പ്രളയം വരുത്തിവച്ച മഹാകെടുതികളെ തുടർന്ന‌് കടക്കെണിയിൽപ്പെട്ട കർഷകർക്ക‌് വലിയ ആശ്വാസമാകുന്ന തീരുമാനങ്ങളാണ‌് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം സ്വീകരിച്ചത‌്. തീരുമാനങ്ങൾ ഫലപ്രാപ‌്തിയിലെത്താൻ സംസ്ഥാനത്തെ പൊതുമേഖലാ–-വാണിജ്യ ബാങ്കുകളുടെ സഹകരണം ആവശ്യമായിരുന്നു. ബുധനാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സംസ്ഥാനതല ബാങ്കേഴ‌്സ‌് സമിതി യോഗം സർക്കാർ നിലപാട‌് അംഗീകരിച്ചത‌് കർഷകർക്ക‌് വലിയ ആത്മവിശ്വാസം പകരും.
സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ തീർപ്പുകൽപ്പിക്കുന്ന വായ്പാപരിധി രണ്ടുലക്ഷം രൂപയായാണ‌് വർധിപ്പിച്ചത‌്. സഹകരണ ബാങ്കുകൾക്ക് പുറമേ, വാണിജ്യ ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവയുടെ കടങ്ങൾകൂടി കടാശ്വാസ കമീഷൻ പരിധിയിൽ ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ യോഗ തീരുമാനം സംസ്ഥാന ബാങ്കേഴ‌്സ‌് സമിതിയും അംഗീകരിച്ചതോടെ, ഫലത്തിൽ രണ്ട‌് ലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിതള്ളുന്നതിന്റെ പ്രയോജനം കർഷകർക്ക‌് ലഭിക്കും.
നിലവിലുള്ള വായ്പാ സംവിധാനത്തെ എങ്ങനെ കാർഷിക കടാശ്വാസ കമീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്താം എന്ന കാര്യം ആലോചിക്കണമെന്ന നിർദേശവും ഉന്നയിച്ചതായി കൃഷിമന്ത്രി വി എസ‌് സുനിൽ കുമാർ പറഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിലെ 2018 ഓഗസ്റ്റ് 31 വരെയും, മറ്റു ജില്ലകളിൽ 2014 മാർച്ച് 31 വരെയുമുള്ള കാർഷികവായ്പകളാണ് ഇപ്പോൾ കമീഷൻ പരിഗണിക്കുന്നത്.
കൃഷിയിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച‌് ജീവിക്കുന്നവരുടെ കാർഷിക–-കാർഷികേതര വായ്പകൾക്കുള്ള മൊറട്ടോറിയം 2019 ഡിസംബർ 31 വരെ നീട്ടാനുള്ള എസ‌്എൽബിസിയുടെ തീരുമാനവും ചരിത്രപരമാണ‌്. റിസർവ് ബാങ്കിൽനിന്ന് ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിന‌് സർക്കാർ സഹായം വേണമെന്ന‌് മാത്രമാണ‌് ബാങ്ക‌് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടത‌്.
മൊറട്ടോറിയം നിലനിൽക്കുന്ന സാഹചര്യത്തിൽ, വില്ലേജ് ഓഫീസുകൾ വഴി കർഷകരുടെ വായ്പകൾക്ക് ജപ്തി നോട്ടീസ് അയക്കുന്നത് നിർത്തിവയ്ക്കുന്നതിനും തീരുമാനമായി. പ്രളയദുരിത മേഖലയിൽ 2018 ഒക്ടോബർ 12 മുതൽ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എല്ലാ ബാങ്കുകളും ഇത് പാലിച്ചില്ല. പല കർഷകർക്കും ജപ്തി നോട്ടീസ് നൽകിയിട്ടുണ്ട്. മൊറട്ടോറിയം നിലവിൽ വരുമ്പോൾ അത് ലഭിക്കുന്ന കർഷകർക്ക് നിലവിലുള്ള പലിശ സബ്സിഡിയും ലഭ്യമാകും.
ജപ്തി നോട്ടീസ് അയച്ച കർഷകരെ ബാങ്കുകൾ നേരിട്ട് കണ്ട് സാങ്കേതിക കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന നിർദേശവും കർഷകർക്ക് പുതിയ വായ്പകൾ അനുവദിക്കുന്നതിൽ തടസ്സമോ കാലതാമസമോ വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശവും അംഗീകരിച്ചു.
കർഷകരുടെ വായ്പകളിന്മേലുള്ള പലിശ നിരക്ക് ഒമ്പത‌് ശതമാനമായി നിജപ്പെടുത്തി. കർഷകർക്ക് അനുവദിക്കുന്ന എല്ലാ പുതിയ വായ്പകൾക്കുമുള്ള പലിശ നിരക്ക് ഒമ്പത‌് ശതമാനമായി നിജപ്പെടുത്തുമ്പോൾ ഒരു വർഷത്തേയ്ക്കുള്ള പലിശ സർക്കാർ വഹിക്കുമെന്ന‌് മുഖ്യമന്ത്രി അറിയിച്ചതോടെ പലിശ ഏകീകരണത്തിൽനിന്ന‌് പിന്നോട്ടുപോകാൻ ഒരു ബാങ്കിനും കഴിയാത്ത സ്ഥിതിയായി.
കർഷകരുടെ കാർഷികേതര വായ്പകൾ പുനർക്രമീകരിക്കുന്ന കാര്യത്തിൽ സഹകരണ ബാങ്കുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് നബാർഡിനോട് ആവശ്യപ്പെടും.
from Kerala || Deshabhimani Online News https://ift.tt/2TC0i3W
via IFTTT
No comments:
Post a Comment