തിരുവനന്തപുരം > ജിഎസ‌്ടി നടപ്പാക്കിയതിനുശേഷമുള്ള നികുതി ചോർച്ച തടയാൻ ശക്തമായ നടപടികളുമായി സംസ്ഥാന സർക്കാർ. നിർവഹണ കമ്പനിയായ ജിഎസ‌്ടിഎന്നിന്റെ സംവിധാനങ്ങൾ അപര്യാപ‌്തമാണെന്ന കേരളത്തിന്റെ ആക്ഷേപം ശരിയാണെന്ന‌് കേന്ദ്രസർക്കാരിനും ബോധ്യപ്പെട്ടു. ഇതേത്തുടർന്ന‌്, സംസ്ഥാനതാൽപ്പര്യം സംരക്ഷിക്കാനുള്ള നടപടികളിലേക്ക‌് നീങ്ങുകയാണ‌് കേരളം.
നടപ്പ‌് സാമ്പത്തികവർഷം ഏപ്രിൽമുതൽ ഇതുവരെ 20,000 കോടി രൂപയുടെ ചരക്ക‌് സേവന നികുതി വെട്ടിപ്പുണ്ടായതായാണ‌് കേന്ദ്ര പരോക്ഷ നികുതി–-കസ്റ്റംസ‌് ബോർഡ‌് അന്വേഷണവിഭാഗത്തിന്റെ അനുമാനം. 3000 മുതൽ 4000 കോടിവരെ കേരളത്തിന‌് നഷ്ടമുണ്ടാകും. ഉറപ്പായും ലഭിക്കേണ്ട നികുതിവരുമാനം പ്രതിമാസം 2077 കോടിയാണെന്ന‌് ജിഎസ‌്ടി കൗൺസിൽ വിലയിരുത്തിയിട്ടുണ്ട‌്. നിലവിൽ ശരാശരി 1700 കോടിയാണ‌് ലഭിക്കുന്നത‌്.
ജൂലൈമുതൽ ലഭ്യമാകുമെന്ന‌് കേന്ദ്ര സർക്കാർ പറയുന്ന ജിഎസ‌്ടി റിട്ടേണുകളിലൂടെ വാങ്ങൽ, വിൽക്കൽ വൗച്ചറുകളുടെ താരതമ്യവും സൂക്ഷ‌്മ പരിശോധനയും ആരംഭിക്കാം. അനധികൃത ഇൻപുട്ട‌് ക്രെഡിറ്റും വിറ്റുവരവ‌് കുറച്ചുകാണിക്കലുമൊക്കെ കണ്ടെത്താം. ഇതിലൂടെ നികുതി നഷ്ടത്തിലെ 3000 കോടി രൂപയെങ്കിലും തിരിച്ചുപിടിക്കാമെന്നാണ‌് പ്രതീക്ഷ.
വരുമാനം 30 ശതമാനം ഉയർത്തും
വരുംവർഷം ജിഎസ‌്ടി വരുമാനം 30 ശതമാനമെങ്കിലും ഉയർത്താനുള്ള നടപടികൾക്കാണ‌് സംസ്ഥാനം ഊന്നൽ നൽകുന്നതെന്ന‌് ധനമന്ത്രി തോമസ‌് ഐസക‌് പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച‌് 14 ശതമാനം നികുതിവളർച്ച ജിഎസ‌്ടി കൗൺസിൽ ഉറപ്പു നൽകിയിട്ടുണ്ട‌്. ഉറപ്പുലഭിച്ചതിനേക്കാൾ 13 ശതമാനം കുറവാണ‌് കേരളത്തിന്റെ വരുമാനം. കുറവ‌് നികത്തിയും 2019–-20ൽ 14ലെ ശതമാനം വർധന ഉറപ്പാക്കിയും നഷ്ടപരിഹാര പരിധിക്ക‌് മുകളിലെത്തുകയാണ‌് ലക്ഷ്യം.
6189 കോടി രൂപയുടെ ജിഎസ‌്ടി അധിക വരുമാനമാണ‌് അടുത്ത വർഷത്തെ പ്രതീക്ഷ. 27 ശതമാനം വർധന ഉറപ്പാക്കിയാൽ വാറ്റ‌് കുടിശ്ശിക പിരിവ‌് അധികവരുമാനമാകും. 3000 കോടി രൂപ വാറ്റ‌് കുടിശ്ശികയായി ശേഖരിക്കുന്നതിനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇത‌് യാർഥ്യമായാൽ സംസ്ഥാനത്തിന്റെ 1.68 ശതമാനം റവന്യുകമ്മി ഒരുശതമാനമായി താഴും.
ഏകോപിപ്പിക്കാൻ സമിതി
ജിഎസ‌്ടി ഭരണ സംവിധാനവും പ്രവർത്തനശൈലിയും പൊളിച്ചെഴുതാനാണ‌് തീരുമാനം. കേന്ദ്ര–-സംസ്ഥാന ചരക്കു സേവന നികുതി വകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ധനമന്ത്രി അധ്യക്ഷനായി സമിതി രൂപീകരിക്കും.ജൂലൈമുതൽ ലഭിക്കുന്ന വാർഷിക നികുതി റിട്ടേണുകളും ഡിസംബറിൽ ലഭിക്കുന്ന അനുബന്ധ രേഖകളും പരിശോധിക്കുന്നതിന‌് തീവ്രപരിശീലനത്തിലൂടെ ഉദ്യോഗസ്ഥരെ പ്രാപ‌്തരാക്കും. ഇതിന‌് സാങ്കേതിക സഹായമടക്കം ഉറപ്പാക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ പ്രൊഫഷണൽ കൺസൾട്ടന്റുമാരുണ്ടാകും.
ഇ–-വേ ബിൽ പരിശോധന തത്സമയം
കേരളത്തിലേക്കുള്ള ചരക്ക‌് വാഹനങ്ങളിലെ ഇ–-വേ ബിൽ പരിശോധന തത്സമയമാക്കും. പ്രധാന പ്രവേശന മാർഗങ്ങളിൽ ഓട്ടോമാറ്റിക‌് നമ്പർ പ്ലേറ്റ‌് റീഡിങ‌് ക്യാമറവഴി ചരക്കുവാഹനത്തിന്റെ രജിസ‌്ട്രേഷൻ നമ്പർ പ്ലേറ്റ‌് പരിശോധിച്ച‌് ഇ–-വേ ബിൽ ഉറപ്പുവരുത്തും.
from Kerala || Deshabhimani Online News https://ift.tt/2T5Aw8N
via IFTTT
No comments:
Post a Comment