കൊച്ചി > 48 കോടി രൂപ നഷ്ടത്തിൽനിന്ന‌് ഒരു കമ്പനിയെ ഒരു വർഷംകൊണ്ട‌് ഒരുകോടി രൂപ ലാഭത്തിലെത്തിക്കുക. തൊട്ടടുത്ത വർഷം ലാഭം ആറു കോടിയായി ഉയർത്തുക. ഉൽപ്പന്നങ്ങളുടെ ഓർഡർ രണ്ടു വർഷംകൊണ്ട‌് 56 കോടി രൂപയിൽനിന്ന‌് 256 കോടിയായി ഉയർത്തുക... മാനേജ‌്മെന്റിന‌് ഇച്ഛാശക്തിയും അതിന‌് കരുത്തുപകരാൻ വ്യവസായ സൗഹൃദനയവുമായി സർക്കാരുമുണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന‌് അനുഭവംകൊണ്ട‌് സാക്ഷ്യപ്പെടുത്തുകയാണ‌് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടെൽക‌് (ട്രാൻസ‌്ഫോർമേഴ‌്സ‌് ആൻഡ‌് ഇലക‌്ട്രിക്കൽസ‌് കേരള). ഓർഡറുകൾ സമയത്തിന‌് തീർത്തുനൽകാതെ ലക്ഷക്കണക്കിനു രൂപ കരാറുകാർക്ക‌് നൽകിക്കൊണ്ടിരുന്ന അവസ്ഥ ഇന്ന‌് ടെൽക്കിന‌് പഴങ്കഥയാണ‌്.
വിപണിക്കൊപ്പം മത്സരിക്കാൻ പ്രൊഫഷണൽ മികവില്ലെങ്കിൽ സ്ഥാപനംതന്നെ ഉണ്ടാകില്ലെന്ന തിരിച്ചറിവിലേക്ക‌് പതിവ‌് മട്ടുവിട്ട‌് തൊഴിലാളികളും എത്തിക്കഴിഞ്ഞു. കെട്ടിലും മട്ടിലും മാറിയ വ്യവസായ സ്ഥാപനമായി ടെൽക്കിനെ മാറ്റിയതിനു പിന്നിലുള്ളത‌് എൽഡിഎഫ‌് സർക്കാരിന്റെ വ്യവസായ സൗഹൃദ നയംതന്നെയെന്ന‌് ചെയർമാൻ അഡ്വ. എൻ സി മോഹനൻ പറയുന്നു.
ഉമ്മൻചാണ്ടി സർക്കാർ 2016ൽ പടിയിറങ്ങുമ്പോൾ ടെൽക്കിന്റെ ആകെ നഷ്ടം 48 കോടി രൂപയായിരുന്നു; 2014–-15ൽ 33 കോടി, 2015–-16ൽ 15 കോടി. 2016 മെയിൽ സർക്കാർ മാറി. പതുക്കെപ്പതുക്കെ നിലമാറി. ആദ്യ നഷ്ടം തുടർന്നെങ്കിലും 2016–-17ൽ ഒരുകോടി ആറു ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കി. 2017–-18 സാമ്പത്തികവർഷം ആറുകോടി രൂപയുടെ ലാഭമാണ‌് നേടിയത‌്. ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നതാകട്ടെ 18 കോടി രൂപയുടെ ലാഭവും. 186 കോടിയുടെ വിറ്റുവരവാണ‌് 2016–-17 സാമ്പത്തികവർഷം സ്ഥാപനത്തിന‌് നേടാനായത‌്.
അസംസ‌്കൃത വസ‌്തുക്കൾ സമയത്തിന‌് ലഭിക്കാതിരിക്കൽ, കിട്ടിയ ഓർഡറുകൾ സമയത്തിന‌് തീർത്ത‌് നൽകാതിരിക്കൽ, വിപണി പിടിക്കാനുള്ള മത്സരത്തിൽ താൽപ്പര്യക്കുറവ‌്, ഉദ്യോഗസ്ഥ ദുഷ‌്പ്രഭുത്വം തുടങ്ങിയ കാരണങ്ങൾ യുഡിഎഫ‌് സർക്കാരുകൾ ഭരിക്കുമ്പോൾ ടെൽക്കിനെ നഷ്ടത്തിലാക്കി. വി എസ‌് സർക്കാരിന്റെ കാലത്ത‌് 2008-–-09-ൽ 218 കോടിരൂപയുടെ വിറ്റുവരവുണ്ടായിരുന്നത‌് 2014–-15 -ആയപ്പോഴേക്ക‌് 132 കോടി രൂപയായി കുറഞ്ഞു. ഓർഡർ പൊസിഷൻ ഇന്ന‌് 256 കോടി രൂപയായി ഉയർന്നു. ഇത‌് ഈ വർഷം 300 കോടി രൂപയിൽ എത്തിക്കാനാണ് ശ്രമം.
എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധനമന്ത്രിയും വ്യവസായമന്ത്രിയും വൈദ്യുതിമന്ത്രിയും ഡയറക്ടർബോർഡ‌് അംഗങ്ങളും മാനേജ‌്മെന്റ‌്, തൊഴിലാളി യൂണിയൻ പ്രതിനിധികളും പങ്കെടുത്ത യോഗം വിളിച്ചു. അതിൽ സംസ്ഥാന വൈദ്യുതിവകുപ്പിന്റെ ട്രാൻസ‌്ഫോർമർ ഓർഡറുകളിൽ 35 ശതമാനം ടെൽക്കിന‌് നൽകാൻ ധാരണയായി. വിലയിൽ 15 ശതമാനം ഇളവ‌് നൽകാനും തീരുമാനിച്ചു. ഇത‌് ടെൽക്കിന‌് വലിയ സഹായമായി. തെലുങ്കാന, ആന്ധ്ര, രാജസ്ഥാൻ സർക്കാരുകളുടെ വൈദ്യുതിവകുപ്പുമായി ട്രാൻസ‌്ഫോർമർ ഓർഡറുകൾക്ക‌് ധാരണയുണ്ടാക്കാൻ സർക്കാർ മുൻകൈയെടുത്തത‌് ടെൽക്കിന‌് പുതുജീവൻ പകർന്നു.
കമ്പനി ഇപ്പോൾ ഈ മേഖലയിലെ ഇതര സ്വകാര്യകുത്തകകൾക്കൊപ്പം സാങ്കേതികതയിലും പ്രൊഫഷണൽ മികവിലും മത്സരിക്കുകയാണ‌്. ഇതിന്റെ ഭാഗമായി ടെൽക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന‌് 200 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ‌്. ഇതിനുള്ള വിശദമായ പദ്ധതിരേഖ അംഗീകാരത്തിനായി സമർപ്പിച്ചുകഴിഞ്ഞു. 1963ൽ ഹിറ്റാച്ചിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം സ്ഥാപിച്ച സാങ്കേതികവിദ്യയാണ‌് ഇപ്പോഴും ഉപയോഗിക്കുന്നത‌്. കാലാനുസൃതമായി സാങ്കേതികവിദ്യ ഉയർത്തേണ്ടതുണ്ട‌്. അതിനുള്ള നപടികൾ തുടരുന്നു. കമ്പനിയുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൗരോർജ സാധ്യത പരീക്ഷിക്കുന്നതിനുള്ള പ്രാരംഭ സർവേ പഠനങ്ങൾ നടന്നുവരികയാണ‌്. അതിന്റെ റിപ്പോർട്ട‌് മൂന്നുമാസത്തിനകം ലഭിക്കും. ഒക്ടോബറിൽ അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനായാൽ ലാഭം ഇനിയും ഉയർത്താനാകുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2HfyGLj
via IFTTT
No comments:
Post a Comment