പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും ശബ്ദം മുഖ്യധാരാ മാധ്യമങ്ങളിൽനിന്നു ശ്രവിക്കാനാകില്ല. ഉദാരവൽക്കരണം ഇന്ത്യയിലെ മാധ്യമങ്ങളെ അടിമുടി മാറ്റി. കോർപറേറ്റ് ബിസിനസിന്റെ ഭാഗമാണ് ഇന്ന് മാധ്യമരംഗം. രാജ്യത്തെ പ്രധാന പത്രങ്ങളും ടിവി ചാനലുകളും വൻകിട ബിസിനസുകാരാണ് നടത്തുന്നത്. ബദൽ മാധ്യമമാർഗം അത്യന്താപേക്ഷിതവും അനിവാര്യവും ആകുന്ന ഘട്ടമാണിത്. ദേശീയ പാരമ്പര്യവും പുരോഗമന പക്ഷപാതവും അവകാശപ്പെടുന്ന മാധ്യമങ്ങൾപോലും കോർപറേറ്റുകളുടെ കൈയിലെത്തുകയാണ്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
പത്രങ്ങൾ ആയാലും ദൃശ്യമാധ്യമങ്ങൾ ആയാലും ഭൂരിപക്ഷത്തെയും നയിക്കുന്നത് വലതുപക്ഷ രാഷ്ട്രീയശക്തികളോ അവയുടെ സുഹൃത്തുക്കളോ ആണ്. പുരോഗമന ശക്തികൾക്കെതിരെ ഊതിപ്പെരുപ്പിച്ചതും നിർമിക്കപ്പെട്ടതും ആയ വാർത്തകളുടെ പ്രവാഹമാണ് ഈ മാധ്യമങ്ങളിൽനിന്ന് ഉണ്ടാകുന്നത്. അത്തരമൊരു അവസ്ഥയിൽ യഥാർഥ വാർത്തകളും പുരോഗമന വീക്ഷണങ്ങളും അവഗണിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് ശക്തമായ ബദൽ ആണ് ഉണ്ടാകേണ്ടത്. അങ്ങനെ ഒരു ബദൽ ഉയർത്തുന്നു എന്നതാണ് ദേശാഭിമാനിയുടെ സവിശേഷത.
വർത്തമാനപത്രങ്ങൾ ശോഷിച്ചു വരുന്നതാണ് ആഗോള പ്രവണത. അതിൽനിന്ന‌് വ്യത്യസ്തമായി ഇന്ത്യയിൽ പത്രങ്ങൾ നേരിയ വളർച്ച രേഖപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും ഉയർന്ന വളർച്ചനിരക്ക് കേരളത്തിലാണ്. ഇവിടെ അതിവേഗം വളരുന്ന പത്രമായി ദേശാഭിമാനി മുന്നിലെത്തിയിരിക്കുന്നു. പത്താമത്തെ എഡിഷൻ കൊല്ലത്ത് യാഥാർഥ്യമാകുന്നത് ആ ദിശയിലുള്ള സൂചനയാണ്.
മലയാള പത്രങ്ങളിൽ പ്രചാരം കൊണ്ട് മൂന്നാംസ്ഥാനത്താണ് ദേശാഭിമാനി. എന്നാൽ, ബഹുജന അഭിപ്രായരൂപീകരണത്തിലും വാർത്തകളുടെ വിശ്വാസ്യതയിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നു എന്ന് ഈ പത്രത്തിന് അഭിമാനത്തോടെ പറയാൻ കഴിയും. മാധ്യമങ്ങളുടെ സംഘടിതമായ ആക്രമണം ഇടതുപക്ഷത്തിനു നേരെ നിരന്തരം ഉണ്ടാകുമ്പോഴും ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നത് ആശയ പ്രചാരണ രംഗത്തെ ബദൽ സാന്നിധ്യം കൊണ്ടാണ്. കേരളത്തിലെ ബദൽ മാധ്യമങ്ങളുടെ നായകസ്ഥാനത്താണ് ദേശാഭിമാനി ദിനപത്രം.
ഏഴുപതിറ്റാണ്ടിലേറെ നീളുന്ന ഇടപെടൽ കൊണ്ട് കേരളത്തെ പുരോഗമനപരമായി മാറ്റിമറിക്കുന്നതിനും ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നൽകിയ പത്രമാണിത്. ആരംഭിച്ച കാലം മുതൽ ചില നിലപാടുകളിൽ ദേശാഭിമാനി ഉറച്ചുനിന്നിട്ടുണ്ട്. ജന്മി-–-നാടുവാഴി ദുഷിപ്പുകളെ അതിശക്തമായി എതിർത്തു കൊണ്ടാണ് ദേശാഭിമാനിയുടെ പിറവി തന്നെ. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ മുൻനിരയിൽ ഈ പത്രമുണ്ടായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വവും ജന്മിത്വവും ജനജീവിതത്തിനുമേൽ തേർവാഴ്ച നടത്തിയ കാലത്താണ് പാവങ്ങളുടെ ശബ്ദമായി ദേശാഭിമാനി ഉയർന്നുവന്നത്. കോഴിക്കോട്ടുനിന്ന് 1942 സെപ്തംബർ ആറിന് വാരികയുടെ രൂപത്തിൽ ദേശാഭിമാനി ആരംഭിച്ചത് പുഴുക്കളെപ്പോലെ ചവിട്ടിമെതിക്കപ്പെട്ട ഒരു ജനതയെ അവകാശബോധമുള്ളവരാക്കി പോരാട്ടത്തിൽ അണിനിരത്തുക എന്ന ലക്ഷ്യബോധത്തോടെയാണ്.
രാജാക്കന്മാരെയും ജാതിപ്രമാണികളെയും സ്തുതിച്ചും അന്തഃപുരത്തിലെ പ്രസവവും മറ്റും കൊട്ടിഘോഷിച്ചും ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന മറ്റു പത്രങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായാണ് എന്നും ദേശാഭിമാനി നിലകൊണ്ടത്. കമ്യൂണിസ്റ്റ് പാർടിക്കു നേരെയെന്ന പോലെ പത്രത്തിനു നേരെയും പല ആക്രമണങ്ങളുണ്ടായി. കയ്യൂർ രക്തസാക്ഷികളെക്കുറിച്ച് പത്രാധിപക്കുറിപ്പെഴുതിയതിന്റെ പേരിൽ ബ്രിട്ടീഷുകാർ പത്രത്തിന് പിഴ ചുമത്തിയിരുന്നു. ഇതേപോലെ, പൊതുസുരക്ഷിതത്വ നിയമത്തിന്റെ പേരുപറഞ്ഞ് സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും പത്രത്തെ ശിക്ഷിച്ചു.
പക്ഷേ, പണിയെടുക്കുന്ന മനുഷ്യരുടെ അകമഴിഞ്ഞ പിന്തുണയോടെ പത്രം വളർന്നുവന്നു. പാലോറ മാതയെപ്പോലുള്ളവർ ഏകസ്വത്തായ പശുക്കുട്ടിയെപ്പോലും നൽകി സഹായിച്ചു. ഇന്ന് പത്താമത്തെ എഡിഷൻ സംസ്ഥാനത്ത് തുടങ്ങുമ്പോൾ, ഒന്നാമത്തെ മലയാള പത്രമായി വളരാനുള്ള ശ്രമത്തിൽ മുഴുകുമ്പോൾ ജനങ്ങൾ നൽകുന്ന പിന്തുണയും സഹായവും തന്നെയാണ് ദേശാഭിമാനിയുടെ ശക്തി.
കേരളം രാഷ്ട്രീയ അക്രമങ്ങളുടെ വിളനിലമാണെന്നും കമ്യൂണിസ്റ്റിതരർക്കു രക്ഷയില്ലാത്ത നാടെന്നും ഉദ്ഘോഷിച്ച് ബിജെപി അധ്യക്ഷൻ പദയാത്ര തുടങ്ങിയപ്പോൾ, ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദുരന്ത ജീവിതം ഒരു ദിവസത്തെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയും അവതരിപ്പിച്ചാണ് ദേശാഭിമാനി മറുപടി നൽകിയത്. ആർഎസ്എസ്–- -ബിജെപി സംഘം കൊന്നുതള്ളിയ സിപിഐ എം പ്രവർത്തകരുടെ സചിത്ര പട്ടിക അവതരിപ്പിച്ച് രണ്ടാം ദിവസവും ദേശാഭിമാനി പുറത്തിറങ്ങിയപ്പോൾ അമിത് ഷായുടെ ജാഥയിൽ ഉയർത്തുന്ന കുപ്രചാരണങ്ങൾ പരിപൂർണമായി തകരുകയും ആ ജാഥ തന്നെ അകാലാന്ത്യം പ്രാപിക്കുകയും ചെയ്തു. സത്യസന്ധതയിലും നിലപാടുകളിലും മാധ്യമ മര്യാദയിലും ഉറച്ചു നിൽക്കുന്നു എന്നത് കൊണ്ടുകൂടിയാണ് മറ്റേതൊരു രാഷ്ട്രീയപാർടിയുടെ പത്രങ്ങൾക്കും ഇല്ലാത്ത സ്വീകാര്യത ദേശാഭിമാനിക്ക് ലഭിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2TK7Qlu
via IFTTT
No comments:
Post a Comment