ന്യൂഡൽഹി
സീറ്റ‌് നിഷേധത്തിൽ പ്രതിഷേധിച്ച‌് കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാവ‌് കെ വി തോമസിനെ സ്ഥാനമാന വാഗ‌്ദാനങ്ങളിലൂടെ കോൺഗ്രസ‌് നേതൃത്വം മെരുക്കി. ബിജെപിയുമായി തോമസ‌് ചർച്ചകൾ ആരംഭിച്ചെന്ന സൂചനകളെ തുടർന്ന‌് കോൺഗ്രസ‌് കേന്ദ്ര നേതൃത്വം തിരക്കിട്ട‌് ഇടപെടുകയായിരുന്നു. ടോം വടക്കന‌് പിന്നാലെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മറ്റൊരു വിശ്വസ‌്തൻ കൂടി ബിജെപിയിലേക്ക‌് ചേക്കേറുന്നത‌് ദേശീയതലത്തിൽത്തന്നെ തിരിച്ചടിയാകുമെന്ന ബോധ്യത്തിലാണ‌് ഇടപെടൽ.
സിറ്റിങ‌് എംപിമാരിൽ തോമസിന‌് മാത്രമായി സീറ്റ‌് നിഷേധിച്ചത‌് ഞായറാഴ‌്ച ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. തന്നെ മാത്രമായി ഒഴിവാക്കിയതിനെതിരെ തോമസ‌് ക്ഷുഭിതനായി പ്രതികരിച്ചു. സോണിയയുടെ നിർദേശപ്രകാരം ഞായറാഴ‌്ച രാവിലെ മുതൽതന്നെ തോമസിനെ കേന്ദ്രനേതൃത്വം ബന്ധപ്പെട്ടു. രാവിലെ പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല വസതിയിലെത്തി തോമസിനെ കണ്ടു. ചെന്നിത്തലയോട‌് അങ്ങേയറ്റം ക്ഷുഭിതനായാണ‌് തോമസ‌് പെരുമാറിയത‌്. എന്തിനാണ‌് ഈ നാടകമെന്നും തന്നെ കോൺഗ്രസ‌് എന്തെന്ന‌് പഠിപ്പിക്കാൻ ആരും വരേണ്ടെന്നും തുറന്നടിച്ചു.
നിരാശനായി മടങ്ങിയ ചെന്നിത്തല കേന്ദ്രനേതൃത്വത്തെയും വിവരങ്ങൾ ധരിപ്പിച്ചു. കോൺഗ്രസ‌് ട്രഷററും സോണിയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ അഹമ്മദ‌് പട്ടേൽ ടെലിഫോണിൽ ബന്ധപ്പെട്ടു. എല്ലാ പ്രശ‌്നങ്ങൾക്കും പരിഹാരം കാണാമെന്ന ഉറപ്പ‌് പട്ടേൽ നൽകി. തെരഞ്ഞെടുപ്പിന‌് ശേഷമുള്ള സാഹചര്യങ്ങൾക്ക‌് അനുസരിച്ചാകും എന്ത‌് സ്ഥാനമെന്ന തീരുമാനം. കോൺഗ്രസ‌് വിടില്ലെന്ന ഉറപ്പ‌് തോമസിൽനിന്ന‌് പട്ടേൽ നേടിയെടുത്തു. നിയമസഭയിലേക്ക‌് മത്സരിക്കാൻ അവസരമോ അതല്ലെങ്കിൽ കേരള ഘടകത്തിലോ കേന്ദ്രത്തിലോ ഉന്നതപദവി എന്നതാണ‌് തോമസിനുള്ള വാഗ‌്ദാനങ്ങൾ.
വൈകിട്ട‌് അദ്ദേഹം കേരള ഹൗസിലെത്തി പ്രതിപക്ഷനേതാവിനെ കണ്ടു. ഏതാനും മിനിറ്റ‌് നീണ്ട കൂടിക്കാഴ‌്ചയ‌്ക്ക‌് ശേഷം പുറത്തിറങ്ങിയ തോമസ‌് എന്തുവന്നാലും കോൺഗ്രസ‌് വിടില്ലെന്ന തീരുമാനം മാധ്യമങ്ങളെ അറിയിച്ചു. എറണാകുളം അടക്കം എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന‌് ഇറങ്ങും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ‌്നിക്കും പിന്നീട‌് കെ വി തോമസുമായി കൂടിക്കാഴ‌്ച നടത്തി. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും ഫോണിൽ സംസാരിച്ചു. പി സി ചാക്കോ വീട്ടിലെത്തി കണ്ടു. സോണിയയെ കൂടി കാണാമെന്ന പ്രതീക്ഷയിൽ ഡൽഹിയിൽ തുടരുകയാണ‌് തോമസ‌്.
from Kerala || Deshabhimani Online News https://ift.tt/2Jj6JVN
via IFTTT
No comments:
Post a Comment