വയനാട‌്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അവ്യക്തത തുടരുന്നതിനിടെ യുഡിഎഫിന്റെ കാത്തിരിപ്പ‌് അഞ്ചുനാൾ പിന്നിട്ടു. വയനാട‌് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ‌് പ്രചാരണം കൂടുതൽ തീവ്രമാക്കാൻ എൽഡിഎഫ‌് തീരുമാനിച്ചു. ഇതിനിടെ സ്ഥാനാർഥി നിർണയത്തിലെ തമ്മിൽത്തല്ലിൽനിന്ന‌് കരകയറാനായി രാഹുലിന്റെ പേര‌് മനഃപൂർവം വലിച്ചിഴച്ചതാണെന്ന വാദവും കോൺഗ്രസിലും മുസ്ലിംലീഗിലും ശക്തമായി.
രാഹുലിന്റെ സ്ഥാനാർഥിത്വത്തിൽ തീരുമാനം എടുക്കുന്നതിനുമുമ്പ‌് ഇവിടത്തെ നേതാക്കൾ പ്രഖ്യാപനം നടത്തിയത‌് ഹൈക്കമാൻഡിൽ സംശയം ജനിപ്പിച്ചിട്ടുണ്ട‌്. രാഹുലിനെ വയനാട്ടിൽ മത്സരിക്കാൻ ക്ഷണിച്ചെന്നതിന‌് പകരം സ്ഥാനാർഥിയെന്ന‌് ഉമ്മൻചാണ്ടിയും ചെന്നിത്തലയും തറപ്പിച്ച‌് പറയുകയായിരുന്നു. ധൃതിപിടിച്ച നീക്കമാണ‌് സംശയത്തോടെ വീക്ഷിക്കുന്നത‌്. ഇതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന‌് ചില മുതിർന്ന നേതാക്കൾതന്നെ നേതൃത്വത്തെ ധരിപ്പിച്ചതായാണ‌് വിവരം. ഗ്രൂപ്പ‌് അടിസ്ഥാനത്തിൽ സീറ്റ‌് പങ്കിട്ടതിലെ രാഷ‌്ട്രീയ പാപ്പരത്തം മറക്കാനാണ‌് ശ്രമമെന്നാണ‌് മുതിർന്ന നേതാക്കളുടെ നിഗമനം.
മേൽക്കൈ നിലനിർത്തി എൽഡിഎഫ‌്
യുഡിഎഫ‌് സ്ഥാനാർഥി രാഹുലാണോ മറ്റാരെങ്കിലുമാണോയെന്ന‌് നോക്കിയിരിക്കാതെ പ്രചാരണത്തിൽ ഇപ്പോഴത്തെ മേൽക്കൈ നിലനിർത്തി മുന്നോട്ടുപോകാനാണ‌് വയനാട്ടിൽ എൽഡിഎഫ‌് തീരുമാനം. സ‌്ക്വാഡുകളുടെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ‌് എൽഡിഎഫ‌്. ആയിരക്കണക്കിന‌് പ്രവർത്തകർ മൂന്ന‌് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വയനാട‌് മണ്ഡലത്തിൽ പ്രവർത്തനങ്ങളിൽ മുഴുകി. വടകരയിൽ ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിൽ അവിടെയും യുഡിഎഫ‌് പ്രവർത്തനം മന്ദഗതിയിലാണ‌്.
രാഹുൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ബുധനാഴ‌്ച തീർച്ചയായും തീരുമാനമുണ്ടാകുമെന്നാണ‌് ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയും പറഞ്ഞത‌്. തീരുമാനം വരാത്തതിനെ തുടർന്ന‌് നിരവധി കോൺഗ്രസ‌് നേതാക്കൾ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വ്യാഴാഴ‌്ച തീരുമാനം വരുമെന്നാണ‌് കോൺഗ്രസ‌് നേതാക്കളുടെ പ്രതീക്ഷ.
സിദ്ദിഖിന‌് വോട്ട‌് അഭ്യർഥിച്ച‌് വീണ്ടും ബോർഡ‌്
ടി സിദ്ദിഖിന‌് വോട്ടഭ്യർഥിച്ച‌് വയനാട‌് മണ്ഡലത്തിൽ വീണ്ടും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. അരീക്കോടും സമീപപ്രദേശങ്ങളിലാണ‌് ബോർഡുകൾ സ്ഥാപിച്ചത‌്.
സിദ്ദിഖിന്റെ അറിവോടെയാണിതെന്നാണ‌് സൂചന. മുമ്പ‌് വയനാട‌് മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥിയാണെന്ന‌് പറഞ്ഞ‌് സിദ്ദിഖ‌് പ്രചരണം തുടങ്ങി
യിരുന്നു. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്നുവെന്ന‌് പറഞ്ഞ‌് പ്രചാരണത്തിൽനിന്ന് പിന്മാറി. പ്രചാരണ ബോർഡുകളും മാറ്റി. രാഹുൽ മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന‌് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെയാണ‌് സിദ്ദിഖിന‌് വോട്ട‌് അഭ്യർഥിച്ച‌് വീണ്ടും ബോർഡുകൾ പ്രത്യക്ഷപ്പെട്ടത‌്.
തീരുമാനമെടുക്കാതെ രാഹുൽ
കേരളത്തിൽ നാമനിർദേശപത്രികാ സമർപ്പണത്തിന‌് വ്യാഴാഴ‌്ച തുടക്കമാകുമ്പോഴും വയനാട‌്, വടകര മണ്ഡലങ്ങളിലെ കോൺഗ്രസ‌് സ്ഥാനാർഥികൾ ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു. രണ്ട‌് മണ്ഡലത്തിലെയും സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ‌്ചയുണ്ടാകുമെന്ന‌് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ‌് ക്യാമ്പിൽ ആശയക്കുഴപ്പം തുടരുകയാണ‌്. അമേഠി കൂടാതെ ഏത‌് മണ്ഡലത്തിൽ മൽസരിക്കണമെന്നതിൽ രാഹുൽ ഗാന്ധിയാണ‌് തീരുമാനമെടുക്കേണ്ടത‌്. ബുധനാഴ‌്ച പകൽ രാഹുൽ ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും മത്സരകാര്യത്തിൽ മുതിർന്ന നേതാക്കളുമായി ആശയവിനിമയമുണ്ടായില്ല.
മൂന്ന‌് സംസ്ഥാനത്തും മൽസരിക്കാവുന്ന മണ്ഡലങ്ങളുടെ പട്ടിക രാഹുലിന‌് ലഭിച്ചിട്ടുണ്ട‌്. എന്നാൽ, ഏത‌് തെരഞ്ഞെടുക്കണമെന്നതിൽ ആശയക്കുഴപ്പത്തിലാണ‌് രാഹുൽ. അമേഠിയിൽ തോൽവി ഭയന്ന‌് ഒളിച്ചോടുകയാണെന്ന ബിജെപി പ്രചാരണവും തീരുമാനത്തിലെ അനിശ്ചിതത്വം നീളാൻ കാരണമാണ‌്. വയനാട‌് തെരഞ്ഞെടുത്താൽ ബിജെപി ദുർബലമായ മണ്ഡലം രാഹുൽ തെരഞ്ഞെടുത്തുവെന്ന വ്യാഖ്യാനമുണ്ടാകും. ലോക‌്സഭയിൽ എത്തുന്നതിന‌് മുസ്ലിംലീഗിന്റെയും മറ്റും സംരക്ഷണം തേടുകയാണ‌് രാഹുലെന്ന പ്രചാരണത്തിലേക്കും ബിജെപി തിരിയും. ഇത‌് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ സാധ്യതകൾക്ക‌് മങ്ങലേൽപ്പിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട‌്. തമിഴ‌്നാട്ടിലെ ഏതെങ്കിലും മണ്ഡലം തെരഞ്ഞെടുത്താലും സമാനമായ ആക്ഷേപമുയരും. കർണാടക പരിഗണനയിലുണ്ടെങ്കിലും ഇവിടെ ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുമെന്നതിനാൽ കാര്യമായ അധ്വാനം വേണ്ടിവരും.
from Kerala || Deshabhimani Online News https://ift.tt/2HVXY1B
via IFTTT
No comments:
Post a Comment