കട്ടപ്പന
പ്രളയക്കെടുതിയിൽ ഏലം കൃഷി വ്യാപകമായി നശിച്ചതോടെ ഏലയ‌്ക്ക വില സർവകാല റെക്കോഡിലേക്ക‌്. ചരിത്രത്തിലാദ്യമായി ഏലയ‌്ക്ക വില കിലോയ‌്ക്ക‌് 3000 ആയി. വെള്ളിയാഴ‌്ച പുറ്റടി സ‌്പൈസസ‌് പാർക്കിൽ നടന്ന വണ്ടൻമേട‌് മാസ‌് എന്റർപ്രൈസസിന്റെ ഏലയ‌്ക്ക ലേലത്തിലാണ‌് ചരിത്രവിലയായ 3000 രേഖപ്പെടുത്തിയത‌്.
151 ലോട്ട‌്സിലായി 27030.4 കിലോയാണ‌് വിറ്റുപോയത‌്. ശരാശരി വില 2154.1 രൂപയാണ‌്. രാവിലെ നടന്ന നെടുങ്കണ്ടം ഹെഡ്ഡർ സിസ്റ്റത്തിന്റെ ലേലത്തിൽ 2400 ആയിരുന്നു ഉയർന്ന വില. 279 ലോട്ട‌്സിലായി 46168.4 കിലോ വിറ്റിരുന്നു. 2124.51 രൂപയായിരുന്നു ശരാശരി വില. രാവിലത്തെ ലേലത്തിൽനിന്നും ഉച്ചയ‌്ക്കുശേഷം നടന്ന ലേലത്തിൽ 600 രൂപയാണ‌് വർധിച്ചത‌്.
വ‌്യാഴാഴ്ച നടന്ന ലേലത്തിൽ 2168, 2112 എന്നിങ്ങനെ വില ലഭിച്ചു. പ്രളയത്തിൽ കോടിക്കണക്കിന‌് രൂപയുടെ നഷ്ടമാണ‌് ഏലം മേഖലയിൽ മാത്രമുണ്ടായത‌്. കൂടാതെ വേനൽ കടുത്തതോടെ ഉൽപാദനത്തിൽ വൻ ഇടിവ് ഉണ്ടായി. ഈ സാഹചര‌്യത്തിലാണ‌് വിപണിയിൽ ഏലയ‌്ക്ക വില ഉയർന്നത‌്. കൂടാതെ ആഭ്യന്തര, വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ആവശ്യമേറിയതും വില വർധനയ‌്ക്ക‌് കാരണമായി. കഴിഞ്ഞ സെപ‌്തംബറിൽ ഏലയ‌്ക്ക റെക്കോഡ‌് വിലയായ 2227 രൂപയിലെത്തിയിരുന്നു. ആറ‌് വർഷംമുമ്പ‌് കിലോഗ്രാമിന് 1938 വരെ എത്തിയിട്ടുണ്ട‌്. രണ്ട‌് മാസത്തിനുള്ളിൽ 1500 രൂപയാണ‌് ഉയർന്നത‌്.
കഴിഞ്ഞ വർഷം ആഗസ‌്ത‌് ആദ്യവാരത്തിൽ ഏറ്റവും ഉയർന്ന വില 1265ഉം ശരാശരി വില 963 രൂപയുമായിരുന്നു. പ്രളയവും വരൾച്ചയും കനത്ത നാശം വിതച്ചതിനാൽ ഏലം കർഷകർക്ക് വില ഉയർന്നതിന്റെ പ്രയോജനം ലഭിക്കില്ലെന്ന ആശങ്കയുണ്ട‌്. കനത്ത മഴയ‌്ക്കുശേഷം തോട്ടങ്ങളിൽ രോഗങ്ങളും വ്യാപിച്ചു. അഴുകൽ, തട്ട ചീയൽ, ശരം അഴുകൽ തുടങ്ങിയ രോഗങ്ങൾ മൂലം ഹെക്ടർ കണക്കിന‌് ഏലം കൃഷിയാണ‌് നശിച്ചത‌്. രോഗം ബാധിച്ചതോടെ ചെടികൾ നശിച്ച‌് പോവുകയാണ‌്.
വരൾച്ചയിൽ ഹെക്ടർ കണക്കിന‌് സ്ഥലത്തെ ഏലച്ചെടികൾ കരിഞ്ഞുണങ്ങി. ഏലത്തിന്റെ തട്ടകൾ ഒടിഞ്ഞുവീഴുകയും പൂർണമായും നശിക്കുകയും ചെയ‌്തിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2vlAoDZ
via IFTTT
No comments:
Post a Comment