തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏൽപ്പിക്കാനുള്ള നീക്കത്തിൽ നിന്ന‌് പിന്മാറണമെന്നാവശ്യപ്പെട്ട‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കെഎസ്ഐഡിസി നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക കമ്പനിക്ക് നടത്തിപ്പുചുമതല നൽകാൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്.
വിമാനത്താവളം സ്വകാര്യകമ്പനിയെ ഏൽപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽനിന്ന് വലിയ എതിർപ്പ് ഉയരുകയാണ്. ആറ് വിമാനത്താവളങ്ങളുടെ ലേലത്തിലും ഒരേ സ്വകാര്യ ഏജൻസിതന്നെ ഒന്നാമതെത്തിയത് ജനങ്ങളുടെ എതിർപ്പ് വർധിക്കാൻ കാരണമായി. ഇതിനാൽ വിമാനത്താവള നടത്തിപ്പിലും വികസനത്തിലും സ്വകാര്യ ഏജൻസിക്ക് പിന്തുണ നൽകാൻ സംസ്ഥാനത്തിന‌് പ്രയാസമായിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിന് സംസ്ഥാനം 635 ഏക്കർ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമിക്കാൻ 23.57 ഏക്കർ സൗജന്യമായി കൈമാറാൻ 2005 ൽ തീരുമാനിച്ചത് ഉപാധിയോടെയായിരുന്നു. ഏതെങ്കിലും കാരണവശാൽ വിമാനത്താവളത്തെ ഒരു കമ്പനിയായി മാറ്റുകയോ പ്രത്യേക കമ്പനി രൂപീകരിക്കുകയോ ചെയ്യുകയാണെങ്കിൽ സൗജന്യമായി നൽകിയ ഭൂമിയുടെ വില സർക്കാരിന്റെ ഓഹരിയായി മാറ്റണമെന്നായിരുന്നു നിബന്ധന.
ഉറപ്പുകൾ ലംഘിച്ചു
സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്ന തീരുമാനം എടുക്കുന്ന ഘട്ടത്തിൽ സംസ്ഥാനവുമായി ആലോചിക്കുമെന്ന് 2003 ൽ സിവിൽ ഏവിയേഷൻ ഉറപ്പുനൽകിയിട്ടുണ്ട‌്. കേരളത്തിന് പങ്കാളിത്തമുള്ള പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കാമെന്നും ഉറപ്പിലുണ്ടായിരുന്നു. രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാപിക്കുന്നതിലും നടത്തുന്നതിലും സംസ്ഥാന സർക്കാരിന് നല്ല പരിചയമുള്ള കാര്യം നേരത്തെതന്നെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭൂമിയുടെ വില കേരളത്തിന്റെ ഓഹരിയായും എയർപോർട്സ് അതോറിറ്റിയുടെ മുതൽമുടക്ക് അവരുടെ ഓഹരിയായും മാറ്റി കമ്പനി രൂപീകരിക്കാമെന്ന നിർദേശമാണ് ഉന്നയിച്ചത‌്. എന്നാൽ, നിതി ആയോഗ് സിഇഒ ചെയർമാനായ കേന്ദ്ര സെക്രട്ടറിമാരുടെ കമ്മിറ്റി മുമ്പാകെ കേരളത്തിന്റെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള നിർദേശമാണ് കേന്ദ്രത്തിൽ നിന്നുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട‌് നിർദേശങ്ങൾ സമർപ്പിച്ചതുമാണ‌്.
ആറിടത്തും അദാനിഗ്രൂപ്പായതിൽ സംശയം
ടെൻഡർ രേഖയിൽ മുൻകാല പരിചയം എന്ന വ്യവസ്ഥ ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. പകരം പശ്ചാത്തല സൗകര്യവികസനത്തിൽ പരിചയമുണ്ടായാൽ മതി എന്നാക്കി. വിമാനത്താവള നടത്തിപ്പിൽ ഒരു പരിചയവുമില്ലാത്ത അദാനി ഗ്രൂപ്പ് ആറുവിമാനത്താവളങ്ങളുടെ ലേലത്തിലും മുമ്പിൽവന്നത‌് സംശയം ജനിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സിവിൽ ഏവിയേഷൻ മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2EmgexK
via IFTTT
No comments:
Post a Comment