താനൂർ> തീരദേശ മേഖലയായ അഞ്ചുടിയിൽ തിങ്കളാഴ്ച രാത്രി സിപിഐ എം പ്രവർത്തകർക്കുനേരെയുണ്ടായ അക്രമം തീർത്തും ആസൂത്രിതം. കുപ്പന്റെ പുരക്കൽ ഷംസു (38), വെളിച്ചാന്റെ പുരക്കൽ മുസ്തഫ (48), ചീമ്പാളിന്റെ പുരക്കൽ ഷഹദാദ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷംസുവിന്റെ പരിക്ക‌് ഗുരുതരമാണ‌്. രണ്ടുകാലിനും കൈയ‌്ക്കും വെട്ടേറ്റു.
വടിവാളുപയോഗിച്ച‌് വെട്ടിവീഴ‌്ത്തിയശേഷം മഴുകൊണ്ട‌് ഇരുകാലുകളും വെട്ടിനുറുക്കുകയായിരുന്നു. മുസ്തഫയുടെ കൈയിനും കാലിനുമാണ‌് വെട്ടേറ്റത‌്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിക്കുന്നതിന്റെ ശബ്ദംകേട്ടെത്തിയ ഷഹദാദിന്റെ കൈവെള്ളയിലാണ് വെട്ടേറ്റത്. പത്ത് തുന്നലുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
ഷംസു അടങ്ങുന്ന സംഘത്തിന്റെ മത്സ്യബന്ധന ബോട്ട് കടൽക്ഷോഭത്തിൽ തകർന്നിരുന്നു. സർക്കാരിന്റെ സഹായത്തോടെ പുതിയ വള്ളം നീറ്റിലിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗം കഴിഞ്ഞ് വീട്ടിലേക്കുപോകുന്ന വഴിയാണ‌് അക്രമം. പ്രദേശത്തെ മുഴുവൻ വൈദ്യുതി തൂണുകളിലെയും വീടുകളിലെയും വെളിച്ചം കെടുത്തിയിരുന്നു. ഓട്ടോയിലും കാറിലുമായി എത്തിയ സംഘം അഞ്ചുടി മുസ്ലിംലീഗ് ഓഫീസ‌് പരിസരത്ത‌് പതുങ്ങിയിരിക്കയായിരുന്നു. ഷംസുവും മുസ്തഫയും നടക്കുന്നതിനിടെ സമീപത്തെ വീട്ടുപരിസരത്ത് സൂക്ഷിച്ച ആയുധങ്ങളുമായി അക്രമികൾ ചാടിവീഴുകയായിരുന്നുവെന്നും പരിക്കേറ്റവർ മൊഴിനൽകി.
ഷഹദാദിനെ കണ്ടതോടെ അക്രമികൾ ഉദ്യമം ഉപേക്ഷിച്ച് ചിതറിയോടി. തുടർന്ന് ഓട്ടോയിലും കാറിലുമായി താനൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. പ്രദേശത്തെ ചിലയാളുകളുടെ സഹായത്തോടെയാണ് ആക്രമണമെന്ന് വീടുകളിലെ വെളിച്ചം അണച്ചതിലൂടെ വ്യക്തമാകുന്നു. ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ഷംസുവിനുനേരെ മുമ്പ് ഭീഷണി ഉയർന്നിരുന്നു. മുസ്തഫയുടെ വീടും വാഹനവും നേരത്തെ തകർത്തിരുന്നു.
ഒരുവർഷംമുമ്പ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനെ സമാനരീതിയിൽ മുസ്ലിംലീഗ് അക്രമികൾ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അക്ബർ. കൊലപ്പെടുത്തുക അല്ലെങ്കിൽ ആജീവനാന്തം കിടപ്പിലാക്കുക എന്ന ലക്ഷ്യത്തിലാണ് കാൽപ്പാദം അറുത്തുമാറ്റാനുള്ള ശ്രമം.
from Kerala || Deshabhimani Online News https://ift.tt/2TmNIGr
via IFTTT
No comments:
Post a Comment