കൂടുതൽ സീറ്റിന‌് വേണ്ടിയുള്ള മുസ്ലീംലീഗിന്റെയും കേരള കോൺഗ്രസിന്റെയും അവകാശവാദം കോൺഗ്രസ് തള്ളി സ്വന്തം സ്ഥാനാർഥികളുമായി മുന്നോട്ടുപോകാൻ കോൺഗ്രസ‌്.
മാണി–-ജോസഫ‌് ചേരിപ്പോര‌് അവരുടെ ആഭ്യന്തര കാര്യമായി അവഗണിക്കാനാണ‌് നേതൃത്വത്തിലുണ്ടായ ധാരണ. മുസ്ലീംലീഗ‌് രണ്ട‌് സീറ്റിൽ ഒതുങ്ങിയിട്ടുണ്ട‌്. കോട്ടയം കേരള കോൺഗ്രസിന‌് മാറ്റിവച്ച‌് ബാക്കി 16 സീറ്റിൽ സ്ഥാനാർഥികളെ നിർണയിക്കാൻ കോൺഗ്രസ‌് തീരുമാനിച്ചുകഴിഞ്ഞു. കെപിസിസിയുടെ തെരഞ്ഞെടുപ്പ‌് സമിതി യോഗം തിങ്കളാഴ‌്ചയാണ‌്. വയനാട‌് ഒഴികെയുള്ള മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ഞായറാഴ‌്ചയോടെ കെപിസിസിക്ക‌് ലഭിക്കും.
വയനാട‌് മണ്ഡലത്തിലെ സ്ഥാനാർഥിയെ തങ്ങൾ നിശ‌്ചയിക്കുമെന്ന‌് ഹൈക്കമാൻഡ‌് അറിയിച്ചിട്ടുണ്ട‌്. സ്ഥാനാർഥിമോഹികളുടെ തള്ളിക്കയറ്റം ഏറ്റവും രൂക്ഷം ഇവിടെയാണ‌്. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും ഈ മണ്ഡലത്തിൽ കണ്ണുവച്ചിട്ടുണ്ട‌്. കോൺഗ്രസിന്റെ സിറ്റിങ‌് എംപിമാരെല്ലാം വീണ്ടും മൽസരിക്കുമെന്ന‌് ഉറപ്പായി. കഴിഞ്ഞ തവണ തോറ്റ സീറ്റുകളിലും വടകരയിലുമാണ‌് പുതുമുഖങ്ങളെ പരിഗണിക്കുന്നത‌്. കണ്ണൂർ ഉൾപ്പെടെ ചിലയിടങ്ങളിൽ കഴിഞ്ഞതവണ മൽസരിച്ചവർ തന്നെ രംഗത്തിറങ്ങും.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കെപിസിസി പ്രസിഡന്റുമാരായ എം എം ഹസൻ, വി എം സുധീരൻ എന്നിവരും സ്ഥാനാർഥികളാകുമെന്ന‌് അഭ്യൂഹമുണ്ട‌്. എന്നാൽ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാഡിനാണത്രേ.
മാണി–-ജോസഫ‌് തർക്കം തീർക്കാൻ മധ്യസ്ഥ ശ്രമവുമായി മുസ്ലീംലീഗ‌് നേതാവ‌് പി കെ കുഞ്ഞാലിക്കുട്ടി ഇപ്പോഴും സജീവമാണ‌്. എന്നാൽ ഇതുവരെ മഞ്ഞുരുകിയിട്ടില്ല.
പി ജെ ജോസഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം മാണിക്ക‌് മുമ്പിൽ കീറാമുട്ടിയായി തുടരുകയാണ‌്. ഞായറാഴ‌്ച കേരള കോൺഗ്രസ‌്–-കോൺഗ്രസ‌് ഉഭയകക്ഷി ചർച്ച നടക്കും.
ലീഗ‌് വഴങ്ങുന്നു
മലപ്പുറം
മൂന്നാം സീറ്റ‌് വേണമെന്ന ആവശ്യത്തിൽനിന്ന‌് പിൻമാറാൻ ലീഗിനുമേൽ പുതിയ സമ്മർദതന്ത്രവുമായി കോൺഗ്രസ‌്. കേരളത്തിനുപുറത്ത് ഒന്നിൽ കൂടുതൽ സീറ്റ‌് നൽകാൻ ഹൈക്കമാൻഡിനോട് കെപിസിസി ആവശ്യപ്പെടുമെന്നാണ‌് കോഴിക്കോട് ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ലീഗ‌് നേതൃത്വത്തിന‌് നൽകിയ ഉറപ്പ‌്. നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ പരിഗണന നൽകാനും ധാരണയായി. ആറിന് ചേരുന്ന മുസ്ലിംലീഗ‌് ഹൈപവർ കമ്മിറ്റിയിൽ ഈ ധാരണ അംഗീകരിപ്പിച്ച് തലയൂരാനാണ‌് നേതൃത്വത്തിന്റെ നീക്കം. വിജയിച്ചില്ലെങ്കില്‍മാത്രം കഴിഞ്ഞ തവണ എം പി വീരേന്ദ്രകുമാർ മത്സരിച്ച പാലക്കാട് സീറ്റ‌് പരിഗണിച്ചേക്കും.
രാജ്യസഭയിലേക്ക‌് ഒഴിവുവരുമ്പോൾ പരിഗണിക്കണമെന്ന ലീഗ‌് നേതൃത്വത്തിന്റെ ഒത്തുതീർപ്പ് നിർദേശത്തിൽ കോൺഗ്രസ‌് നേതൃത്വം പിടികൊടുത്തില്ല. അത്തരം ചർച്ചകൾപോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന‌് കോൺഗ്രസ‌് നേതൃത്വം വ്യക്തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2EHzbMQ
via IFTTT
No comments:
Post a Comment