കൊച്ചി
സ്വീകരണകേന്ദ്രങ്ങളിലാകെ കാർഷികവിഭവങ്ങൾ നൽകി സ്ഥാനാർഥിയെ സ്വീകരിക്കുക. ലഭിക്കുന്ന വിഭവങ്ങൾ ശേഖരിക്കാൻ പ്രത്യേക വാഹനം ഏർപ്പെടുത്തേണ്ടിവരിക. എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ സ്വീകരണപരിപാടികൾ കേരളത്തിന്റെ തെരഞ്ഞെടുപ്പ‌് ചരിത്രത്തിലെതന്നെ വേറിട്ട അനുഭവമാകുന്നു. ജില്ലയിൽ ജൈവകൃഷി വിപ്ലവത്തിന് തുടക്കംകുറിച്ച പി രാജീവിന് തെരഞ്ഞെടുപ്പ് പ്രചാരണകാലം അങ്ങനെ താൻ മുന്നോട്ടുവച്ച ആശയത്തിന്റെ വിളവുകാലം കൂടിയായി.
പഴക്കുലകളും കരിക്കിൻകുലകളും, കതിർക്കുലകൾ, തണ്ണിമത്തൻ, പൊട്ടുവെള്ളരി, കണിവെള്ളരി, കപ്പ, ചക്ക, മാങ്ങ, കടച്ചക്ക, പയർ, കോളിഫ്ലവർ, ചാമ്പയ‌്ക്ക, പൈനാപ്പിൾ, ചുരയ‌്ക്ക, ചേന, പടവലങ്ങ, വഴുതനങ്ങ, കോഴിമുട്ട, കരിമീൻ, കറിവേപ്പില തുടങ്ങി വ്യക്തികളും കൂട്ടായ്മകളും കൃഷിചെയ്തുണ്ടാക്കിയ വിഭവങ്ങളാണ് സ്വീകരണകേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക‌് നൽകുന്നത‌്.
തിരുവാല്ലൂരിൽ അപ്പുക്കുട്ടൻ എന്ന കർഷകൻ രാജീവിനു സമ്മാനിച്ചത് പ്രളയത്തെ അതിജീവിച്ച‌് കുടവിരിച്ചുനിന്ന ചേന. സ്വീകരണകേന്ദ്രങ്ങളിൽ ലഭിച്ച പഴവർഗങ്ങൾ പലതും പി രാജീവ് അപ്പോൾത്തന്നെ നാട്ടുകാർക്ക് പങ്കിട്ടുനൽകി. മിച്ചംവന്നത് വാഹനത്തിൽ കയറ്റി. ഉച്ചവരെയുള്ള സ്വീകരണം കഴിഞ്ഞപ്പോൾ ഒരു വാഹനം കാർഷിക വിഭവങ്ങൾകൊണ്ട് നിറഞ്ഞു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി കയറിയ വീടിന്റെ മുറ്റത്ത് ഇവ നിരത്തിവച്ചപ്പോൾ ലേലത്തിൽ വിൽക്കാമെന്നായി സഖാക്കൾ. പി രാജീവിന്റെ സാന്നിധ്യത്തിൽ ലേലംവിളിച്ചു വിറ്റു.
ജൈവകൃഷി പദ്ധതി തുടങ്ങിയപ്പോൾ അതിനെ സംശയത്തോടെ കാണുകയും എന്തു ഭ്രാന്താണെന്നു പറയുകയും ഇതാണോ രാഷ്ട്രീയപ്രവർത്തനമെന്ന് ചോദിക്കുകയും ചെയ്തവരുണ്ടെന്ന് പി രാജീവ് ഓർമിച്ചു. എന്നാൽ, ഇന്ന് ജില്ലയിലെ മൂന്നുനാലു ഗ്രാമങ്ങൾ ജൈവകൃഷിയിൽ സ്വയംപര്യാപ്തത കൈവരിച്ചു. നിരവധി സ്വാശ്രയസംഘങ്ങളും സൊസൈറ്റികളും വ്യക്തികളും ജൈവകൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ജനങ്ങളെ ഒരുമിപ്പിച്ചുനിർത്തിയാൽ എത്രവലിയ മാറ്റവും സാധ്യമാണെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
.jpg)
ജില്ലയുടെ വ്യവസായ തലസ്ഥാനവും ജൈവകലവറയുമുൾപ്പെടുന്ന കളമശേരി മണ്ഡലത്തിലായിരുന്നു ചൊവ്വാഴ‌്ചത്തെ പര്യടനം. രാവിലെ ഏലൂർ ഐഎസി കമ്പനി കവലയിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പോരാട്ടത്തിന്റെ ചിഹ്നമായ ചുറ്റിക ചിഹ്നം നൽകിയാണ‌് ഐഎസി തൊഴിലാളികൾ രാജീവിനെ വരവേറ്റത‌്.
എലൂരിൽ ബോസ്‌കോ കോളനിയിൽ പ്രിയനേതാവിനെ സ്വീകരിക്കാൻ പനിനീർപ്പൂവുമായി 82 വയസ്സുള്ള ഫിലോമിന താത്തി ഊന്നുവടിയുമേന്തി കാത്തുനിന്നിരുന്നു. പ്രായാവശതകൾ മറന്ന് ആവേശത്തോടെ രാജീവിന് അഭിവാദ്യങ്ങൾ അറിയിച്ച് താത്തിയും സ്ഥാനാർഥിയും പരസ്പരം സ്‌നേഹം പങ്കുവച്ചു. ഏലൂർ പുതിയ റോഡിലെ സ്വീകരണത്തിൽ ആൻ മരിയ തോമസ് എന്ന പത്തു വയസ്സുകാരി താൻ പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ രാജീവിന്റെ ചിത്രം സമ്മാനിച്ചു. ചിറയം റേഷൻകട കവലയിലെ സ്വീകരണകേന്ദ്രത്തിൽ ജൈവ പച്ചക്കറി കൊയ്‌തെടുത്ത് കയറിവന്ന കർഷകർ തങ്ങൾക്ക് ജൈവകൃഷിയിലേക്ക് വഴികാട്ടിയ നേതാവിന് അരിവാൾ നൽകി സ്വീകരിച്ചു.
ചെണ്ടമേളവും കാവടിയും അകമ്പടി നിരത്തി പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആവേശോജ്വലമായ സ്വീകരണമാണ‌് ചൊവ്വാഴ‌്ച ലഭിച്ചത‌്. കത്തിയാളുന്ന ചൂടിനെ വകവയ‌്ക്കാതെ പ്രായഭേദമെന്യേ നൂറുകണക്കിനുപേർ ഓരോ സ്വീകരണകേന്ദ്രങ്ങളിലും കാത്തുനിന്നു.
ലൈക്കുകളുടെ വല്യ മുഹമ്മദ‌്
കൊച്ചി
ഫെയ‌്സ‌്ബുക്കിൽ ഒരുലക്ഷം ലൈക്ക് നേടിയ ചിത്രത്തിലെ നായകൻ എടയാർ ഇറ്റിക്കാട്ടുപറമ്പിൽ കുഞ്ഞുമുഹമ്മദ് എന്ന തൊണ്ണൂറുകാരൻ മണിക്കൂറുകൾ കാത്തുനിന്നത് പി രാജീവിനെ കാണാനും ഒപ്പംനിന്ന് ഒരിക്കൽക്കൂടി ചിത്രമെടുക്കാനുമായിരുന്നു. പി രാജീവ് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ മുൻകൈയെടുത്ത് നടപ്പാക്കിയ ജൈവജീവിതം ജൈവകൃഷിക്കായി സ്ഥലം വിട്ടുനൽകിയ കുഞ്ഞുമുഹമ്മദിനെ ഒപ്പം നിർത്തി എടുത്ത ചിത്രം പി രാജീവ് ഫെയ‌്സ്ബുക്കിൽ ഇട്ടപ്പോഴാണ‌് ഒരു ലക്ഷത്തിലധികം ലൈക്ക‌് ലഭിച്ചത്. ഫെയ‌്സ്ബുക്കിൽ തരംഗമായ ഫോട്ടോ കണ്ട് മക്കൾ ഗൾഫിൽനിന്ന് വിളിച്ച് ഉപ്പാ നിങ്ങൾ കർഷക തൊഴിലാളി യൂണിയനിൽ ചേർന്നോ എന്ന‌് ചോദിച്ചതായി കുഞ്ഞുമുഹമ്മദ‌് പറഞ്ഞു.
.jpg)
കടുത്ത രാഷ്ട്രീയമില്ലെങ്കിലും പി രാജീവ് കുഞ്ഞുമുഹമ്മദിന് ഒരു വികാരമാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമ്പോൾ നേരിട്ട് കാണാനും അനുഗ്രഹിക്കാനും ഒരിക്കൽക്കൂടി ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കാത്തിരിക്കുകയായിരുന്നു അദ്ദേഹം. എടയാറിൽ സ്വീകരണയോഗത്തിൽ രാജീവ് പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ് പ്രായാധിക്യം വകവയ‌്ക്കാതെ അദ്ദേഹം എടയാർ സെന്ററിൽ വയോധികർക്കായുള്ള സ്നേഹവീട്ടിലെത്തിയത്.
കുഞ്ഞുമുഹമ്മദിക്കയുമായുള്ള അടുപ്പം പി രാജീവ് തന്നെയാണ് മറ്റുള്ളവരോട് വെളിപ്പെടുത്തിയത്. നിഷ്‌കളങ്കമായ ചിരി പൊഴിച്ച‌് കുഞ്ഞുമുഹമ്മദ‌് രാജീവിനോട് ചേർന്നു നിന്നു. പിന്നെ അനുഗ്രഹിച്ചു, വിജയാശംസകൾ നേർന്നു. ഇനിയും കാണാമെന്ന് ഉറപ്പ് നൽകിയാണ് പി രാജീവ് കുഞ്ഞുമുഹമ്മദിനോടും സ്നേഹവീട്ടിലെ അന്തേവാസികളോടും യാത്ര പറഞ്ഞത്.
കായികതാരത്തിന‌് ആദരം
കൊച്ചി
സ്വീകരിക്കാനെത്തിയ കായികതാരം വി എൻ അഞ്ജനയെ ആദരിച്ച് പി രാജീവ്. ജനുവരിയിൽ ചെന്നൈയിൽ നടന്ന ദേശീയ ബധിര കായികമേളയിലും ഡിസംബറിൽ പാലക്കാട് നടന്ന സംസ്ഥാന കായികമേളയിലും സ്വർണമെഡൽ നേടിയ പ്ലസ്‌വൺ വിദ്യാർഥിനിയായ അഞ്ജനയുടെ കുടുംബത്തിന് എന്നും അത്താണി പ്രദേശത്തെ സിപിഐ എം പ്രവർത്തകരാണ‌്. അമ്മ അജിതയും അച്ഛൻ നാഗഭൂഷണനും അസുഖബാധിതരായതിനാൽ രണ്ടു പെൺമക്കളുള്ള കുടുംബത്തിന് നാട്ടുകാരാണ് തുണ. പി രാജീവ് ഈ കുടുംബത്തിനുവേണ്ടി പല ഘട്ടങ്ങളിലും ഇടപെട്ടിരുന്നു. ദേശീയ ചാമ്പ്യനായപ്പോൾ നാട്ടുകാർ ഒരുക്കിയ സ്വീകരണത്തിൽ അഞ്ജനയ‌്ക്ക് ഉപഹാരം നൽകിയതും രാജീവായിരുന്നു.

from Kerala || Deshabhimani Online News https://ift.tt/2CEg197
via IFTTT
No comments:
Post a Comment