തൊടുപുഴ> തൊടുപുഴയ‌്ക്ക‌് സമീപം കുമാരമംഗലത്ത‌് ഏഴു വയസുകാരന‌് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. തലയോട്ടിക്ക‌് ഗുരുതര പരിക്കേറ്റ‌് അബോധാവസ്ഥയിലായ ബാലനെ കോലഞ്ചേരി മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ അടിയന്തര ശസ‌്ത്രക്രിയക്ക‌് വിധേയനാക്കിയ ശേഷം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കുട്ടിയ‌്ക്ക‌് നിലവിൽ കാഴ‌്ചശക്തിയില്ലെന്നും ഡോക്ടർ അറിയിച്ചു.
രണ്ടാനച്ഛൻ ജ്യേഷ‌്ഠനെയും തന്നെയും മർദ്ദിച്ചെന്ന‌് മൂന്നര വയസുള്ള അനുജൻ ചൈൽഡ‌് വെൽഫെയർ കമ്മിറ്റിക്ക‌് മൊഴി നൽകി. ജ്യേഷ‌്ഠനെ വടി ഉപയോഗിച്ച‌് തലയിലും മുഖത്തും കണ്ണിനും അടിച്ച‌് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത‌് താനാണെന്നുമാണ‌് കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാനച്ഛനെതിരെ ജുവനൈൽ ജസ‌്റ്റിസ‌് ആക്ട‌് 75‐-ാം വകുപ്പു പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട‌് തൊടുപുഴ പൊലീസിന‌് റിപ്പോർട്ട‌് നൽകിയിട്ടുണ്ടെന്ന‌് ചൈൽഡ‌് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ‌് അഗസ‌്റ്റിൻ ‘ദേശാഭിമാനി’യോട‌് പറഞ്ഞു. രണ്ടാനച്ഛൻ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന‌് തൊടുപുഴ സിഐ അഭിലാഷ‌് ടോമി പറഞ്ഞു. കുട്ടിയുടെ തലയ‌്ക്ക‌് ഗുരുതര പരിക്കുണ്ട‌്. ആരോപണവിധേയനെതിരെ ശക്തമായ മൊഴി ലഭിക്കേണ്ടതുണ്ടെന്നും സിഐ പറഞ്ഞു.
തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയയായ യുവതിയുടെ മക്കളാണ‌് ക്രൂരമർദ്ദനത്തിന‌് വിധേയരായത‌്. യുവതിയെ തിരുവനന്തപുരത്താണ‌് വിവാഹം ചെയ‌്തിരുന്നത‌്. ഭർത്താവ‌് എഴുമാസം മുൻപ‌് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ തിരുവനന്തപുരം സ്വദേശി യുവതിയുമായി ബന്ധംസ്ഥാപിച്ച‌് തൊടുപുഴയ‌്ക്ക‌് സമീപം കുമാരമംഗലത്ത‌് വാടകയ‌്ക്ക‌് താമസിക്കുകയായിരുന്നു. ക്രൂരസ്വഭാവമാണ‌് ഇയാൾ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ‌് പുറത്തുവന്നിട്ടുള്ളത‌്. യുവതിയെയും ഇയാൾ മർദ്ദിക്കാറുള്ളതായി പറയുന്നു. എന്നാൽ, ഭയം മൂലം ഇവർ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.
രണ്ടാനച്ഛന്റെ സ്വഭാവം സംബന്ധിച്ച‌് കുട്ടി പഠിച്ചിരുന്ന എൽപി സ‌്കൂളിൽ പറഞ്ഞെന്ന‌് ആരോപിച്ചായിരുന്നുവത്രെ മർദ്ദനം. രക്ഷിതാക്കൾ തന്നെയാണ‌് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചത‌്. വീണ‌് പരിക്കേറ്റതെന്നായിരുന്നു ഡോക്ടറോട‌് പറഞ്ഞത‌്. എന്നാൽ, സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. ഗുരുതര പരിക്കായതിനാൽ മെഡിക്കൽ കോളേജ‌് ആശുപത്രിയിലെത്തിച്ചു. തുടർന്ന‌് പരിശോധനയിൽ കുട്ടിയെ എടുത്തെറിഞ്ഞതാകാമെന്ന സംശയം ഡോക്ടർ പ്രകടിപ്പിച്ചു. വിവരം എറണാകുളത്തെ ചൈൽഡ‌് ലൈൻ അധികൃതരെ ധരിപ്പിച്ചു. അവർ ഇടുക്കി സിഡബ്ല്യുസിക്ക‌് വിവരം കൈമാറി. വാടകവീട്ടിന‌് അയൽപക്കത്തെ വീട്ടിൽ കഴിഞ്ഞ ഇളയകുട്ടിയെ ചൈൽഡ‌് വെൽഫയർ കമ്മിറ്റി അധികൃതർ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധനയ‌്ക്ക‌് വിധേയനാക്കി. മൂന്നര വയസുകാരന്റെ താടിഭാഗത്തും പല്ലിനും പരിക്കുണ്ട‌്. ഈ കുട്ടിയെ വെള്ളിയാഴ‌്ച ഹാജരാക്കണമെന്ന നിബന്ധനയിൽ അമ്മൂമ്മയുടെ സംരക്ഷണയിൽ വിട്ടുനൽകി.
from Kerala || Deshabhimani Online News https://ift.tt/2HZ6XPF
via IFTTT
No comments:
Post a Comment