എംബിബിഎസ്, ബിഡിഎസ്, പി ജി : 540 സര്‍ക്കാര്‍ സീറ്റ‌് വർധിക്കും പരിയാരം മെഡിക്കൽ കോളേജ‌് സർക്കാർ ഏറ്റെടുത്തതോടെ 540 മെഡിക്കൽ സീറ്റുകൾ വർധിക്കും. എംബിബിഎസ്, ബിഡിഎസ‌് സീറ്റുകളും പിജി വിഭാഗത്തിലെ സീറ്റുകളുമാണ‌് പൂർണമായും സർക്കാരിന്റെ മെറിറ്റ‌് സീറ്റുകളായി മാറുന്നത‌്. 2019–- 20 വർഷംതന്നെ ഈ സീറ്റിൽ പ്രവേശനം സാധ്യമാക്കാനായി നടപടികൾ ആരംഭിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ‌് ഏറ്റെടുത്തതിനു പിന്നാലെയാണ‌് പരിയാരം മെഡിക്കൽ കോളേജും സർക്കാർ ഏറ്റെടുത്തത‌്.
പ്രവേശന നടപടികൾ വേഗത്തിലാക്കാൻ പരിയാരം മെഡിക്കൽ കോളേജിൽ 11 തസ‌്തികയും സർക്കാർ സൃഷ്ടിച്ചു. പ്രിൻസിപ്പൽ–-1, അഡ‌്മിനിസ‌്ട്രേറ്റീവ‌് അസിസ്റ്റൻഡ‌്–-2, അക്കൗണ്ട‌് ഓഫീസർ–- 1, സീനിയർ സൂപ്രണ്ട‌്–- 3, ജൂനിയർ സൂപ്രണ്ട‌്–- 4 എന്നീ തസ‌്തികകളാണ‌് സൃഷ്ടിച്ചത‌്.
പരിയാരം ഏറ്റെടുത്തതിലൂടെ എംബിബിഎസിന് 100ഉം ബിഡിഎസിന് 60ഉം സർക്കാർ സീറ്റാണ് ലഭിക്കുക. എംഡി ജനറൽ മെഡിസിൻ, എംഡി ഡെർമറ്റോളജി, എംഡി പീഡിയാട്രിക്, എംഎസ് ജനറൽ സർജറി, എംഎസ് ഓർത്തോപീഡിക്‌സ്, എംഎസ‌് ഇഎൻടി, എംഡി റേഡിയോ ഡയഗ്നോസിസ്, എംഡി ചെസ്റ്റ് ഡിസീസ്, എംഡി അനസ്തേഷ്യ, എംഡി എമർജൻസി മെഡിസിൻ, എംഡി സൈക്യാട്രി, എംഎസ് ഒഫ്ത്താൽമോളജി, ഡിഎൽഒ ഇഎൻടി, ഡിഡിവിഎൽ ഡെർമറ്റോളജി, ഡിജിഒ, ഡിസിഎച്ച്, ഡി ഓർത്തോ, എംഡി പത്തോളജി, എംഡി മൈക്രോബയോളജി, എംഡി ഫിസിയോളജി, എംഡി കമ്യൂണിറ്റി മെഡിസിൻ, എംഎസ‌്സി നേഴ്‌സിങ‌്, എംഫാം ഫാർമക്കോളജി, എംഫാം ഫാർമകോഗ്നോസി, എംഫാം ഫാർമസ്യൂട്ടിക്‌സ് എന്നീ വിഭാഗങ്ങളിലായി 74 സർക്കാർ പിജി സീറ്റുകളും ലഭിക്കും. കാർഡിയോളജി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ ഒരു സീറ്റും ലഭിക്കും.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നേഴ്‌സിങ‌്, ബിഫാം, ബിഎസ‌്‌സി എൽഎൽടി, ബിഎസ‌്‌സി നേഴ്‌സിങ‌്, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, കാർഡിയോ വാസ്‌ക്യുലാർ ടെക്‌നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, ജിഎൻഎം എന്നീ കോഴ്‌സുകളിൽ 300ൽ ഏറെ സീറ്റുകളിലും സർക്കാർ ഫീസിൽ പഠിക്കാം.
പരിയാരം കേരള സ്‌റ്റേറ്റ് കോ–- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ‌് സെന്റർ ഫോർ അഡ്വാൻസ്ഡ് മെഡിക്കൽ സർവീസസിനു കീഴിൽ പരിയാരം മെഡിക്കൽ കോളേജ്, ദന്തൽ കോളേജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളേജ് ഓഫ് നേഴ്‌സിങ‌്, സ്‌കൂൾ ഓഫ് നേഴ‌്സിങ‌്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നീ എട്ടു സ്ഥാനങ്ങളാണ് പ്രവർത്തിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2Tzpjgf
via IFTTT
No comments:
Post a Comment