തൃശൂർ
ജീവിതകാലം മുഴുവൻ ഫുട്ബോളിനെ നെഞ്ചോടു ചേർത്തുപിടിച്ച തൃശൂരിന്റെ വജ്രത്തിളക്കമുള്ള കറുത്തമുത്ത് ഐ എം വിജയന് 50ന്റെ സുവർണയൗവനം. കോലോത്തുംപാടത്ത് കളിച്ച്, തൃശൂർ സിഎംഎസ് സ്കൂളിൽ പഠിച്ചുവളർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ നെറുകയിലേക്ക് കുതിച്ച ഐ എം എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന ഐ എം വിജയൻ അഞ്ചുപതിറ്റാണ്ടും നിറഞ്ഞുനിന്നത് ഫുട്ബോൾലഹരിയിൽ മാത്രം. 1969 ഏപ്രിൽ 25നായിരുന്നു ജനനം. തൃശൂരിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമായിരുന്നു ആഘോഷങ്ങളില്ലാതെ, വിജയന്റെ 50–-ാം പിറന്നാൾ.
ചെറുപ്രായത്തിൽത്തന്നെ കേരള പൊലീസ് താരമായി മാറിയ വിജയൻ പൊലീസ് ടീമിന്റെ സുവർണകാലഘട്ടത്തിലാണ് തന്റെ മാസ്മരിക പ്രകടനം പുറത്തെടുത്തത്. കേരള പൊലീസിന് ഫെഡറേഷൻ കപ്പ് സമ്മാനിച്ച ടീമിൽ അംഗമായിരുന്ന വിജയൻ കേരളത്തിന് സന്തോഷ് ട്രോഫി വിജയവും സമ്മാനിച്ചു. തുടർന്ന് കൊൽക്കത്തയിലെ ക്ലബ് ഫുട്ബോളിലേക്ക് ചേക്കേറിയ വിജയന് കൊൽക്കത്തക്കാരാണ് കാലോഹരിൻ എന്ന ഓമനപ്പേര് ചാർത്തിയത്. രാജ്യത്തിനുവേണ്ടി നായകനായും അല്ലാതെയും മികച്ച പ്രകടനം പുറത്തെടുത്ത ഐ എം, 338 മത്സരങ്ങളിൽനിന്ന് 250 ആഭ്യന്തരഗോളുകളും 40 രാജ്യാന്തരഗോളുകളും നേടിയിട്ടുണ്ട്.
ഒരു ഇടവേളയ്ക്കുശേഷം പൊലീസ് ടീമിൽനിന്ന് ഒഴിഞ്ഞ വിജയനെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വീണ്ടും ടീമിലേക്കെടുത്തു. നിലവിൽ എആർ ക്യാമ്പിലെ സിഐ ആണ് വിജയൻ. കേരള പൊലീസ് ടീമിന്റെ പരിശീലകനായി ജോലി ചെയ്യുന്നതിനിടെ നിരവധി സിനിമകളിലും അഭിനയിച്ചു. തൃശൂരിൽനിന്നുള്ള ഈ അന്താരാഷ്ട്രതാരത്തിന‌് ആദരവായാണ‌് ഐ എം വിജയന്റെ പേരിൽ ലാലൂരിൽ സ്പോർട്സ് കോംപ്ലക്സ് ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽത്തന്നെ തറക്കല്ലിട്ടതും.
അമ്പതിന്റെ ചെറുപ്പത്തിലേക്ക് ചേക്കേറുമ്പോഴും ഫുട്ബോൾ വിട്ടൊരു ലോകമില്ലെന്ന‌് വിജയൻ പറയുന്നു. മാസങ്ങൾക്കുമുമ്പ് സഹോദരൻ അപകടത്തിൽ മരിച്ചതിനാൽ, പിറന്നാളാഘോഷം കാര്യമായുണ്ടായില്ല. ഒരു കേക്ക‌് മുറിച്ചു. വൈകിട്ട് ദുബായിലേക്ക് പോയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ മധുരവിതരണം നടത്തി പ്രിയതാരത്തിന്റ പിറന്നാൾ ആഘോഷിച്ചു. ഫേസ‌്ബുക്കിൽ പോസ‌്റ്റ‌്ചെയ‌്ത വീഡിയോ സന്ദേശത്തിൽ എല്ലാവർക്കും വിജയൻ നന്ദിപറഞ്ഞു. തന്റെ ജീവിതം ആസ‌്പദമാക്കി സ്വയം നിർമിക്കുന്ന സിനിമയുടെ വിശേഷങ്ങൾ സന്ദേശത്തിൽ പങ്കുവച്ചു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ‌് വിജയനായി എത്തുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2J3b9y2
via IFTTT
No comments:
Post a Comment