തിരുവനന്തപുരം > സ്ഥാനാർഥി നിർണയകാര്യത്തിലടക്കം അന്തിമതീരുമാനം ഉടൻ പ്രതീക്ഷിക്കുന്നതിനിടെ അരയുംതലയും മുറുക്കി മുന്നണികൾ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾ സജീവമാക്കി. നിർണായകമായ തെരഞ്ഞെടുപ്പ‌് ചർച്ചകളിലേക്കും യോഗങ്ങളിലേക്കും കേരളത്തിലെ രാഷ‌്ട്രീയകക്ഷികളും മുന്നണികളും ഈ ആഴ‌്ച കടക്കുകയാണ‌്. തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌് മുന്നോടിയായുള്ള എൽഡിഎഫിന്റെ കേരള സംരക്ഷണയാത്ര തൃശൂരിൽ സമാപിച്ചതോടെ സിപിഐ എം, സിപിഐ പ്രധാന യോഗങ്ങൾ ഈ ആഴ‌്ച ചേരും.
യുഡിഎഫിലെ സീറ്റ‌് തർക്കം തീർന്നിട്ടില്ലെങ്കിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ‌് സമിതിയും മുസ്ലിംലീഗ‌് ഉന്നതാധികാര സമിതിയും ഈ ആഴ‌്ചയുണ്ട‌്. ബിജെപി, കേരള കോൺഗ്രസ‌് എന്നിവയുടെ യോഗങ്ങളും വിളിച്ചിട്ടുണ്ട‌്. തെരഞ്ഞെടുപ്പ‌് ചർച്ചകൾക്കായി സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം മൂന്നിനും നാലിനുമാണ‌്. അഞ്ചിനും ആറിനും സംസ്ഥാന സെക്രട്ടറിയറ്റും ഏഴിനും എട്ടിനും സംസ്ഥാന കമ്മിറ്റിയും ചേരും. സിപിഐ സംസ്ഥാന എക‌്സിക്യൂട്ടീവ‌് മൂന്നിനും സംസ്ഥാന സമിതി നാലിനും നിശ്ചയിച്ചിട്ടുണ്ട‌്. കോൺഗ്രസ‌്–-കേരള കോൺഗ്രസ‌് ഉഭയകക്ഷി ചർച്ച ഞായറാഴ‌്ച കൊച്ചിയിലാണ‌്.
മുസ്ലിംലീഗിനും കേരള കോൺഗ്രസിനും അധിക സീറ്റില്ലെന്ന‌് വ്യക്തമാക്കിയ കോൺഗ്രസ‌്, തിങ്കളാഴ‌്ച സ്ഥാനാർഥിനിർണയത്തിനുള്ള തെരഞ്ഞെടുപ്പ‌് സമിതി യോഗം ചേരുകയാണ‌്. ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ബുധനാഴ‌്ചയാണ‌്. അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത‌് തെരഞ്ഞെടുപ്പ‌് മാറ്റില്ലെന്ന‌് തെരഞ്ഞെടുപ്പ‌് കമീഷൻ വ്യക്തമാക്കിയ സ്ഥിതിക്ക‌് തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ‌് പ്രതീക്ഷ. ആറിനോ ഏഴിനോ തീരുമാനമുണ്ടാകാനാണ‌് സാധ്യത. കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷൻ യോഗവും ഈ ആഴ‌്ചയുണ്ട‌്.
തീരാതെ സീറ്റ‌് തർക്കം: യുഡിഎഫ‌് ആശങ്കയിൽ
സീറ്റ‌് തർക്കവും ചേരിപ്പോരുംമൂലം യുഡിഎഫ‌് ആശങ്കയിലാണ‌്. മൂന്നാം സീറ്റ‌് ചോദിച്ച മുസ്ലിംലീഗുമായി രണ്ടുവട്ടം ഉഭയകക്ഷി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാണി–-ജോസഫ‌് ചേരിപ്പോരാണ‌് കേരള കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയിരിക്കുന്നത‌്. രണ്ടാം സീറ്റ‌് അവകാശവാദം കോൺഗ്രസ‌് നിരസിച്ചെങ്കിലും ഞായറാഴ‌്ച രണ്ടാംവട്ട ഉഭയകക്ഷി ചർച്ച നടക്കും. ഘടകകക്ഷികളുടെ അവകാശവാദം തള്ളി മുന്നോട്ടുപോകാനാണ‌് കോൺഗ്രസ‌് തീരുമാനം. സ്ഥാനാർഥിനിർണയത്തിലേക്ക‌് കടക്കുന്നതോടെ കോൺഗ്രസും കലങ്ങും. കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകിയ യാത്ര കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണ‌് വിലയിരുത്തൽ. ഫണ്ടുപിരിവ‌് ലക്ഷ്യമിട്ട‌് നടത്തിയ യാത്ര അക്കാര്യത്തിലും വലിയ വിജയമായില്ല. ഫണ്ട‌് നൽകാൻ കൂട്ടാക്കാത്ത മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ട‌് ഭീഷണിപ്പെടുത്തിയെങ്കിലും അതും വിലപ്പോയില്ല.
വികസനം നേട്ടമാക്കി എൽഡിഎഫ‌്
ആയിരം ദിനം പൂർത്തിയാക്കിയ സർക്കാരിന്റെ വികസനപദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയെന്ന മുഖ്യദൗത്യം നിറവേറ്റിയാണ‌് എൽഡിഎഫ‌് മേഖലാ ജാഥകൾ ശനിയാഴ‌്ച തൃശൂരിൽ സമാപിച്ചത‌്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിച്ച മേഖലാ ജാഥകൾക്ക‌് വൻ വരവേൽപ്പാണ‌് ലഭിച്ചത‌്. കാസർകോട്ടെ ദൗർഭാഗ്യകരമായ കൊലപാതകം ഉയർത്തി ജാഥയുടെ നിറംകെടുത്താനുളള ശ്രമം അരങ്ങേറിയെങ്കിലും ജനമുന്നേറ്റം ആ നീക്കം പൊളിച്ചു. മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ‌്ക്കുമെതിരായ താക്കീതായി യാത്രയെ മാറ്റാനുമായി. കേരള സംരക്ഷണ യാത്ര കഴിയുന്ന മുറയ‌്ക്ക‌് തെരഞ്ഞെടുപ്പ‌് പ്രചാരണത്തിലേക്ക‌് കടക്കാൻ തക്കവിധം പരിപാടികൾക്ക‌് എൽഡിഎഫ‌് രൂപം നൽകിയിട്ടുണ്ട‌്. തെരഞ്ഞെടുപ്പ‌് തീയതി പ്രഖ്യാപിച്ചാലുടൻ സ്ഥാനാർഥികളെയും അവതരിപ്പിക്കും.
from Kerala || Deshabhimani Online News https://ift.tt/2GV5GcA
via IFTTT
No comments:
Post a Comment