തിരുവനന്തപുരം
സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുന്നവർക്ക് മറുപടിയായുള്ള വനിതാമതിൽ പുതിയകാലത്തിന്റെ പ്രതീക്ഷയാണെന്ന് യുവഗവേഷകരുടെ വിലയിരുത്തൽ. മലയാളിസമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച സ്ത്രീകൾ വിവേചനങ്ങളെ അതീജീവിക്കാനുള്ള പ്രചോദനമാണെന്നും യങ് സ്കോളേഴ്സ് കോൺഗ്രസ് സമാപനദിനത്തിലെ ‘ലിംഗപദവിയും സാമൂഹ്യനീതിയും’ സെഷനിൽ അഭിപ്രായമുയർന്നു. അയിത്തം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചാവിഷയമായി. മുഖ്യധാരാ മാധ്യമങ്ങളിലെയും സിനിമകളിലെയും സ്ത്രീശരീരത്തിന്റെ കച്ചവടവൽക്കരണവും ചർച്ച ചെയ്യപ്പെട്ടു. പ്രതിസന്ധികൾ അതിജീവിച്ച് നേട്ടങ്ങൾ കൊയ്ത വനിതകളുടെ വിജയകഥകളും അതിലേക്ക് നയിച്ച പോരാട്ടങ്ങളും പ്രബന്ധങ്ങൾ വരച്ചുകാട്ടി.
പരമ്പരാഗത സമ്പ്രദായങ്ങൾക്ക് വഴങ്ങി വീട്ടിനുള്ളിൽ സ്വയം തളച്ചിട്ടിരുന്ന മലയാളിസ്ത്രീകൾ പ്രളയാനന്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലേക്ക് കടന്നുവന്നു. സമൂഹം അതുവരെ അവഗണിച്ചുവന്ന ആർത്തവം ഉൾപ്പെടെയുള്ള സ്ത്രീപ്രശ്നങ്ങളുടെ തുറന്ന ചർച്ചയ്ക്കും പ്രളയം വേദിയൊരുക്കി. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് കെ ദേവയാനിയുടെ ‘ചോരയും കണ്ണീരും നിറഞ്ഞ വഴികൾ’ പോലുള്ള രചനകൾകൂടി ചേർത്തുവച്ചാൽ മാത്രമേ സമഗ്രമായ ചരിത്രപഠനം സാധ്യമാകൂ. ലൈംഗിക വിദ്യാഭ്യാസം സ്കൂൾതലംമുതൽ തുടങ്ങേണ്ടതിന്റെ ആവശ്യകതയും ഗവേഷകർ ചൂണ്ടിക്കാട്ടി. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ വിജയം കൊയ്ത സ്ത്രീ അനുഭവങ്ങൾ ചെറുക്ലാസുകൾ മുതൽ പാഠ്യവിഷയമാകണമെന്നും അവർ അഭിപ്രായപ്പെട്ടു.
ട്രാൻസ്ജെൻഡർ വിഷയത്തിലും ‘കേരള മാതൃക’
തിരുവനന്തപുരം
ട്രാൻജസ്ജെൻഡറുകളെ മുഖ്യധാരയിലെത്തിക്കാതെ ലിംഗസമത്വം സാധ്യമാകില്ലെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു യങ് സ്കോളേഴ്സ് കോൺഗ്രസിലെ ‘ലിംഗപദവിയും സാമൂഹ്യനീതിയും’ സെഷൻ. സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും അതിക്രമങ്ങളും ചെറുക്കുന്നതിനൊപ്പം ഭിന്നലിംഗക്കാർക്ക് സാമൂഹ്യനീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും സെഷനിൽ സജീവ ചർച്ചാവിഷയമായി.
ട്രാൻസ്ജെൻഡർ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ചചെയ്യുന്ന പത്തോളം പ്രബന്ധങ്ങളാണ് സെഷനിൽ അവതരിപ്പിച്ചത്. ട്രാൻസ്ജെൻഡർ പോളിസിയുള്ള ഏകസംസ്ഥാനം എന്ന നിലയിൽ കേരളം രാജ്യത്തിന് മാതൃകയാണ്. കൊച്ചി മെട്രോയിൽ ജോലി നൽകിയതുൾപ്പെടെ ട്രാൻസ്ജെൻഡറുകളെ മുഖ്യധാരയിൽ എത്തിക്കാൻ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികൾ ശ്ലാഘനീയമാണെന്നും അഭിപ്രായമുയർന്നു.
സ്ത്രീകളും ഭിന്നലിംഗക്കാരും കാലാകാലങ്ങളായി നേരിടുന്ന വിവേചനം ഇന്ത്യൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ പഠനവിധേയമാക്കണമെന്ന് പാനലിനെ നയിച്ച പ്ലാനിങ് ബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ പറഞ്ഞു. ജെൻഡർ ബജറ്റിലൂടെ വലിയ പരിധിവരെ അവസരസമത്വം സാധ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. തൊഴിലിടങ്ങളിലെ അവസരസമത്വത്തിനൊപ്പം ‘ഒരേ ജോലി, ഒരേ കൂലി’ ആശയവും ചർച്ച ചെയ്യപ്പെടണം. തൊഴിലിടങ്ങളിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കണം.
യുവഗവേഷകർ ഇന്ത്യൻ സാഹചര്യത്തെ ആസ്പദമാക്കി പഠനം നടത്തണമെന്ന് പാനൽ അംഗം ജയതി ഘോഷ് പറഞ്ഞു. ഡോ. സനൽ മോഹൻ, ഡോ. രാജലക്ഷ്മി, ശീതൾ ശ്യാം എന്നിവരും പാനലിസ്റ്റുകളായി.
from Kerala || Deshabhimani Online News https://ift.tt/2HCZNQQ
via IFTTT
No comments:
Post a Comment