തിരുവനന്തപുരം > കേരളത്തിൽ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വടകര ലോക‌്സഭാ മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജൻ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം. പി ജയരാജൻ വീട്ടിനകത്തിരിക്കുമ്പോഴാണ് ആർഎസ‌്എസ‌് അക്രമികൾ അതിക്രമിച്ചുകയറി അദ്ദേഹത്തെ വെട്ടിനുറുക്കിയത്.
എറണാകുളത്ത് വിദഗ്ധചികിത്സയിലാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. കണ്ടാൽ രണ്ട് കൈയും ശേഷിയുള്ളത് പോലെയേ തോന്നൂ. ആ തുന്നിക്കെട്ടിയ കൈ അക്രമരാഷ്ട്രീയത്തിന്റെ പ്രതീകമാണ്. ആർഎസ്എസ് ആണ് അതിൽ പ്രതിസ്ഥാനത്ത്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവർ പി ജയരാജന് വോട്ട് ചെയ്യണം. കൊലക്കുറ്റത്തിന് കേസിൽ പ്രതി ചേർക്കപ്പെട്ട ജയരാജനെ സ്ഥാനാർഥിയാക്കുന്നത് ശരിയോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്ന‌് കോടിയേരി മറുപടി നൽകി. കേസിൽ പെട്ടയാൾ സ്ഥാനാർഥിയാകരുത് എന്നെവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയെങ്കിൽ കോൺഗ്രസിൽ ഒരാൾക്കും മത്സരിക്കാനാകില്ല. ഒരു കേസിൽ രണ്ട് കൊല്ലം ശിക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ സ്ഥാനാർഥിയാകുന്നതിന് അയോഗ്യതയാകൂ. പൊന്നാനിയിലെ എൽഡിഎഫ‌് സ്ഥാനാർഥി പി വി അൻവറിനെതിരെ ഉയർന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന‌് തെളിഞ്ഞതാണ‌്.
രണ്ട് ജില്ലാ സെക്രട്ടറിമാർ സ്ഥാനാർഥികളാകുമ്പോൾ പകരം ക്രമീകരണമുണ്ടാകും. വടകരയിൽ കോൺഗ്രസ് പിന്തുണയോടെ ആർഎംപിയുടെ പൊതുസ്ഥാനാർഥി ജയരാജനെതിരെ മത്സരിക്കുമെന്ന റിപ്പോർട്ടുകളെപ്പറ്റിയുള്ള ചോദ്യത്തിന‌് കഴിഞ്ഞതവണയും ആർഎംപി അവിടെ മുല്ലപ്പള്ളിയുടെ കൂടെയായിരുന്നു എന്നായിരുന്നു മറുപടി.
പി ശശി സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെത്തിയിട്ട് കുറച്ചുകാലമായി. മാധ്യമങ്ങൾ അക്കാര്യം ഇപ്പോൾ അറിഞ്ഞെന്ന് മാത്രമേയുള്ളൂ.വയനാട്ടിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മജിസ‌്റ്റീരിയൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട‌്. ഇക്കാര്യത്തിൽ സുപ്രീംകോടതി മാർഗനിർദേശങ്ങളനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ പാലിക്കും–- കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TK7Phq
via IFTTT
No comments:
Post a Comment