ന്യൂഡൽഹി
കോൺഗ്രസിൽ വയനാട‌് സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിന‌് പരിഹാരമായില്ല. ഇത‌്കാരണം വടകര, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലും തീരുമാനം നീളുകയാണ‌്. ഡൽഹിയിലുള്ള കോൺഗ്രസ‌് നേതാക്കളോട‌് അവിടെ തുടരാൻ കേന്ദ്ര നേതാക്കൾ നിർദേശിച്ചു. കേരളത്തിലുള്ള ഉമ്മൻചാണ്ടി വീണ്ടും ഡൽഹിക്കുതിരിച്ചു. വയനാട‌് സീറ്റിനായി എ–-ഐ ഗ്രൂപ്പുകൾ കൊമ്പുകോർത്ത സാഹചര്യത്തിലാണ‌് നാലു സീറ്റുകളിലെ സ്ഥാനാർഥി നിർണയം അന്തിമമായി നീളുന്നത‌്. നാലു സീറ്റുകളിൽ ഞായറാഴ‌്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും പറഞ്ഞെങ്കിലും ഒത്തുതീർപ്പ‌് ചർച്ചകൾ എങ്ങുമെത്താതെ തുടരുകയാണ‌്.
വയനാട്ടിൽ ടി സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിൽ എ ഗ്രൂപ്പ‌് ഉറച്ചുനിൽക്കുന്നു. എന്നാൽ, സിറ്റിങ‌് സീറ്റ‌് വിട്ടുനൽകാനാകില്ലെന്ന വാശിയിലാണ‌് ഐ ഗ്രൂപ്പ‌്. ഷാനിമോൾ ഉസ‌്മാനെയാണ‌് വയനാട്ടിലേക്ക‌് ഐ ഗ്രൂപ്പ‌് നിർദേശിച്ചിരുന്നത‌്. എന്നാൽ, വനിത സ്ഥാനാർഥിയാകുന്നത‌് ഗുണം ചെയ്യില്ലെന്ന‌് എ ഗ്രൂപ്പ‌് വാദിക്കുന്നു.
ഇത‌് പ്രതിരോധിക്കുന്നതിനായി ഷാനിമോൾക്ക‌് പുറമെ മറ്റുചില പേരുകൾ കൂടി ഐ ഗ്രൂപ്പ‌് മുന്നോട്ടുവച്ചു. ഈ നാല‌് മണ്ഡലങ്ങളിലേക്ക‌് പരിഗണിക്കപ്പെടുന്നവരിൽ സിദ്ദിഖ‌് ഒഴികെ മറ്റെല്ലാവരും ഐ ഗ്രൂപ്പാണെന്നതും പ്രതിസന്ധിക്ക‌് കാരണമായിട്ടുണ്ട‌്.
സിദ്ദിഖിനെ വയനാട്ടിൽത്തന്നെ നിർത്തി ഷാനിമോളെ ആലപ്പുഴയിലേക്ക‌് മാറ്റാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. മലപ്പുറം ഡിസിസി പ്രസിഡന്റ‌് വി വി പ്രകാശിന്റെ പേരും വയനാട്ടിലേക്ക‌് പരിഗണിക്കുന്നുണ്ട‌്. ഉമ്മൻചാണ്ടി എത്തിയശേഷം വയനാടിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ‌് മുല്ലപ്പള്ളിയും ചെന്നിത്തലയും. ആറ്റിങ്ങലിൽ അടൂർ പ്രകാശ‌് പ്രചാരണത്തിന‌് തുടക്കമിട്ടിരുന്നെങ്കിലും ഡൽഹിയിലെ പ്രതിസന്ധി വിലങ്ങുതടിയായി. മറ്റ‌് പേരുകളൊന്നും ആറ്റിങ്ങലിലേക്ക‌് സജീവമായി പരിഗണിക്കപ്പെടുന്നില്ല.
വടകര മണ്ഡലത്തിൽ കോൺഗ്രസിന‌് ഇനിയും സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. സ‌്ക്രീനിങ‌് കമ്മിറ്റിയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വിദ്യ ബാലകൃഷ‌്ണന്റെ പേര‌് കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതി വെട്ടി. വടകരയടക്കം തീരുമാനമായെന്ന തരത്തിലാണ‌് ശനിയാഴ‌്ച തെരഞ്ഞെടുപ്പ‌് സമിതി യോഗത്തിന‌് ശേഷം മുല്ലപ്പള്ളി മാധ്യമങ്ങളെ അറിയിച്ചത‌്. എന്നാൽ, വിജയസാധ്യതയില്ലാത്തതിനാൽ വിദ്യയെ ഒഴിവാക്കിയതായും മറ്റേതെങ്കിലും പേര‌് നിർദേശിക്കാനും കേന്ദ്രനേതൃത്വം പിന്നീട‌് സംസ്ഥാന നേതാക്കളെ വിളിച്ചറിയിച്ചു.
ചുരുക്കത്തിൽ നിലവിൽ വടകരയിലേക്ക‌് ഒരു പേര‌് നിർദേശിക്കാനാകാതെ കുഴങ്ങുകയാണ‌് സംസ്ഥാനനേതൃത്വം. സിദ്ദിഖിനെ വടകരയിലേക്ക‌് മാറ്റാമെന്ന‌് ഐ ഗ്രൂപ്പ‌് നിർദേശിക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ‌് വഴങ്ങിയിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2TO9ann
via IFTTT
No comments:
Post a Comment