തിരുവനന്തപുരം> തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനമല്ല, നരേന്ദ്ര മോഡി നിന്നാലും ബിജെപി ജയിക്കാൻ പോകുന്നില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സിപിഐ എം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫുമായാണ‌് എൽഡിഎഫ‌് മത്സരിക്കുന്നത‌്. കേരളത്തിൽനിന്ന‌് ബിജെപിക്ക‌് ഒരു സീറ്റും കിട്ടാൻ പോകുന്നില്ല.
ഗവർണർ സ്ഥാനം രാജിവച്ച‌് കുമ്മനം രാജശേഖരൻ മത്സരിച്ചതുകൊണ്ട‌് ഒന്നും സംഭവിക്കില്ല. എന്തിനാണ‌് കുമ്മനത്തെ ബുദ്ധിമുട്ടിച്ചത‌്. നരേന്ദ്ര മോഡിക്ക‌് തന്നെ വന്നുകൂടായിരുന്നോ. അല്ലെങ്കിൽ അമിത‌് ഷായ‌്ക്ക‌് വരാമായിരുന്നു–- കോടിയേരി പറഞ്ഞു.തെരഞ്ഞെടുപ്പിനെ പൂർണ ആത്മവിശ്വാസത്തോടെയാണ‌് നേരിടുന്നത‌്. മികച്ച സ്ഥാനാർഥികളെയാണ‌് എൽഡിഎഫ‌് പ്രഖ്യാപിച്ചിട്ടുള്ളത‌്.
2004ൽ കോൺഗ്രസിന‌് കേരളത്തിൽ ഒരു സീറ്റ‌് പോലും കിട്ടിയില്ല. അന്ന‌് 18 സീറ്റ‌് നേടിയാണ‌് എൽഡിഎഫ‌് വിജയിച്ചത‌്. ആ വിജയമാണ‌് കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരിനെ ഭരണത്തിലേറ്റിയത‌്. മോഡി സർക്കാരിനെ മാറ്റി ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെങ്കിൽ ഇടതുപക്ഷം കൂടുതൽ സീറ്റ‌് നേടണം. ഇടതുപക്ഷത്തിന‌് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള കഴിവ‌് വർധിപ്പിക്കുകയും വേണം.
എംഎൽഎമാർ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത‌് ആദ്യത്തെ സംഭവമല്ല. 2009ൽ യുഡിഎഫിന്റെ നാല‌് എംഎൽഎമാർ മത്സരിച്ചിരുന്നു.
വനിതകൾ മത്സരിക്കുന്നത‌് ഉറച്ച മണ്ഡലത്തിൽ
ജയം ഉറപ്പുള്ള മണ്ഡലങ്ങളിലാണ‌് ഇത്തവണ രണ്ട‌് വനിതകളെ സ്ഥാനാർഥികളായി നിർത്തിയിട്ടുള്ളത‌്. കൂടുതൽ വനിതകളെ നിർത്തണമെന്ന‌് ആഗ്രഹമുണ്ടെങ്കിലും ഓരോ പ്രദേശത്തിന്റെയും പ്രത്യേകത കൂടി പരിഗണിക്കേണ്ടതിനാൽ കഴിഞ്ഞില്ല.
സിറ്റിങ‌് എംപിമാരിൽ ഒഴിവാക്കിയ പി കരുണാകരൻ മൂന്ന‌് തവണ എംപിയായിട്ടുള്ള ആളാണ‌്. അദ്ദേഹത്തെ സംഘടനാപ്രവർത്തനത്തിന‌് ആവശ്യമുണ്ട‌്. അതിനാലാണ‌് മത്സരിക്കാത്തത‌്. എ സമ്പത്ത‌് തുടർച്ചയായി മൂന്ന‌് തവണ മത്സരിച്ചിട്ടില്ലെന്ന‌് കോടിയേരി പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ‌് വി പി സാനു. കോട്ടപിടിക്കാൻ നല്ലത‌് ചെറുപ്പക്കാരാണ‌്. പണ്ട‌് എസ‌്എഫ‌്ഐ നേതാവായിരിക്കുമ്പോൾ ആണ‌് കോട്ടയത്ത‌് സുരേഷ‌്കുറുപ്പ‌് അട്ടിമറി ജയം നേടിയിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം. അതിന‌് യോജിക്കുന്ന സ്ഥാനാർഥികളെയാണ‌് തീരുമാനിച്ചത‌്.
എൽഡിഎഫ‌് യോഗം അംഗീകരിച്ചതോടെ സ്ഥാനാർഥികൾ ഏതെങ്കിലും പാർടിയുടേത‌് മാത്രമല്ല എൽഡിഎഫിന്റെ മൊത്തം സ്ഥാനാർഥികളായി മാറി. എംഎൽഎമാർ തെരഞ്ഞെടുക്കപ്പെടുന്നത‌് വഴി നിയമസഭയിലേക്ക‌് വരുന്ന ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന‌് വിജയിക്കുമെന്ന‌് പൂർണ വിശ്വാസമുണ്ടെന്ന‌് കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2J3hhrM
via IFTTT
No comments:
Post a Comment