കൊച്ചി
മീനസൂര്യൻ നിന്നുകത്തുകയാണ‌്. രാവിലെ പത്താകുന്നതേയുള്ളൂ. പക്ഷേ, പൊള്ളുന്ന ചൂട‌്. വെയിലേറ്റ‌് തിളയ‌്ക്കുന്ന വഴിയിലൂടെ തിരക്കിട്ടു നടന്നുപോകുന്ന സ‌്ത്രീകളുടെ കൈയിൽ പൂക്കളും ചുവന്ന മാലകളുമുണ്ട‌്. ചാലക്കുടി മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റിനെ സ്വീകരിക്കാനുള്ള പോക്കാണ‌്. കുന്നത്തുനാട‌് നിയോജക മണ്ഡലത്തിൽ വ്യാഴാഴ‌്ച ഇന്നസെന്റിന്റെ പൊതുപര്യടന സ്വീകരണകേന്ദ്രങ്ങളെ ശ്രദ്ധേയമാക്കിയതും വലിയ തോതിലുള്ള സ‌്ത്രീ സാന്നിധ്യം തന്നെ.
രാവിലെ എട്ടിന‌് ചേലക്കുളം ജങ‌്ഷനിൽനിന്ന‌് പൊതുപര്യടനം ആരംഭിച്ചു. വെടിക്കെട്ടും പൂത്തിരിയുമൊക്കെയായി ഗംഭീരമായ സ്വീകരണമാണ‌് ചേലക്കുളത്തുകാർ നൽകിയത‌്. ചേലക്കുളം സ്വദേശി സി സി കുഞ്ഞുമുഹമ്മദ‌് തയ്യാറാക്കിയ പ്രൊമോഷണൽ വീഡിയോകൂടി സ്വിച്ച‌് ഓൺ ചെയ‌്തായിരുന്നു പര്യടനത്തിന്റെ തുടക്കം. തെരഞ്ഞെടുപ്പു ചിഹ‌്നമായ ചുറ്റിക അരിവാൾ നക്ഷത്രം ലേഖനം ചെയ‌്ത ചുവന്ന കൊടിയുമായി അമ്പതോളംപേരുടെ അകമ്പടിയും വാദ്യഘോഷങ്ങളുമായി അടുത്ത സ്വീകരണകേന്ദ്രമായ കുമ്മനോട‌് ഭണ്ഡാരക്കവലയിൽ സ്ഥാനാർഥിയെത്തുമ്പോൾ സ്വീകരണകേന്ദ്രത്തിൽ ഉത്സവ പ്രതീതി. ചുറ്റിക അരിവാൾ നക്ഷത്രം തെർമോക്കോളിൽ വെട്ടിയെടുത്ത‌് ഗിൽറ്റ‌് ഒട്ടിച്ച‌് വാഴത്തടകളിൽ കുത്തിനിർത്തിയിരിക്കുന്നു. കുരുത്തോലയും ചുവപ്പുതോരണങ്ങളും തൂക്കി അലങ്കാരം.

ട്രാൻസ‌്ഫോർമർ കവലയിലായിരുന്നു അടുത്ത സ്വീകരണം. വലമ്പൂർ സെന്റ‌് ജോർജ‌് യാക്കോബായ കപ്പേളപ്പള്ളിയുടെ മുന്നിലെ ബസ‌്സ‌്റ്റോപ്പിൽ സ്ഥാനാർഥി എത്തുന്നതിന‌് മുമ്പുതന്നെ കുട്ടികളും സ‌്ത്രീകളുമടക്കം വലിയ ജനക്കൂട്ടം കാത്തുനിന്നിരുന്നു. ഒരു കുല കണിക്കൊന്നപ്പൂവുമായി ഒരു വല്യമ്മയുമുണ്ട‌്. വടികുത്തിപ്പിടിച്ചാണ‌് വന്നിരിക്കുന്നത‌്. ഇന്നസെന്റ‌് എത്തിയതും ഒരാളുടെ സഹായത്തോടെ വാഹനത്തിനടുത്തെത്തി പൂവ‌് നൽകി പറഞ്ഞു‘
ജയിച്ചുവാ മോനെ’. ‘മതി... ഇതാണ‌് പ്രാർഥന’ നിറഞ്ഞ ചിരിയോടെ ഇന്നസെന്റിന്റെ മറുപടി.
പട്ടിമറ്റം കവലയിൽ ഒരു പഴക്കുല സ്ഥാനാർഥിക്ക‌് സമ്മാനിച്ചു,
പുന്നോർക്കോടേക്കുള്ള യാത്രയ‌്ക്കിടെ നാലം വാർഡിൽ അമ്പതോളം സ‌്ത്രീകൾ വഴിയരികിൽ സ്ഥാനാർഥിയെ കാത്തുനിൽക്കുന്നു. തൊട്ടപ്പുറത്തെ വീട്ടുപറമ്പിൽനിന്ന‌് പറിച്ചെടുത്ത പൂക്കളുമായി വഴിയരികിൽ കാത്തുനിൽക്കുന്ന അവരെക്കണ്ട‌് അദ്ദേഹത്തിന്റെ വാഹനം നിർത്തി. അവരെന്തെങ്കിലും പറയുംമുമ്പേ ഇന്നസെന്റിന്റെ പ്രതികരണം.
‘പെങ്ങന്മാരേ, തൊഴിലുറപ്പിൽ പണി ചെയ‌്തതിന്റെ കൂലി കുടിശ്ശികയല്ലേ. നമുക്കെല്ലാം ശരിയാക്കാം. തെരഞ്ഞെടുപ്പു കഴിയട്ടെ’.
അവർക്കറിയാം, മുമ്പ‌് കൂലിക്കുടിശ്ശിക വന്നപ്പോൾ പാർലമെന്റിൽ തങ്ങൾക്കുവേണ്ടി ശബ‌്ദമുയർത്തിയ ഇടതു എംപിമാരിൽ ഒരാൾ ഇന്നസെന്റാണെന്ന‌്.
.jpg)
പുന്നോർക്കോടും ദയറപ്പടിയും കടന്ന‌് കിഴക്കമ്പലം മാര്‍ക്കറ്റ്, മലയിടംതുരുത്ത് ഷാപ്പുപടി, എടത്തിക്കാട്, പഴങ്ങനാട് കപ്പേളപ്പടി വഴി സ്വീകരണങ്ങളേറ്റുവാങ്ങി പര്യടനം പകൽ 12ഓടെ ചെമ്മലപ്പടിയിൽ സമാപിച്ചു. വൈകിട്ട‌് മൂന്നരയോടെ ചെമ്പറക്കി നാലുസെന്റ‌് കോളനിയിൽനിന്ന‌് പര്യടനമാരംഭിച്ചു. തൊട്ടടുത്താണ‌് എട്ടര മീറ്റര്‍ വീതിയുള്ള അടിയാക്കല്‍ താഴം തോട്. പിഎംജിഎസ‌്‌വൈയുടെ കീഴില്‍ രാജ്യത്തെ ആദ്യപാലം ആ തോടിനു കുറുകെയാണ് നിര്‍മിച്ചത്. അതിന്റെ മുഴുവൻ ക്രെഡിറ്റും ഇന്നസെന്റിനാണ‌്. പദ്ധതിയില്‍ റോഡുകള്‍ മാത്രമേ നിര്‍മിക്കൂ എന്ന തടസ്സമാണ‌് മറികടന്നത്. കേന്ദ്രഫണ്ട‌് ഉപയോഗിച്ച് അഞ്ച‌് വര്‍ഷത്തിനുള്ളില്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിര്‍മിച്ച പ്രധാന റോഡുകളില്‍ രണ്ടെണ്ണവും കുന്നത്തുനാട്ടിലാണ‌്. പര്യടനം ചെമ്പറക്കി, നടക്കാവ്, കുണ്ടുകുളം, കുന്നത്തുകര, മാറമ്പിള്ളി, പാറപ്പുറം, മഞ്ഞപ്പെട്ടി, മൂടിക്കല്‍ എസ്റ്റേറ്റ്, മാവിന്‍ചുവട് വഴി രാത്രി ഏഴിന‌് പള്ളിക്കവല കനാല്‍പ്പാലത്തിൽ സമാപിച്ചു.
സിപിഐ എം കോലഞ്ചേരി ഏരിയ സെക്രട്ടറി സി കെ വര്‍ഗീസ്, കെ വി ഏലിയാസ്, സി ബി ദേവദര്‍ശനന്‍, ജോസഫ് എം ബി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി തുടങ്ങിയവര്‍ പര്യടനത്തില്‍ ഇന്നസെന്റിനൊപ്പമുണ്ടായിരുന്നു.
കുഞ്ഞുമുഹമ്മദിന്റെ ‘പ്രൊമോഷന‌്’ ഇന്നസെന്റിന്റെ ‘കൈയൊപ്പ‌്’
കൊച്ചി
നാടകകലാകാരൻ സി സി കുഞ്ഞുമുഹമ്മദ‌് ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥമിറക്കിയ പ്രമോഷണൽ വീഡിയോ ശ്രദ്ധേയമാകുന്നു. വീഡിയോ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്വിച്ച‌് ഓൺ ചെയ്യിക്കാനായതിന്റെ ആഹ്ലാദത്തിലാണ‌് കുന്നത്തുനാട‌് ചേലക്കുളം സ്വദേശിയായ കുഞ്ഞുമുഹമ്മദ‌്. കുന്നത്തുനാട‌് മണ്ഡലത്തിൽ വ്യാഴാഴ‌്ച ഇന്നസെന്റിന്റെ പൊതുപര്യടനം ആരംഭിച്ചത‌് കുഞ്ഞുമുഹമ്മദിന്റെ വീഡിയോ സ്വിച്ച‌് ഓൺ ചെയ‌്തുകൊണ്ടാണ‌്. കംപ്യൂട്ടറിൽ ഡിജിറ്റൽ ഗ്രാഫിക‌്സിൽ താൻ വരച്ച, ഇന്നസെന്റിന്റെ ചിത്രം പ്രിന്റെടുത്ത‌് ഫ്രെയിം ചെയ‌്ത‌് മകൾ സുഹാനയെക്കൊണ്ട‌് അദ്ദേഹത്തിന‌് സമ്മാനിച്ചാണ‌് കുഞ്ഞുമുഹമ്മദ‌് തന്റെ ഹൃദയപക്ഷം വെളിപ്പെടുത്തിയത‌്.
.jpg)
വീഡിയോ ഒരു കുടുംബ സംരംഭമെന്ന‌് കുഞ്ഞമുഹമ്മദ‌് പറയുന്നു. ആശയവും സ‌്ക്രിപ‌്റ്റും സംവിധാനവും താൻ തന്നെ. മകൻ സിയാ മുഹമ്മദും ജ്യേഷ‌്ഠന്റെ മകൻ മാഹിൻ ഷായും സഹസംവിധായകർ. വീഡിയോയിലെ പ്രധാന അഭിനേതാക്കളിലൊരാൾ മകൾ ആറാം ക്ലാസുകാരി സുഹാന. മകൾക്കുപുറമേ അഭിനേതാക്കളായുള്ള മറ്റു കുട്ടികൾ അയൽപക്കക്കാരും.
ഇടതുപക്ഷ അനുഭാവിയായ കുഞ്ഞുമുഹമ്മദ‌് കുറെക്കാലം വിദേശത്തായിരുന്നു. നാട്ടിലെത്തിയശേഷം അറയ‌്ക്കപ്പടിയിൽ ‘കാം റേ’ പേരിൽ സ്വന്തമായി പ്രൊഫഷണൽ സ‌്റ്റുഡിയോ നടത്തുന്നു. ചേലക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കളിമുറ്റം ജനകീയ നാടക കലാവേദി’ ഡയറക്ടറും നാടക പ്രവർത്തകനുമാണ‌്. കുട്ടികൾക്കായി സ്ഥിരം നാടകവേദിയും ഇവർ ഒരുക്കുന്നുണ്ട‌്. അതിലെ പ്രധാന കലാകാരികൂടിയാണ‌് സുഹാന.
ഇന്ന‌് അങ്കമാലിയിൽ
കൊച്ചി
അങ്കമാലി മണ്ഡലത്തിലെ മറ്റൂർ, കാലടി, അയ്യമ്പുഴ, മഞ്ഞപ്ര മേഖലകളിലാണ് വെള്ളിയാഴ‌്ച ഇന്നസെന്റ് പര്യടനം നടത്തുന്നത‌്. മുൻ എംഎൽഎ എം വി മാണി ഉദ്ഘാടനം ചെയ്യും. രാവിലെ 7-.30ന് കാലടി മറ്റൂരിലെ കുറ്റിലക്കരയിൽ ആരംഭിച്ച് പിരാരൂർ, തെക്കേ പിരാരൂർ, മറ്റൂർ ലക്ഷംവീട്, മറ്റൂർ കോളനി, മറ്റൂർ കവല, മരോട്ടിച്ചോട്, യോർദനാപുരം, ബേബി കവല, പള്ളിപ്പടി, മാണിക്യമംഗലം, ഈസ്റ്റ് പനയാലി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 11ന‌് ലക്ഷംവീട‌് കവലയിൽ സമാപിക്കും. പകൽ 3.-30ന് തട്ടുപാറയിൽനിന്ന‌് വീണ്ടും പര്യടനം തുടങ്ങും. ചൂണ്ടി, അയ്യമ്പുഴ, കൊല്ലക്കോട്, കണ്ണിമംഗലം, ചാത്തക്കുളം, കാരക്കാട്, വടക്കുംഭാഗം, മുളരിപ്പാടം കരിങ്ങാലിക്കാട്, പുത്തൻപള്ളി, തുപ്പത്തിക്കവല, ഇലവന്തി, മേരിഗിരി എന്നിവിടങ്ങളിലെ സ്വകീരണത്തിനുശേഷം രാത്രി ഏഴിന‌് നടമുറിയിൽ സമാപിക്കും.
from Kerala || Deshabhimani Online News https://ift.tt/2TIHTyh
via IFTTT
No comments:
Post a Comment