കൾ പരാതി പറയുമ്പോൾ ‘കുരുത്തക്കേട‌് കാണിച്ചിട്ടാവു’മെന്ന‌് പറഞ്ഞ‌് യുവതിയും നിസാരവൽക്കരിച്ചു.

കുട്ടികളുടെ ചെറു കുസൃതികൾക്ക‌് യുവതിയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പ്രതി കഠിനശിക്ഷയാണ‌് നൽകിയത‌്. സംഭവദിവസം പുലർച്ചെ ഏഴുവയസ്സുകാരനുനേരെ അതിക്രൂരമർദനം അരങ്ങേറിയ ശേഷവും ഇതിന്റെ ഗൗരവം ഉൾക്കൊള്ളാൻ യുവതിക്കായില്ല. അരുണിനോടുള്ള ഭയവും കാരണമായി. ഇക്കാര്യം അവർ അന്വേഷണസംഘത്തോട‌്  പറഞ്ഞിട്ടുണ്ട‌്.

അമ്മയുമായി അകൽച്ചയിലായിരുന്നതിനാൽ അവരെയും യുവതി ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. സമീപനാളുകളിൽ അരുണിൽ കുറ്റവാസന പെരുകി. നിസാരകാര്യങ്ങളിൽ പൊടുന്നനെ പൊട്ടിത്തെറിച്ച‌് കുട്ടികളെയും യുവതിയെയും മർദിക്കും. കുട്ടികളെ വീട്ടിൽ ഒറ്റയ‌്ക്കാക്കി, യുവതിയെ നിർബന്ധിച്ച‌് ഒപ്പംകൂട്ടി രാത്രികളിൽ പുറത്തുപോകുന്നതും പതിവായിരുന്നു.

ഭർത്താവിന്റെ മരണശേഷം അരുണിനൊപ്പം താമസിക്കാൻ രണ്ടു മക്കളുമായി ഇറങ്ങിപ്പുറപ്പെടുമ്പോൾ വരുംവരായ‌്കകൾ ഇവർ ആലോചിച്ചില്ല. അരുൺ പറയുന്നതെല്ലാം വിശ്വസിച്ചു. കൂടെ താമസിച്ചിട്ടും അരുണിലെ ക്രൂരതയുടെ ആഴം മനസ്സിലാക്കാൻ വൈകി. അന്വേഷണസംഘത്തോ‌ട‌് യുവതി ഇപ്പോൾ സഹകരിക്കുന്നുണ്ട‌്. കേസിലെ പ്രധാന സാക്ഷിയും ഇവരാണ‌്. മർദനം കണ്ട ഇളയകുട്ടിയുടെ മൊഴിയും അന്വേഷണത്തെ സഹായിക്കും.

അതീവ ഗുരുതരാവസ്ഥയിലായ മൂത്ത കുട്ടിയുമായി അമ്മയും സൃഹൃത്തും ആശുപത്രിയിലേക്ക‌് പോയപ്പോൾ നാലുവയസ്സുള്ള ഇളയകുട്ടി വീട്ടിൽ ഒറ്റയ‌്ക്കായിരുന്നു. മടങ്ങിയെത്തുമ്പോൾ അരുൺ മർദിച്ചാലോ എന്ന ഭയംകൊണ്ട‌് മുറിയിലും ഭിത്തിയിലും തെറിച്ച ചോരപ്പാടുകൾ തുടയ‌്ക്കാനാണ‌് ഈ കുഞ്ഞ‌് ശ്രമിച്ചത‌്. 

അരുണിന്റെ ക്രിമിനൽ പശ്ചാത്തലമൊന്നും മനസ്സിലാക്കിയിരുന്നില്ലെന്നാണ‌് യുവതിയുടെ മൊഴി. ഇയാൾക്ക‌് പണം ആവശ്യമായിരുന്നു. ഇതിനായി യുവതിയെ ഭീഷണിപ്പെടുത്തി. പലരോടും കടം ചോദിപ്പിച്ചു. മരണശേഷം  ആദ്യഭർത്താവിന്റെ സുഹൃത്തുക്കൾ സ്വരൂപിച്ച‌് നൽകിയതടക്കം മൂന്നേകാൽ ലക്ഷത്തോളം രൂപ മക്കളുടെ പേരിൽ ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത‌് ഇയാൾ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു.  യുവതിയുടെ അമ്മയ‌ും ഇയാളുടെ ഭീഷണിയുടെ നിഴലിലായിരുന്നു.

ആരിൽ നിന്നൊക്കെയോ അരുണും അക്രമം ഭയന്നിരുന്നെന്നും യുവതി പറയുന്നുണ്ട‌്. എന്നാൽ, ഇതിൽ വ്യക്തത വന്നിട്ടില്ല. കാർ കസ്റ്റഡിയിൽ എടുത്തപ്പോൾ കൈക്കോടാലി കണ്ടെത്തിയിരുന്നു.  സ്വയരക്ഷയ‌്ക്കാണ‌് ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നായിരുന്നു അരുൺ യുവതിയോട‌് പറഞ്ഞിരുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2UbNDpE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages