കളമശേരി
നിസ്സാരമായ കുടുംബപ്രശ്നത്തിന്റെ പേരിൽ ജീവനൊടുക്കാനിറങ്ങിയ മധ്യവയസ‌്‌കനെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക‌് പോസ്റ്റ‌് ശ്രദ്ധേയമാകുന്നു. കളമശേരി പൊലീസ് സ്റ്റേഷനിലെ രണ്ട‌് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച‌് ജനമൈത്രി പൊലീസിന്റെ ഫെയ്‌സ്ബുക്ക‌് പേജിൽ പൊലീസുകാരൻ ജെനീഷ് ചേരാമ്പിള്ളി എഴുതിയ പോസ്റ്റാണ് വൈറലായത്. സംഭവം നടന്നത് ഏപ്രിൽ 20ന്. കളമശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജു രഘുരാമൻ, സൽമാൻ എന്നിവർ മദ്യപിച്ചു വാഹനമോടിച്ച മധ്യവയസ‌്കനെ പട്രോളിങ് ഡ്യൂട്ടിക്കിടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
എന്തോ ഒളിക്കുന്നതുപോലെയുള്ള ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ സജുവും സൽമാനും എഎസ്ഐ ഫൈസലും ചേർന്ന് സൗഹൃദത്തോടെ കാര്യങ്ങൾ അന്വേഷിച്ചു. ചുരുളഴിഞ്ഞത് നിസ്സാര കുടുംബപ്രശ്നത്തിന്റെ പേരിൽ ജീവനൊടുക്കാൻ ഇറങ്ങിയ കഥ. തുടർന്ന് യുക്തിപൂർവം ഇടപെട്ട് പൊലീസ് രക്ഷപ്പെടുത്തിയത് ഒരു കുടുംബത്തെയാണ്. ഫെയ്‌സ്‌ബുക്കിൽ ഈ പൊലീസുകാർക്ക് അഭിനന്ദനം പ്രവഹിക്കുകയാണ്. ഫെയ്‌സ്‌ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ:
""ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ആരോ നിയോഗിച്ചവരെപ്പോലെ നമ്മുടെ രക്ഷകരായി ചിലര്‍ വരും. അവരെ നമ്മള്‍ ദൈവതുല്യരായിട്ടോ ചിലപ്പോൾ ദൈവമായിട്ട് തന്നെയാകും കണക്കാക്കുക''. തുടർന്ന് സംഭവം വിവരിക്കുന്നു. ""മധ്യവയസ്കൻ അന്ന് വീട്ടില്‍വച്ച് ചെറിയ മദ്യലഹരിയില്‍ മകനുമായി എന്തോ നിസ്സാരകാര്യത്തിന് വഴക്കിട്ടു. തുടർന്ന് അവനോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. ആ ദേഷ്യത്തില്‍ മകനും കുടുംബവും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് തന്റെ ഇരുചക്രവാഹനമെടുത്ത് നേരെ ബിവറേജിലേക്ക് പോയത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അറംപറ്റിയതു പോലാകുന്നതുകണ്ട് അയാൾ തകർന്നു. ആ വിഷമത്തിൽ മദ്യം വാങ്ങി വീട്ടിലെത്തി മൂക്കറ്റം കുടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു അയാളുടെ ഉദ്ദേശ്യം''.
പോസ്റ്റ് ഇങ്ങനെ തുടരുന്നു:
""കാര്യങ്ങളെല്ലാം മനസ്സിലായപ്പോള്‍ അയാളെ അടുത്തൊരു സുഹൃത്തിനെപോലെ ഉപദേശിച്ചു. നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കേട്ടിരുന്നു. പിന്നീട് മകനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ സൂചിപ്പിച്ചു. അപ്പോൾത്തന്നെ മകന്‍ സ്റ്റേഷനിലേക്ക് പാഞ്ഞുവന്നു. നിറകണ്ണുകളോടെ രണ്ടു പേരും പരസ്പരം കൈപിടിച്ച കാഴ്ച സ്റ്റേഷനില്‍ ആ സമയത്തുണ്ടായ എല്ലാവരുടേയും കണ്ണുകള്‍ നിറച്ചിരുന്നു. ഈ സമയം വേറൊരു ഡ്യൂട്ടിക്കായി സജുവും സല്‍മാനും പുറത്തായിരുന്നു. അടുത്തദിവസം അവരെ കാണാന്‍ വരുമെന്ന് പറഞ്ഞു സ്റ്റേഷനിലെ നടപടിക്രമങ്ങൾ തീര്‍ത്ത് അവര്‍ വീട്ടിലേക്ക് യാത്രയായി.
പിറ്റേന്ന് അച്ഛനും മകനും സ്റ്റേഷനില്‍ വന്നു. പക്ഷേ, സജുവും സൽമാനും ഇലക‌്ഷന്‍ ഡ്യൂട്ടിക്ക് പോയതുകൊണ്ട് അവരെ കാണാന്‍ സാധിച്ചില്ല. സ്റ്റേഷനിൽനിന്ന് അവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവിടെനിന്നുതന്നെ വിളിച്ച് നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്. ഒരു സാധാരണ കേസ് പോലെ കണ്ട് അന്നയാളെ അവര്‍ പറഞ്ഞുവിട്ടിരുന്നെങ്കില്‍ ഈ കാണുന്ന സന്തോഷം അവരുടെ കുടുംബത്തില്‍ ഇനിയൊരിക്കലും ഉണ്ടാകില്ലായിരുന്നു. പൊലീസിന്റെ കുറ്റംമാത്രം ചികഞ്ഞുനടക്കുന്ന ചിലരുണ്ട്, അവരോടൊക്കെ മാത്രം പറയുകയാണ് അറിയപ്പെടാതെ പോകുന്ന ഇത്തരം സംഭവങ്ങള്‍ ഓരോ പൊലീസുകാരന്റെയും ഔദ്യോഗിക ജീവിതത്തില്‍ ഒത്തിരിയുണ്ടാകും.
കുറ്റങ്ങള്‍മാത്രം കണ്ടെത്തി കഥയെഴുതുമ്പോള്‍ കേള്‍ക്കുന്ന മോശം വിളികളില്‍ ഓരോ പൊലീസുകാരന്റെയും മനസ്സ‌് തളരാതിരിക്കുന്നത് അത്തരത്തിലുളള ഒത്തിരി പേരുടെ മനസ്സുനിറഞ്ഞ പ്രാര്‍ഥനകള്‍ ഒന്നുകൊണ്ടുമാത്രം ആയിരിക്കണം''
from Kerala || Deshabhimani Online News http://bit.ly/2PyRaZi
via IFTTT
No comments:
Post a Comment