കോഴിക്കോട്
സാധാരണക്കാരുടെ ഇഷ്ടമത്സ്യമായ മത്തി കിട്ടാക്കനിയാവുന്നു. ഒരു മാസത്തിനിടെ മത്തിയുടെ ലഭ്യതയിൽ വൻ ഇടിവാണുണ്ടായത‌്. ലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചു കയറുന്നു. ജൂണിൽ ആരംഭിച്ച ഈ സീസണിൽ മത്തിയുടെ വില പലപ്പോഴും മറ്റു മത്സ്യങ്ങളെ മറികടന്ന് 200 മുതൽ 220 രൂപ വരെ ഉയർന്നു. മാസങ്ങളായി തുടരുന്ന മത്സ്യക്ഷാമമാണ് വിലവർധനവിനു പിന്നിൽ. ഒരു പതിറ്റാണ്ടു മുമ്പ് ഇരുപതിനും മുപ്പതിനും ‘വാരി വാരി' എന്ന കണക്കിൽ വിറ്റിരുന്ന മത്തി ഇന്ന് പല വിൽപ്പന കേന്ദ്രങ്ങളിലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം കോഴിക്കോട‌് സെൻട്രൽ മാർക്കറ്റിൽ 160 രൂപയാണ് മത്തിയുടെ വില. നാട്ടിൻപുറത്തെ ചില്ലറ വിൽപ്പനക്കാരെയാണ് ഇത് വല്ലാതെ ബാധിക്കുക. നഗരത്തിലെ ഉൾപ്രദേശങ്ങളിലേക്ക് എത്തുമ്പോൾ വില ഇനിയും കൂടും. ഈ ദിവസങ്ങളിൽ കിലോ മത്തി 200 രൂപയ്ക്കു മുകളിലാണ് നാട്ടിൻപ്രദേശങ്ങളിൽ വിറ്റത്. 200 രൂപ വില പറയുമ്പോൾ മത്തി വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്ന് പന്തീരാങ്കാവിലെ ചെറുകിട കച്ചവടക്കാരനായ ആലിക്കോയ പറഞ്ഞു.
ഇരുപതും മുപ്പതും തൊഴിലാളികളുമായി കടലിൽ പോകുന്ന ബോട്ടുകൾക്ക് ചെലവിനു പോലുമുള്ള മത്സ്യം ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയാണുള്ളത്. സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയും പേരിനുമാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ഇതുപോലൊരു മത്സ്യവറുതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോഴിക്കോട് തീരത്തെ മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചൂടുകൂടുമ്പോൾ കടലിൽ മത്സ്യം അടിത്തട്ടിലേക്കു പോകുമെങ്കിലും വേനൽ മഴയും മറ്റും ലഭിക്കുമ്പോൾ മീൻചാകര ഉണ്ടാകുമായിരുന്നു. എന്നാൽ ഇതുവരെ ഒരു ചാകരപോലും മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽകൂടി വേനൽമഴ ലഭിക്കുകയാണെങ്കിൽ ഈ പ്രശ്നം മാറുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
ലഭ്യതക്കുറവ് കാരണം എല്ലാ മത്സ്യങ്ങളുടെയും വില വർധിച്ചിട്ടുണ്ട‌്. ചെറു മത്സ്യങ്ങളായ കോര 220--- 250, നത്തോലി 160--- 180, മാന്തൾ 240--260, അയല 220--260 എന്നിങ്ങനെയും വലിയ മത്സ്യങ്ങളായ അയക്കൂറ 1000--- 1100, ആവോലി 600--800, പപ്പൻസ് 400--600 എന്നിങ്ങനെ നിരക്കുകളിലാണ് വിൽപ്പന. മത്സ്യത്തിനൊപ്പം കടുക്ക, എരുന്ത് എന്നിവയുടെ വിലയും വർധിച്ചു. അടുത്ത മാസം റമദാൻ നോമ്പ് ആരംഭിക്കുന്നതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
from Kerala || Deshabhimani Online News http://bit.ly/2PuTwIK
via IFTTT
No comments:
Post a Comment