കോട്ടയം/തൊടുപുഴ
കോട്ടയത്ത് യുഡിഎഫ‌് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ കെ എം മാണി പ്രഖ്യാപിച്ചതിനുപിന്നാലെ കേരള കോൺഗ്രസിലും കോൺഗ്രസിലും പ്രതിഷേധം കനത്തു. തോമസ‌് ചാഴിക്കാടനെ നിശ‌്ചയിച്ചത‌് അംഗീകരിക്കാനാവില്ലെന്ന‌് കോൺഗ്രസ‌് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തകർ ബഹളംവച്ചു.
ദുർബലനായ സ്ഥാനാർഥിയെ അംഗീകരിക്കാനാവില്ലെന്ന‌് തിരുവഞ്ചൂർ രാധാകൃഷ‌്ണൻ അടക്കമുള്ള നേതാക്കളോട‌് പറഞ്ഞു. ഏറ്റുമാനൂരിൽ ജയിക്കാൻ കഴിവില്ലാത്ത സ്ഥാനാർഥി എങ്ങനെ ലോക‌്സഭയിലേക്ക‌് ജയിക്കുമെന്നും പ്രവർത്തകർ ചോദിച്ചു. വി എൻ വാസവനെ നേരിടാൻ കരുത്തുള്ള സ്ഥാനാർഥിയല്ല തോമസ‌് ചാഴിക്കാടനെന്നും അഭിപ്രായമുയർന്നു. യുഡിഎഫ് നേതൃത്വം ഇടപെട്ട് അനുനയനീക്കം നടത്തുന്നുണ്ടെങ്കിലും ഫലം കാണുമെന്ന വിശ്വാസം ആർക്കുമില്ല.
ഇതിനിടെ പി ജെ ജൊസഫിന‌് സീറ്റ‌് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുകയാണ‌്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി റോജസ് സെബാസ്റ്റ്യന് പിന്നാലെ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി എം ജോര്‍ജും രാജിവച്ചു. റോജസിന്റെ ഭാര്യ ബീന റോജസ‌് അയ്യങ്കുന്ന‌് പഞ്ചായത്തംഗത്വം രാജിവെക്കുമെന്ന‌് അറിയിച്ചിട്ടുണ്ട‌്. യൂത്ത‌് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി സാബു വെള്ളിമൂലയും രാജിവെച്ചിട്ടുണ്ട‌്.
വേദനിപ്പിച്ചു: മോൻസ‌് ജോസഫ്
കെ എം മാണിയുടെ തീരുമാനം വേദനയുണ്ടാക്കുന്നതാണെന്ന‌് മുൻമന്ത്രി മോൻസ‌് ജോസഫ‌് പറഞ്ഞു. ‘പാർലമെന്ററി പാർടിയിലും സ‌്റ്റിയറിങ് കമ്മിറ്റിയിലും ഒരു സ്ഥാനാർഥിയുടെ പേരുമാത്രമാണ‌് വന്നത‌്. അത‌് ജോസഫിന്റേതാണ‌്. പിന്നെ കെ എം മാണിയുടെ വീട്ടിൽ പ്രവർത്തകരെത്തി അഭിപ്രായം പറഞ്ഞുവെന്നാണ‌് പറയുന്നത‌്. ഇങ്ങനെയൊരു യോഗം ആരും അറിഞ്ഞിട്ടില്ല. ഞങ്ങളാരും പോയിട്ടുമില്ല’–- മോൻസ‌് പറഞ്ഞു.
ചതി: ടി യു കുരുവിള
ജോസഫിനെ സ്ഥാനാർഥിയാക്കാത്തത് ചതിയാണെന്ന‌് മുൻമന്ത്രി ടി യു കുരുവിള. മാണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈഘട്ടത്തിൽ പാർടി നേതൃത്വം ഏറ്റെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. പാർടി കമ്മറ്റികളിൽ ജോസഫിനെ മാത്രമാണ് സ്ഥാനാർഥിയായി പരിഗണിച്ചതെന്നും കുരുവിള പറഞ്ഞു.
‘മാണി മകന്റെ തടങ്കലിൽ’
പാർടിയിൽ ഇപ്പോൾ നടക്കുന്നത് ഏകാധിപത്യ നടപടികളെന്നായിരുന്നു കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിഅംഗം വി സി ചാണ്ടിയുടെ പ്രതികരണം. തീരുമാനങ്ങളെടുക്കുന്നത് ജോസ് കെ മാണിയാണ്. മകന്റെ തടങ്കലിലാണ് മാണിയെന്നും ചാണ്ടി പറഞ്ഞു.
തീരുമാനം മാറ്റില്ല: ജോസ‌് കെ മാണി
തീരുമാനം മാറ്റുന്ന പ്രശ‌്നമില്ലെന്ന‌് വൈസ‌് ചെയർമാൻ ജോസ‌് കെ മാണി എംപി പറഞ്ഞു. ഇക്കാര്യത്തിൽ ബാഹ്യ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസഫിന‌് സീറ്റ‌് നൽകണമെന്ന‌് കോൺഗ്രസിന‌് നിർബന്ധമാണെങ്കിൽ ഇടുക്കി നൽകട്ടെയെന്ന‌് മാണി വിഭാഗം പറയുന്നു. ബുധനാഴ്ച കോൺഗ്രസ് നേതൃത്വവുമായി വിഷയം ചർച്ചചെയ്യുമെന്ന് പി ജെ ജോസഫ് അറിയിച്ചു. ഉമ്മൻചാണ്ടിയുടെ സമാധാനദൂതുമായി കെപിസിസി നിർവാഹക സമിതിയംഗവും ഇടുക്കി മുൻ ഡിസിസി പ്രസിഡന്റുമായ റോയ് കെ പൗലോസ് ജോസഫിനെ കാണാനെത്തി.
ജോസഫിനെ അനുനയിപ്പിക്കാനുള്ള മാർഗമാണ് കോൺഗ്രസ് തേടുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്ത് ഇടുക്കി സീറ്റ് ദാനംചെയ്യുമോ എന്നും ജോസഫ് ഉറ്റുനോക്കുന്നു. പിളർപ്പുണ്ടായാൽപോലും ജോസഫിനെകൂടെ നിർത്തുമെന്നാണ് ഉമ്മൻചാണ്ടിയുടെ വാക്ക‌്. ഇതിൽ മാണി പ്രകോപിതനാണ‌്. ഇതിനിടെ, തോമസ‌് ചാഴിക്കാടൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി.
വേണുഗോപാൽ സുരക്ഷിത മണ്ഡലം തേടുന്നുവെന്ന‌് മുല്ലപ്പള്ളി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
കോൺഗ്രസ‌് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം മുറുകുന്നതിനിടെ കെ സി വേണുഗോപാൽ സുരക്ഷിത മണ്ഡലം തേടുന്നുവെന്ന കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശം വിവാദമായി. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, കെ സി വേണുഗോപാൽ എന്നിവർ മൽസരിക്കണമോ വേണ്ടയോ എന്നതിൽ കുരുങ്ങിയിരിക്കുകയാണ‌് കോൺഗ്രസ‌് സ്ഥാനാർഥിനിർണയം.
ഇതുസംബന്ധിച്ച‌് തീരുമാനം എഐസിസി രാഹുൽ ഗാന്ധിക്ക‌് വിട്ടിരിക്കുകയാണ‌്. അതിനിടെയാണ‌് കെ സി വേണുഗോപാൽ ആലപ്പുഴയിൽനിന്ന‌് വയനാടിലേക്ക‌് മാറാനുള്ള സാധ്യതയിലേക്ക‌് മുല്ലപ്പള്ളി വിരൽചൂണ്ടിയത‌്. ‘വേണുഗോപാൽ ആലപ്പുഴയിൽ മൽസരിക്കാനില്ലെന്ന‌് മാത്രമാണ‌് പറഞ്ഞത‌്. ഒരിടത്തും മൽസരിക്കില്ലെന്ന‌് അതിനർഥമില്ല’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ. ആലപ്പുഴയിൽ മൽസരം കടുക്കുമെന്ന‌് ഉറപ്പായതിനാൽ സുരക്ഷിതമായ വയനാടിലേക്ക‌് മാറാൻ വേണുഗോപാൽ കരുക്കൾ നീക്കുന്നൂവെന്ന‌് കോൺഗ്രസിനുള്ളിൽ പ്രചാരണം ശക്തമാണ‌്. ഇത‌് ശരിവയ‌്ക്കുന്നതാണ‌് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തൽ.
താൻ പറഞ്ഞതിനെ വളച്ചൊടിച്ചെന്നായി പിന്നീട‌് മുല്ലപ്പള്ളി. വേണുഗോപാലിന‌് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ‌് ആലപ്പുഴയെന്നും അദ്ദേഹം പാർലമെന്റിൽ എത്തണമെന്നത‌് എല്ലാവരുടെയും ആഗ്രഹമെന്നും മുല്ലപ്പള്ളി തിരുത്തി. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ കോൺഗ്രസ‌് നേതൃത്വം കടുത്ത നീരസം അറിയിച്ചതായാണ‌് വിവരം. വേണുഗോപാൽ മുല്ലപ്പള്ളിയെ ടെലിഫോണിൽ വിളിച്ച‌് പ്രതിഷേധം അറിയിച്ചു. തുടർന്നാണ‌് തിരുത്തിയത‌്.
ഉമ്മൻചാണ്ടിയെ ഇടുക്കിയിലും മുല്ലപ്പള്ളിയെ വടകരയിലും സ്ഥാനാർഥിയാക്കാനാണ‌് നിർദേശം. എന്നാൽ, ഇരുവരും വിസമ്മതം അറിയിച്ചതിനാലാണ‌് തീരുമാനം രാഹുൽ ഗാന്ധിക്ക‌് വിട്ടത‌്. അഞ്ച് സീറ്റിൽ മാത്രമാണ‌് ഇതുവരെ സ്ഥാനാർഥികളായത‌്. തിരുവനന്തപുരം, കോഴിക്കോട‌്, മാവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിച്ചു. വയനാട‌് ഉൾപ്പെടെയുള്ള സീറ്റുകളിൽ മത്സരാർഥികളുടെ വൻ നിരയാണുള്ളത‌്.
എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ സിറ്റിങ‌് എംപിമാരായ കെ വി തോമസ‌്, ആന്റോ ആന്റണി എന്നിവരും വെല്ലുവിളി നേരിടുകയാണ‌്. ഇക്കാര്യത്തിലും അന്തിമതീരുമാനം രാഹുലിന്റേതാണ‌്. 13, 14 തീയതികളിൽ രാഹുൽ കേരളത്തിലാണ‌്.
ഇതിനിടയിലെ ഇടവേളകളിൽ സ്ഥാനാർഥിച്ചർച്ച നടക്കാനാണ‌് സാധ്യത. 15ന‌് പകൽ 11ന‌് സ‌്ക്രീനിങ‌് കമ്മിറ്റി ഡൽഹിയിൽ ചേരും. അവിടെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ വീണ്ടും ചർച്ച നീളും.
from Kerala || Deshabhimani Online News https://ift.tt/2J7OpPh
via IFTTT
No comments:
Post a Comment