തിരുവനന്തപുരം
ക്ഷേമ സമൂഹത്തിനായി ഒത്തൊരുമിച്ച‌് പ്രയത്നിക്കാൻ യുവ ഗവേഷകരുടെ സമ്മേളനം ആഹ്വാനം ചെയ‌്തു. തുല്യതയും സാഹോദര്യവും സ്വാതന്ത്ര്യവും അന്വേഷണ തൽപരതയും ഉറപ്പാക്കുന്ന സമൂഹത്തിനായി കൈകോർക്കാൻ രണ്ടു ദിവസത്തെ യങ‌് സ്കോളേഴ്സ് കോൺഗ്രസ‌് അംഗീകരിച്ച പ്രഖ്യാപനം ആഹ്വാനം ചെയ‌്തു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ദേശീയ, സാമൂദായിക സൗഹൃദം ഉറപ്പാക്കാനുള്ള ദൃഢചിത്തതയും രാജ്യത്തെ ഗവേഷക, അക്കാദമിക് രംഗത്തെ പ്രഗത്ഭർ നേതൃത്വം നൽകിയ യുവഗവേഷക സമ്മേളനം ഉയർത്തിപ്പിടിച്ചു.
സർവകലാശാലാ യൂണിയനുകളും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളും എ കെ ജി പഠന ഗവേഷണ കേന്ദ്രവുമായി ചേർന്നാണ‌് രണ്ടു ദിവസത്തെ കോൺഗ്രസ‌് സംഘടിപ്പിച്ചത‌്. 1500 ഓളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ‘തിരുവനന്തപുരം പ്രഖ്യാപനം’ ഐകകണ‌്ഠ്യേന അംഗീകരിച്ചു. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയും യങ‌് സ്കോളേഴ്സ് കോൺഗ്രസ‌് സംഘാടക സമിതി മുഖ്യ രക്ഷാധികാരിയുമായ കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു.
നവകേരള നിർമാണത്തിന‌് ഗവേഷണ മേഖലയുടെ സാങ്കേതിക, ആശയ വിഭവങ്ങൾ ലഭ്യമാക്കുമെന്ന‌് പ്രഖ്യാപനം വ്യക്തമാക്കി. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണ അവസരവും മാന്യമായ സാമൂഹിക ജീവിതവും ലഭ്യമാക്കാൻ പ്രയത്നിക്കും. ലിംഗനീതിയും സാമുദായിക സൗഹാർദവും ഉറപ്പാക്കാൻ ഒന്നിക്കുമെന്നും പ്രതിനിധികൾ പ്രതിജ്ഞ എടുത്തു.
രണ്ടാം ദിവസമായ ഞായറാഴ‌്ച കായികം, ജന്ററും സാമൂഹ്യ നീതിയും, ശാസ്ത്രവും സമൂഹവും, നവകേരളം എന്നീ വിഷയങ്ങളിലാണ് പ്രബന്ധാവതരണങ്ങളും ചർച്ചയും നടന്നത‌്. കായികം പ്രമേയമായ സെഷൻ ഐ എം വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ഡോ. കെ പി മനോജ്, എം ആർ രഞ്ജിത്ത‌്, ജയരാജ‌് ഡേവിഡ‌്, ജി കിഷോർ, വിക്ടർ മഞ്ഞില, പി ടി ജോസഫ‌്, ചാക്കോ ജോസഫ‌് എന്നിവർ സംസാരിച്ചു.
ജന്ററും സാമൂഹ്യനീതിയും സെഷനിൽ ഡോ.മൃദുൽ ഈപ്പൻ അധ്യക്ഷയായി. പ്രൊഫ. ജയതി ഘോഷ്, ഡോ. പി സനൽ മോഹൻ, ഡോ. ടി കെ രാജലക്ഷ്മി, ശീതൾ ശ്യാം എന്നിവർ പങ്കെടുത്തു. ശാസ്ത്രവും സമൂഹവും എന്ന സെഷനിൽ ഡോ. എം സി ദത്തൻ അധ്യക്ഷനായി. സി പി നാരായണൻ, ഡോ. വി കെ ദാമോദരൻ, ഡോ. ജിജു പി അലക്സ്, ഡോ. എ പി കുട്ടികൃഷ‌്ണൻ, ഡോ. അജയകുമാർ വർമ, ഡോ. സി ഭാസ‌്കരൻ, ഡോ. രാജേന്ദ്ര ബാബു, ഡോ. ബിജു കുമാർ, ഡോ. എസ‌് പ്രദീപ‌്കുമാർ എന്നിവർ സംസാരിച്ചു. നവകേരളം സെഷനിൽ ധനമന്ത്രി ടി എം തോമസ് ഐസക്, ഡോ. എസ‌് വിജയൻ, ഡോ. ടി കെ നാരായണൻ, ഡോ. മീരാ വേലായുധൻ, പ്രൊഫ. ആർ രാംകുമാർ, ഡോ. ഡി നാരായണ, ഡോ. ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികളുമായും മന്ത്രി തോമസ‌് ഐസക‌് സംവദിച്ചു. പ്രതിനിധികളുടെ ചോദ്യങ്ങൾക്ക‌് മറുപടിയും നൽകി.സമാപന ചടങ്ങിൽ സംഘാടക സമിതി വർക്കിങ‌് ചെയർമാൻ ഡോ. വി ശിവദാസൻ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. പ്രൊഫ. ജയതി ഘോഷ് മുഖ്യപ്രഭാഷണം നടത്തി. ഡോ. വി ശിവദാസൻ യങ് സ്കോളേഴ്സ് കോൺഗ്രസ‌് പ്രഖ്യാപനം അവതരിപ്പിച്ചു. ഡോ. രാജൻ ഗുരുക്കൾ, ഡോ. ബി ഇക‌്ബാൽ, കെ സി ഹരികൃഷ‌്ണൻ, എ എ റഹീം, വി എ വിനീഷ്, ശ്യാമിലി ശശികുമാർ എന്നിവർ സംസാരിച്ചു. ആർ എസ് ശ്രീജിത്ത് സ്വാഗതവും ഷെഫീക്ക് വടക്കൻ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2HoRlFv
via IFTTT
No comments:
Post a Comment