കൊച്ചി> മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ ഡീൻ കുര്യാക്കോസിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് കോടതി. ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചു. ഉടനെ സത്യവാങ്മൂലം എപ്പോഴാണ് സമർപ്പിച്ചതെന്ന് അറിയിക്കാൻ കോടതി നിർദേശം നൽകി. കാസർകോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്‍റെ സത്യവാങ്മൂലം മാത്രമാണ് ബെഞ്ചിലെത്തിയത്. കമറുദ്ദീൻ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം ചെയ്തതെന്ന് ഡീൻ കുര്യാക്കോസ് കോടതിയെ അറിയിച്ചു. ഹർത്താലിൽ ഉണ്ടായ അക്രമങ്ങൾക്ക് ഉത്തരവാദിയല്ല.
പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല. ആര് ഹർത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നൽ ഹർത്താൽ നടന്നു എന്നതാണ് വിഷയമെന്ന‌് ഹൈക്കോടതി ചൂണ്ടികാണിച്ചു. അതേസമയം യുഡിഎഫ് കാസർകോട് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെങ്കിൽ അത് നിഷേധിക്കാൻ ഭാരവാഹികൾക്ക് ബാധ്യതയുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു സംഘടനാ നേതാവ് ഹർത്താലിനെപ്പറ്റി അറിവില്ലെന്ന് പറയുന്നത് തെറ്റെന്നും സർക്കാർ വാദിച്ചു. കോൺഗ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും യുഡിഎഫ് ഹർത്താലിനെപ്പറ്റി പറഞ്ഞിരുന്നു എന്ന് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാൻ എല്ലാവർക്കും അധികാരമുണ്ട്. മറ്റുള്ളവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അവകാശമില്ല. മിന്നൽ ഹർത്താലുകൾ തടഞ്ഞുകൊണ്ടുള്ള കേസിൽ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്ന് കോടതി ചോദിച്ചു. കേരളത്തിൽ ഹർത്താലുകളിൽ അക്രമം പതിവായി. പൊതുതാൽപര്യ ഹർജികളിലെ ഉത്തരവ് എല്ലാവർക്കും ബാധകമാണ്. ഏതു ഹർത്താലിനും മുൻകൂർ നോട്ടീസ് നൽകണം. മുൻകൂർ നോട്ടീസ് നൽകുന്നത് ഹർത്താലിൽ അക്രമം നടത്താനുള്ള അനുമതിയല്ലെന്നും കോടതി പറഞ്ഞു. കേസ് 18ന് വീണ്ടും പരിഗണിക്കും. അന്ന് ഡീൻ കുര്യാക്കോസ് ഹാജരാകേണ്ടതില്ലെന്നും കോടതി സൂചിപ്പിച്ചു.
പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഡീൻ കുര്യാക്കോസ് ഫേസ്‌ബുക്കിലടൈ ഹർത്താലിന് ആഹ്വാനം ചെയ്‌തതത്. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് 7 ദിവസം മുന്നേ നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്‌തത്. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
from Kerala || Deshabhimani Online News https://ift.tt/2TjgeZC
via IFTTT
No comments:
Post a Comment