തിരുവനന്തപുരം > ആർദ്രം മിഷന്റെ കരുത്തിൽ മികച്ച ഭൗതിക സാഹചര്യങ്ങളും ചികിത്സാ സംവിധാനങ്ങളും എത്തിയതോടെ സർക്കാർ ആശുപത്രികളിലേക്ക് കൂടുതൽ രോഗികൾ. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നവർ 2014ൽ 34 ശതമാനമായിരുന്നത് ഇന്ന് 40 ശതമാനമായി. മുന്തിയ പരിശോധനയ്ക്കും വിലകൂടിയ മരുന്നു വാങ്ങാനും വരുന്നവരുടെ എണ്ണവും വർധിച്ചു.
ക്യാൻസർ, പക്ഷാഘാതം, ഹൃദ്രോഗം
ക്യാൻസർ, പക്ഷാഘാതം, ഹൃദ്രോഗം ചികിത്സകൾ സർക്കാർ ആശുപത്രികളിൽ ഒരുക്കുകയാണ് സംസ്ഥാന സർക്കാർ. ക്യാൻസർ ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ 2014ൽ എത്തിയിരുന്നത് 66 ശതമാനം പേരായിരുന്നെങ്കിൽ അത് 85 ശതമാനമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
കൊച്ചി ക്യാൻസർ സെന്ററിൽ 400 കോടി രൂപയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മലബാർ ക്യാൻസർ സെന്ററിനെ ആർസിസി തലത്തിലേക്ക് ഉയർത്താൻ 300 കോടിയുടെ പദ്ധതി നടപ്പാക്കും. അഞ്ച് മെഡിക്കൽ കോളേജുകളിലും ക്യാൻസർ സെന്റർ വരും. എല്ലാ ജില്ലയിലും ഒരു പ്രധാന ആശുപത്രിയിൽ പാലിയേറ്റീവ് കീമോ തെറാപ്പി സൗകര്യമൊരുക്കുന്നു (അഭയം പദ്ധതി). എല്ലാ ജില്ലകളിലും 10 കിടക്കയുള്ള യൂണിറ്റുകൾ സജ്ജമാക്കി. എല്ലാ ജില്ലകളിലും ജില്ലാ ക്യാൻസർ കെയർ യൂണിറ്റുകൾ ആരംഭിച്ചു. 20 യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു.
തലച്ചോറിലെ രക്തധമനിയിലുണ്ടാകുന്ന ക്ലോട്ടുകളെ അലിയിച്ചുകളയുന്ന സംവിധാനത്തോടു കൂടിയ അഞ്ച് സ്ട്രോക് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. എറണാകുളം ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തനസജ്ജമായി. ആലപ്പുഴ, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനസജ്ജമാക്കും. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ഈ വർഷം പത്തു കാത്ത് ലാബും അടുത്തവർഷത്തോടെ രണ്ടു കാത്ത് ലാബും സർക്കാർ ആശുപത്രികളിൽ ആരംഭിക്കും. എല്ലാ ജില്ല, താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സംവിധാനം ഈവർഷം നിലവിൽവരും.
മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രങ്ങൾ
സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 40ലധികം ആരോഗ്യകേന്ദ്രങ്ങൾ കോർപറേറ്റ് ആശുപത്രികളോട് കിടപിടിക്കുംവിധം അത്യാധുനിക ചികിത്സാകേന്ദ്രങ്ങളാക്കുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളും ജില്ല, താലൂക്ക് ആശുപത്രികളുമാണ് മികവിന്റെ കേന്ദ്രങ്ങളാകുക. മെഡിക്കൽ കോളേജുകളിൽ പത്തു കോടി ചെലവിൽ സമ്പൂർണ ട്രോമാ കെയർ സംവിധാനം, ക്യാൻസർ ചികിത്സയ്ക്കായി ആർസിസി മോഡൽ ചികിത്സ തുടങ്ങിയ പദ്ധതികളും പുരോഗമിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന കാത്ത്ലാബുകൾ തൃശൂർ, മഞ്ചേരി, പാരിപ്പള്ളി, എറണാകുളം മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിച്ചു. തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിൽ രണ്ടാമത്തെ യൂണിറ്റും അനുവദിച്ചു.
ജില്ലാ ആശുപത്രികൾ
എറണാകുളം, കണ്ണൂർ ജില്ലാ ആശുപത്രികളുടെ നവീകരണത്തിന് 76 കോടി വീതം അനുവദിച്ചു. എല്ല ജില്ലാ ആശുപത്രിയിലും കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷ്യാലിറ്റി തസ്തികകൾ ഉറപ്പാക്കും. ജില്ല–-താലൂക്ക് ആശുപത്രികളിൽ 891 ഡോക്ടർ, നേഴ്സ് അധിക തസ്തിക സൃഷ്ടിച്ചു. 28 താലൂക്ക് ആശുപത്രികൾക്കായി 2210 തസ്തിക സൃഷ്ടിച്ചു.
2017–-18ൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇതിൽ 155 എണ്ണം പ്രവർത്തനമാരംഭിച്ചു. ഒപി സമയം രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയാക്കി. മൂന്ന് ഡോക്ടർമാരുടെയും നാല് സ്റ്റാഫ് നേഴ്സുമാരുടെയും സേവനം, ലബോറട്ടറി, പ്രീ–-ചെക്ക് കൗൺസലിങ്, എൻസിഡി ക്ലിനിക്കുകൾ എന്നീ സംവിധാനങ്ങളുമുണ്ട്.
ഉപകേന്ദ്രങ്ങളും ഫീൽഡ് പ്രവർത്തനങ്ങളും
വയോജന, ഭിന്നശേഷി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം എന്നിവർക്കായി ആരോഗ്യസേന രൂപീകരിക്കുകയും ആദിവാസി മേഖലകളിൽ ഊരുമിത്രം ആവിഷ്കരിക്കുകയും ചെയ്തു. ഉപകേന്ദ്രങ്ങളിൽ കൂടുതൽ ക്ലിനിക്കുകൾ ആരംഭിച്ചു.
കിഫ്ബി
കിഫ്ബി മുഖേനയുള്ള 10 കാത്ത് ലാബിനും 44 ഡയാലിസിസ് യൂണിറ്റിനും ഭരണാനുമതി നൽകി. 69 കോടിയാണ് ചെലവ്. ഡയാലിസിസ് യൂണിറ്റുകൾക്ക് 80 കോടി അനുവദിച്ചു. 27 ഡയാലിസിസ് കേന്ദ്രങ്ങൾ പ്രവർത്തനസജ്ജമാണ്.
|ഒപി പരിവർത്തനം
ആശുപത്രികളിലെ തിരക്കും ക്യൂ സമ്പ്രദായവും അവസാനിപ്പിക്കാനായി അധിക ഒപി കൗണ്ടറുകൾ, അഡ്വാൻസ് ബുക്കിങ് കൗണ്ടർ, ഒപി സംവിധാനം എന്നിവ നടപ്പാക്കുന്നു. തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളേജുകളിലെ ഒപി പരിവർത്തനം പൂർത്തിയായി. മറ്റ് കോളേജുകളിൽ സൈനേജ്, എൽഇഡി ടി വി എന്നിവകൂടി പൂർത്തിയാക്കാനുണ്ട്.
17 ജില്ലാതല ആശുപത്രികളിൽ ഒപി വിഭാഗം രോഗീസൗഹൃദമാക്കാൻ 15 കോടി വകയിരുത്തി. പ്രദേശത്തെ ജനങ്ങളുടെ എണ്ണവും ജീവിതശൈലീരോഗ രജിസ്റ്ററും തയ്യാറാക്കുന്ന പദ്ധതി തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ ആരംഭിച്ചു. എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും.
from Kerala || Deshabhimani Online News http://bit.ly/2Xk9iJm
via IFTTT
No comments:
Post a Comment