മിന്നൽ ഹർത്താൽ നിരോധിച്ച ഇടക്കാല ഉത്തരവിനെക്കുറിച്ച് അറിവില്ലെന്ന വാദം ഉന്നയിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡീൻ കൂര്യാക്കോസിന് കഴിയില്ലെന്ന് ഹൈക്കോടതി. പൊതുതാൽപ്പര്യ ഹർജികളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ഈ വാദം ഉന്നയിക്കാനാകില്ലെന്ന‌് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഡീൻ കുര്യാക്കോസിനും യുഡിഎഫ് കാസർകോട് ജില്ലാ നേതാക്കളായ എം സി ഖമറുദ്ദീനും ഗോവിന്ദൻ നായർക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്ത‌് പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബെഞ്ച്. ബുധനാഴ‌്ച മൂവരും കോടതിയിൽ ഹാജരായി.
പൊതുതാൽപ്പര്യ ഹർജികളിലെ വിധി എല്ലാവർക്കും ബാധകമാണ‌്. ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെന്നാണ് ഖമറുദ്ദീനും ഗോവിന്ദൻനായരും വാദിച്ചത്. രണ്ടുപേരും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ‌്, ഹർത്താലിൽ അക്രമങ്ങളുണ്ടായാൽ സംഘടനാ നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വിധി ഈ സംഭവങ്ങളിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സംഘടനാ ഭാരവാഹികളായതിനാലാണ‌് മൂവരെയും എതിർകക്ഷികളാക്കിയതെന്ന‌് കോടതി പറഞ്ഞു.
എന്തു പ്രകോപനമുണ്ടായാലും ആരും മിന്നൽ ഹർത്താൽ നടത്തരുത്. ഹർത്താലിന് അഹ്വാനം ചെയ്തിട്ടില്ലെന്നു പറയുന്നവർതന്നെ ഹർത്താലിന് പശ്ചാത്തലമുണ്ടായിരുന്നുവെന്നും പറയുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കാൻ ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.
സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തതെന്ന് ഡീൻ കുര്യാക്കോസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പറഞ്ഞു. ആഹ്വാനത്തിൽ എന്തു പറഞ്ഞു എന്നതല്ല, ഫലമാണ് നോക്കുകയെന്ന് കോടതി ഇതിന് മറുപടി നൽകി. മൂന്നുപേരും നൽകിയ സത്യവാങ്മൂലങ്ങൾക്ക് മറുപടി നൽകാൻ സർക്കാരിനോട‌് കോടതി നിർദേശിച്ചു. കേസ് 18ന് വീണ്ടും പരിഗണിക്കും. അന്ന‌് മൂവരും നേരിൽ ഹാജരാകേണ്ടെന്നും കോടതി പറഞ്ഞു. സർക്കാരിനുവേണ്ടി അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ, സീനിയർ ഗവ. പ്ലീഡർമാരായ പി നാരായണൻ, സുമൻ ചക്രവർത്തി എന്നിവർ ഹാജരായി.
ഹര്‍ത്താലിന് എതിരാണെന്ന് ഹൈദരലി തങ്ങള്‍
ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധസമരങ്ങൾക്ക് എതിരാണെന്നും ഹർത്താലിനെതിരെ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ട പാർടിയാണ‌് ലീഗെന്നും സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഹർത്താലുകൾക്കെതിരെ കേരള ചേംബർ ഓഫ് കൊമേഴ്‌സ് നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയത്. കാസർകോട്ട‌് യുഡിഎഫ് ജില്ലാ കൺവീനർ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2IX2rmD
via IFTTT
No comments:
Post a Comment