കാസർകോട‌്
അമേഠിയിലെ വികസന മുരടിപ്പിന‌് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം സുഭാഷിണി അലി. കേരളത്തിൽ എവിടെ സ‌്കൂൾ, എവിടെ ആശുപത്രിയെന്ന‌് ചോദിക്കുന്ന രാഹുൽ 15 വർഷം എംപിയായ അമേഠിയിൽ എത്ര സ‌്കൂളും ആശുപത്രിയുമുണ്ടെന്ന‌് വ്യക്തമാക്കണം. കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലികളിൽ സംസാരിക്കുകയായിരുന്നു അവർ.
10 വർഷം കേന്ദ്രത്തിൽ കോൺഗ്രസ‌് സർക്കാർ ഭരിച്ചിട്ടും രാഹുൽ എംപിയായ കാലത്ത‌് അമേഠി വികസനത്തിലും ജനജീവിത സൂചികയിലും പിന്നിലാണ‌്. 48 ശതമാനം കുട്ടികൾക്ക‌് പോഷകാഹാരം ലഭിക്കുന്നില്ല. 56 ശതമാനം സ‌്ത്രീകളും നിരക്ഷരർ. വയനാട്ടിൽനിന്നാണ‌് പട്ടികവർഗ വിഭാഗത്തിലെ ശ്രീധന്യ സിവിൽ സർവീസ‌് പരീക്ഷ പാസായത‌്. സർക്കാർ സഹായത്താലാണ‌് ഉയർന്ന വിദ്യാഭ്യാസം നേടാനായതെന്ന‌് ശ്രീധന്യ വ്യക്തമാക്കിയിട്ടുണ്ട‌്. മാതാപിതാക്കൾ തൊഴിലുറപ്പ‌് തൊഴിലാളികളാണ‌്. ഏറ്റവും പാവപ്പെട്ട കുട്ടികൾക്കും പഠിച്ചുയരാൻ കഴിയുന്ന നാടാണ‌് കേരളം. അമേഠിയിൽ ഇങ്ങനെയൊന്ന‌് സ്വപ‌്നം കാണാനാകുമോ.
മത്സരിക്കുന്നത‌് ബിജെപിക്കെതിരെയെന്ന‌് പറയുന്ന രാഹുൽ ഗാന്ധി വയനാട്ടിൽ എവിടെയാണ‌് ബിജെപിയുള്ളതെന്ന‌് വ്യക്തമാക്കണം. വയനാട്ടിൽ ബിജെപിക്ക‌് സ്ഥാനാർഥിപോലുമില്ല. എങ്ങും ചെങ്കൊടിയാണ‌്. ദേശീയ തൊഴിലുറപ്പ‌് പദ്ധതി ഒന്നാം യുപിഎ സർക്കാരിന‌് പിന്തുണ നൽകുന്നതിന‌് പകരം ഇടതുപക്ഷം ആവശ്യപ്പെട്ട പദ്ധതിയായിരുന്നു. കേരളത്തിലും ത്രിപുരയിലും നല്ല നിലയിലാണ‌് ഇത‌് നടപ്പാക്കിയത‌്. ബിജെപി അധികാരത്തിൽ വന്നതോടെ സംസ്ഥാനങ്ങൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചു. എന്നിട്ടും കേരളത്തിൽ എൽഡിഎഫ‌് സർക്കാർ പദ്ധതി തുടരുകയാണ‌്.
കമ്യൂണിസ‌്റ്റുകാരാണ‌് ഏറ്റവും വലിയ ശത്രുവെന്നും അവരെ തീർക്കണമെന്നുമാണ‌് നരേന്ദ്ര മോഡിയും അമിത‌് ഷായും പറയുന്നത‌്. വർഗീയതക്കെതിരെ നിർഭയമായി പോരാടുന്നതിനാലാണ‌് കമ്യൂണിസ‌്റ്റുകാരെ ഇവർ ഭയക്കുന്നത‌്. കമ്യൂണിസ‌്റ്റുകാർ നടത്തിയ നിരവധി സമരങ്ങളെ തുടർന്നാണ‌് ലോകത്തിനാകെ മാതൃകയായ ഇന്നത്തെ കേരളം രൂപപ്പെട്ടത‌്. വനിതാ മതിൽ പിന്തിരിപ്പൻ പ്രതിലോമ ആശയങ്ങൾ മുന്നോട്ടുവയ‌്ക്കുന്ന ആർഎസ‌്എസ്സിനെതിരെയുള്ള മുന്നേറ്റമായിരുന്നു. മോഡിക്കെതിരെയുള്ള രാജ്യവ്യാപകസമരങ്ങളിൽ തൊഴിലാളികളും കർഷകരും യുവജനങ്ങളും കൈയ്യിലേന്തുന്നത‌് ചെങ്കൊടിയാണെന്നും സുഭാഷിണി അലി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2G7Hp1h
via IFTTT
No comments:
Post a Comment