തിരുവനന്തപുരം
ലോക‌്സഭാ സീറ്റ‌് കിട്ടില്ലെന്ന‌് കോൺഗ്രസും ഉറപ്പിച്ചുപറഞ്ഞതോടെ മാണിയുമായി പി ജെ ജോസഫ‌് വഴിപിരിയുന്നു. കെ എം മാണി രാഷ്ട്രീയ വഞ്ചനയാണ‌് കാട്ടിയതെന്നും ഇനി ഒരുമിച്ചുപോകാനാകില്ലെന്നും ബുധനാഴ‌്ച കോൺഗ്രസ‌് നേതാക്കളുമായുള്ള കൂടിക്കാഴ‌്ചയിൽ പി ജെ ജോസഫ‌് അറിയിച്ചു. പഴയ ജോസഫ‌് വിഭാഗം പുനരുജ്ജീവിപ്പിക്കാനാണ‌് തീരുമാനം. അതിന‌് കോൺഗ്രസിന്റെ അനുമതി തേടുകകൂടിയാണ‌് ജോസഫ‌് ചെയ‌്തത‌്. കേരള കോൺഗ്രസ‌് പിളർത്തിയാലും യുഡിഎഫ‌് വിടില്ലെന്നും കൂറുമാറ്റ കുരുക്ക‌് ഒഴിവാക്കാൻ കോൺഗ്രസ‌് നേതൃത്വം ഇടപെടണമെന്നും ജോസഫ‌് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി കന്റോൺമെന്റ‌് ഹൗസിലാണ‌് ജോസഫ‌് ചർച്ച നടത്തിയത‌്. ഉമ്മൻചാണ്ടി, രമേശ‌് ചെന്നിത്തല എന്നിവരുമായി വെവ്വേറെ കൂടിക്കാഴ‌്ച നടത്തിയശേഷമായിരുന്നു ഒരുമിച്ചുള്ള ചർച്ച.
മാനം വീണ്ടെടുക്കാൻ പിളർപ്പ‌്
മാണി ഗ്രൂപ്പിനെ പിളർത്തി യുഡിഎഫിൽ പ്രത്യേക കക്ഷിയാകുന്നതിന‌് കോൺഗ്രസ‌് പിന്തുണ അറിയിച്ചതായാണ‌് സൂചന. സീറ്റ‌് തർക്കത്തിൽ ഇടപെടാനുള്ള ബുദ്ധിമുട്ട‌് കോൺഗ്രസ‌് അറിയിച്ചു. കോൺഗ്രസിന്റെ സീറ്റ‌് ജോസഫിനായി വിട്ടുകൊടുക്കാനും കഴിയില്ലെന്ന‌് വ്യക്തമാക്കി. ഇതോടെയാണ‌് മാനം വീണ്ടെടുക്കാൻ പാർടി പിളർത്തുകയല്ലാതെ മറ്റു പോംവഴിയില്ലെന്ന‌് ജോസഫ‌് അറിയിച്ചത‌്.
കോട്ടയം സീറ്റ‌് കോൺഗ്രസ‌് ഏറ്റെടുത്ത‌് അവിടെ ഉമ്മൻചാണ്ടി മത്സരിക്കുക, ഇടുക്കിയിൽ തനിക്കും മാണിക്കും യോജിപ്പുള്ള ആളെ സ്ഥാനാർഥിയാക്കുക എന്നീ നിർദേശങ്ങൾ ജോസഫ‌് മുന്നോട്ടുവച്ചെങ്കിലും കോൺഗ്രസ‌് നേതാക്കളിൽനിന്ന‌് അനുകൂല പ്രതികരണമുണ്ടായില്ല. കോട്ടയം സീറ്റിന്റെയും സ്ഥാനാർഥിയുടെയും കാര്യത്തിൽ വിട്ടുവീഴ‌്ചയില്ലെന്ന‌് ഇതിനിടെ ജോസ‌് കെ മാണി കോട്ടയത്ത‌് വ്യക്തമാക്കിയതും അവർ ചൂണ്ടിക്കാട്ടി.
ഉടനെ പിളർപ്പുണ്ടായാൽ കൂറുമാറ്റ പ്രശ‌്നം ഉടലെടുക്കുമെന്നുള്ളതിനാൽ അതൊഴിവാക്കാനാണ‌് കോൺഗ്രസ‌് ഇടപെടൽ ജോസഫ‌് ആവശ്യപ്പെട്ടത‌്. മാണിയുമായി സംസാരിച്ച‌് തനിക്ക‌് നീതി ഉറപ്പാക്കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. കോട്ടയം സീറ്റിന്റെ കാര്യത്തിൽ കെ എം മാണി പുനഃപരിശോധനയ‌്ക്ക‌് തയ്യാറാകുമെന്ന‌് തോന്നുന്നില്ലെന്ന‌് കോൺഗ്രസ‌് നേതാക്കൾ വ്യക്തമാക്കി. കോട്ടയത്ത‌് യുഡിഎഫിന്റെ സ്ഥാനാർഥി പരാജയപ്പെട്ടാൽ തനിക്ക‌് ഉത്തരവാദിത്തമില്ലെന്ന‌് പി ജെ ജോസഫ‌് പറഞ്ഞു. എന്നാൽ, ചർച്ച കഴിഞ്ഞ‌് പുറത്തിറങ്ങിയ ജോസഫ‌് അക്കാര്യം നിഷേധിച്ചു. എല്ലാ സീറ്റിലും ജയിക്കുമെന്നാണ‌് പറഞ്ഞതെന്ന‌് മാധ്യമങ്ങളോട‌് പറഞ്ഞു. അട്ടിമറിയും വഞ്ചനയും സഹിച്ച‌് മുന്നോട്ടു പോകാനാകില്ലെന്നും തങ്ങൾക്ക‌് സംരക്ഷണം നൽകണമെന്നും കോൺഗ്രസ‌് നേതൃത്വത്തോട‌് ആവശ്യപ്പെട്ടതായി ജോസഫിനോടൊപ്പം ചർച്ചയിൽ പങ്കെടുത്ത മോൻസ‌് ജോസഫ‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TCQtDA
via IFTTT
No comments:
Post a Comment