കൊച്ചി
ഓൺലൈൻ സംവിധാനം തകരാറിലായതിനെ തുടർന്ന‌് ആധാർ സേവനങ്ങൾ പ്രതിസന്ധിയിൽ. ആധാറിൽ തിരുത്തലുകൾ വരുത്താനും ഇ ആധാർ ഡൗൺലോഡ‌് ചെയ്യാനുമാകാതെ ജനം ബുദ്ധിമുട്ടുന്നു. രണ്ടാഴ‌്ചയിലധികമായി ഇതാണ‌് സ്ഥിതിയെന്ന‌് അക്ഷയകേന്ദ്രം നടത്തിപ്പുകാർ പറഞ്ഞു. ചില സ്ഥലങ്ങളിൽ ഇതിന്റെ പേരിൽ നടത്തിപ്പുകാരും ജനങ്ങളും തമ്മിൽ തർക്കത്തിനും കാരണമായി.
യുണീക‌് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ‌് ഇന്ത്യയുടെ (യുഐഡിഎഐ) സെർവറിൽ ഉണ്ടായ തകരാറാണ‌് ആധാർ സേവനങ്ങൾ സ‌്തംഭിക്കാൻ കാരണം. ഇത‌് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഭൂരിഭാഗം അക്ഷയകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന ലിനക‌്സ‌് സോഫ‌്റ്റ‌്‌വെയറിലാണ‌് തകരാർ. പോസ‌്റ്റ‌് ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ആധാർ സംവിധാനം പ്രവർത്തിക്കുന്നത‌് വിൻഡോസ‌് സോഫ‌്റ്റ‌്‌വെയറിലാണ‌്. ഇത്തരം ചില കേന്ദ്രങ്ങളിൽ തകരാർ മാറിവരുന്നുണ്ട‌്. സുരക്ഷാ അപ‌്ഡേറ്റിന്റെ പേരിൽ ഇടയ‌്ക്കിടെ ഇത്തരം തകരാർ പതിവാണെന്നും എന്നാൽ ഇത്രയും നീണ്ടുനിൽക്കുന്നത‌് ആദ്യമാണെന്നും നടത്തിപ്പുകാർ പറഞ്ഞു.
ഒട്ടേറെ സർക്കാർ പദ്ധതികൾക്ക‌് അപേക്ഷിക്കാനുള്ള അവസരം സെർവർ തകരാർമൂലം മുടങ്ങി. അടുത്തിടെ, കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപേക്ഷപോലും പലർക്കും നൽകാനായില്ല. പാൻകാർഡ‌്, പാസ‌്പോർട്ട‌് തുടങ്ങിയവയ‌്ക്ക‌് അപേക്ഷിക്കാനും ജനനത്തീയതി രേഖപ്പെടുത്തിയ ആധാർ പകർപ്പ‌് വേണം. ഇതിനുവേണ്ടിയുള്ള തിരുത്തലുകൾ വരുത്താനും കഴിയുന്നില്ല.
from Kerala || Deshabhimani Online News https://ift.tt/2tTKZW3
via IFTTT
No comments:
Post a Comment