ശക്തമായ ത്രികോണ മത്സരം: വിലയിടിഞ്ഞ‌് ‘പൊട്ടറ്റോ സിറ്റി’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

ശക്തമായ ത്രികോണ മത്സരം: വിലയിടിഞ്ഞ‌് ‘പൊട്ടറ്റോ സിറ്റി’

ഫറൂഖാബാദ‌്> ഉരുളക്കിഴങ്ങിന്റെ വിലയിടിവാണ‌് ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ‌് വിഷയം.‘പൊട്ടറ്റോ സിറ്റി’യെന്ന‌് വിളിപ്പേരുള്ള ഫറൂഖാബാദ‌് ലോക‌്സഭാ മണ്ഡലത്തിൽ നാലാം ഘട്ടത്തിലാണ‌് വോട്ടെടുപ്പ‌്. മണ്ഡലത്തിലെ പ്രധാന കാർഷികവിളയായ ഉരുളക്കിഴങ്ങിന‌് തെരഞ്ഞെടുപ്പ‌് ഘട്ടത്തിൽ വിലയിടിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുന്നത‌് ഭരണകക്ഷിയായ ബിജെപിയാണ‌്.

ഫറൂഖാബാദ‌് നിലനിർത്താനാകുമെന്ന ബിജെപിയുടെ മോഹങ്ങൾക്ക‌ുമേൽ കരിനിഴലാവുകയാണ‌് ഉരുളക്കിഴങ്ങ‌് വിലയിടിവ‌്. ഫറൂഖാബാദ‌് ഉൾപ്പെടെ നാല‌് ജില്ലയിൽ ഉരുളക്കിഴങ്ങിന്റെ വിലയിടിവ‌് പ്രധാന പ്രചാരണവിഷയമാണ‌്. ചെറുപട്ടണമായ ഫറൂഖാബാദിനെ സജീവമാക്കുന്നത‌് ഉരുളക്കിഴങ്ങിന്റെ വാങ്ങൽ കേന്ദ്രമായ ‘ആലു മണ്ഡി’യാണ‌്. മാർച്ച‌ിൽ വിളവെടുപ്പ‌് പൂർത്തിയാകുന്നതോടെ വലിയതിരക്ക‌് അനുഭവപ്പെടേണ്ട മണ്ഡിയിൽ ഇപ്പോൾ നാമമാത്ര കച്ചവടമാണ‌് നടക്കുന്നത‌്. കിലോയ‌്ക്ക‌് ഏഴുരൂപ നിരക്കിൽ കിഴങ്ങ‌് വിൽക്കാൻ കർഷകർ മടിക്കുന്നു. വ്യാപാരികളാകട്ടെ വില ഉയർത്താൻ കൂട്ടാക്കുന്നുമില്ല.

വൻകിട കർഷകർക്ക‌് വിൽപ്പന പരമാവധി നീട്ടിക്കൊണ്ടുപോകാമെങ്കിലും ഇടത്തരം ചെറുകിട കർഷകർ പ്രതിസന്ധിയിലാണ‌്. കൃഷിക്ക‌് മുതൽമുടക്കിയ പണമെങ്കിലും അടിയന്തരമായി കിട്ടേണ്ട കർഷകരെയാണ‌് വിലയിടിവ‌് ഏറെ വലയ‌്ക്കുന്നത‌്. ഫറൂഖാബാദിൽനിന്ന‌് 15 കിലോമീറ്റർ വടക്കുമാറിയുള്ള നയ‌്ഗാൻ ഗ്രാമത്തിലെ ചെറുകിട കർഷകനാണ‌് മംഗൾ ദാസ‌്. കഴിഞ്ഞ ഒരാഴ‌്ചയായി ഫറൂഖാബാദ‌് മണ്ഡിയിൽ വന്നുപോകുന്ന മംഗൾദാസ‌് നിരാശനാണ‌്. മൂന്ന‌് ബീഗ (രണ്ടേക്കർ) നിലമുള്ള മംഗൾ ദാസ‌് അമ്പതുചാക്ക‌് കിഴങ്ങാണ‌് വിളവെടുത്തത‌്. അമ്പതുകിലോ കിഴങ്ങാണ‌് ഒരു ചാക്കിൽ വരിക. ഇപ്പോഴത്തെ വിലനിരക്കിൽ കിഴങ്ങ‌് വിറ്റാൽ അങ്ങേയറ്റം 15000 രൂപയാണ‌്  ലഭിക്കുക.

വിത്ത‌്, വളം തുടങ്ങി വിവിധ കൃഷിച്ചെലവുകൾക്കായി ഇതിലധികം രൂപ ചെലവഴിച്ചുവെന്ന‌് ദാസ‌് പറഞ്ഞു. കഴിഞ്ഞ മൂന്ന‌് വർഷമായി കിഴങ്ങ‌് കൃഷി നഷ്ടത്തിലാണ‌്. നോട്ടുനിരോധനത്തിന‌ുമുമ്പ‌് അമ്പതുകിലോ ചാക്കിന‌് ആയിരം രൂപയോളം വില കിട്ടിയിരുന്നു.  കഴിഞ്ഞ ഒക്ടോബറിൽ വില 700 രൂപ വരെയായി ഉയർന്നെങ്കിലും പിന്നീട‌് കുറഞ്ഞു.  ഒരു ചാക്ക‌് കിഴങ്ങ‌് ശീതസംഭരണിയിൽ സൂക്ഷിക്കുന്നതിന‌് 110 രൂപ നൽകണം. ഈയിനത്തിൽത്തന്നെ വലിയ ചെലവുണ്ട‌്. കിഴങ്ങ‌് പെട്ടെന്ന‌് വിറ്റുപോയില്ലെങ്കിൽ പ്രതിസന്ധിയാണ‌്. കുടുംബം കടക്കെണിയിലും പട്ടിണിയിലുമാകും- മംഗൾ ദാസിന്റെ ശബ‌്ദമിടറി.
 
ശീതസംഭരണി ഉടമകളും വൻകിട കച്ചവടക്കാരുമായുള്ള ഒത്തുകളിയും വിലയിടിവിന‌് പിന്നിലുണ്ടെന്ന‌് ചെറുകിട കർഷകർ പറയുന്നു. 
തെരഞ്ഞെടുപ്പ‌് ചൂടേറിയതോടെ കിഴങ്ങ‌് വിലയിടിവ‌് വിഷയത്തിൽനിന്ന‌് ഒഴിഞ്ഞുമാറാനാകാത്ത അവസ്ഥയിലാണ‌് രാഷ്ട്രീയ പാർടികൾ. മോഡി സർക്കാർ കർഷകർക്കായി ഒരുപാട‌് കാര്യങ്ങൾ ചെയ‌്തുവെന്നും ഒരവസരംകൂടി ലഭിച്ചാൽ എല്ലാ പ്രശ‌്നങ്ങൾക്കും പരിഹാരമാകുമെന്നും ബിജെപിയുടെ സിറ്റിങ‌് എംപി മുകേഷ‌് രാജ‌്പുത‌് പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി മോഡി സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന‌് കോൺഗ്രസ‌് സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ‌് കുറ്റപ്പെടുത്തി.  മഹാസഖ്യം സ്ഥാനാർഥിയായ ബിഎസ‌്പിയുടെ മനോഷ‌് അഗർവാളും കിഴങ്ങ‌് വിലയിടിവ‌് സജീവമായ പ്രചാരണവിഷയമാക്കുന്നുണ്ട‌്.
ശക്തമായ ത്രികോണ മത്സരത്തിന‌് വേദിയാകുന്ന ഫറൂഖാബാദിൽ മതനിരപേക്ഷ വോട്ടുകളുടെ വിഭജനത്തിലാണ‌് ബിജെപി പ്രതീക്ഷ പുലർത്തുന്നത‌്. ഒരു ഘട്ടത്തിൽ ശക്തികേന്ദ്രമായിരുന്ന ഇവിടെ പഴയ സംഘടനാ സ്വാധീനം കോൺഗ്രസിനില്ല. കഴിഞ്ഞ 15 തെരഞ്ഞെടുപ്പിൽ ഏഴുവട്ടം കോൺഗ്രസാണ‌് ഫറൂഖാബാദിൽ ജയിച്ചത‌്‌. മൂന്നുവട്ടം ബിജെപിയെ തുണച്ച മണ്ഡലം രണ്ടുതവണ എസ‌്പി സ്ഥാനാർഥികളെ ജയിപ്പിച്ചു. രാജ്യത്ത‌് സോഷ്യലിസ്റ്റ‌് ആശയങ്ങൾക്ക‌് അടിത്തറ പാകിയ രാംമനോഹർ ലോഹ്യ 1962 ൽ ഇവിടെ തെരഞ്ഞെടുക്കപ്പെട്ടു.
1991 ലും 2009 ലും സൽമാൻ ഖുർഷിദ‌് ജയിച്ചു. എന്നാൽ, 2014 ൽ ഖുർഷിദ‌് ബിജെപിക്കും എസ‌്പിക്കും പിന്നിൽ മൂന്നാമതായി.



from Kerala || Deshabhimani ​Online ​News http://bit.ly/2IUF8Z6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages