ന്യൂഡൽഹി
രാജ്യത്ത‌് പാർലമെന്ററി ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യം അട്ടിമറിക്കാനായി ഒരു വിഭാഗം നിലപാട‌് കടുപ്പിക്കുന്ന സാഹചര്യമാണുള്ളത‌്. ലോക‌്സഭയിലെ സിപിഐ എം കക്ഷി നേതാവും പാർടി കേന്ദ്ര കമ്മിറ്റി അംഗവുമായ പി കരുണാകരൻ രചിച്ച ‘ ഇൻ ഡിഫൻസ‌് ഓഫ‌് ഡെമോക്രസി ആൻഡ‌് സോഷ്യൽ ജസ്റ്റിസ‌്’ എന്ന പുസ‌്തകം പ്രകാശനംചെയ‌്ത‌് സംസാരിക്കുകയായിരുന്നു പിണറായി. പാർലമെന്റിലെ ദീർഘനാളത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തൽ മാത്രമല്ല പാർലമെന്റ‌് സാക്ഷ്യം വഹിച്ച വിവിധ സാഹചര്യങ്ങളുടെ വിലയിരുത്തൽ കൂടിയാകും പുസ‌്തകമെന്ന‌് പിണറായി പറഞ്ഞു.
കേരള ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ഓംചേരി എൻ എൻ പിള്ള പുസ്തകം ഏറ്റുവാങ്ങി. സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി അധ്യക്ഷനായി. പി കരുണാകരൻ പുസ്തകം പരിചയപ്പെടുത്തി. മുഹമ്മദ് സലിം എംപി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, പി കെ ശ്രീമതി എംപി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, കെ രാധാകൃഷ്ണൻ, എം സി ജോസഫൈൻ തുടങ്ങിയവർ സംബന്ധിച്ചു. 2004–-2019 കാലയളവിലെ പാർലമെന്ററി ജീവിതത്തിലെ അനുഭവങ്ങൾ അടിസ്ഥാനമാക്കിയാണ‌് പുസ്‌തകം. ചിന്ത പബ്ലിഷേഴ‌്സാണ‌് പ്രസാധകർ.
from Kerala || Deshabhimani Online News https://ift.tt/2C28bFI
via IFTTT
No comments:
Post a Comment